ഓലപ്പീലിവിരലുകൾ ; കഥ

Sep 15, 2024 - 15:39
 0  40
ഓലപ്പീലിവിരലുകൾ ; കഥ



പെരുങ്കടവിള വിൻസൻ്റ്


       
     പെരുമയുള്ള ആശുപത്രിയിലെ പേരുകേട്ട സർജൻ്റെ മുറിക്ക് പുറത്ത്, ശാന്തൻ എന്ന അറുപതുകാരൻ,  രോഗികൾക്കായി നിരത്തിയിട്ടിരിക്കുന്ന ഇരുമ്പു് കസേരകളിലൊന്നിൽ ഇരുന്നു.  വിശാലമായ ആ ഹാളിൽ എസി പ്രവർത്തിച്ചിരുന്നു. എങ്കിലും ശാന്തൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഹാളിൽ വേറെയും ധാരാളം പേർ ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു. മരണത്തിൻ്റെ കവാടത്തിലൂടെ അപ്പുറം കടന്നുപോകാൻ പേരു വിളിക്കുന്നതും കാത്തിരിക്കുന്നവരാണോ അവർ എന്നു തോന്നിപ്പോകും ഓരോരുത്തരുടേയും ഇരുപ്പും, മുഖഭാവവും കണ്ടാൽ. ഹാളിലെ ചുവരിൽ ഒരു ടി വി ഉണ്ടായിരുന്നു. അതിൽ ആർക്കുവേണ്ടിയെന്നറിയാതെ അവതാരകൻ വാർത്ത വിളമ്പിക്കൊണ്ടിരുന്നു.
         ഹാളിൻ്റെ മൂലയിൽ ഒരു ചെറിയ ടീ സ്റ്റാൾ ഉണ്ട്. അവിടെ ചായ ചുരത്താൻ മുട്ടി നില്കുന്ന യന്ത്രവും, ചിക്കൺ റോൾ അടുക്കി വച്ച ട്രേയും രോഗികളെ മാടി വിളിക്കുന്നുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും  ചിക്കൻറോൾ ചവച്ച്, ചൂട് ചായ കുടിക്കാം. ആശുപത്രിയുടെ സെറ്റപ്പ് കണ്ട് താനിരിക്കുന്നത് ഒരു ആധുനിക മൾട്ടി സിനിമാ തിയ്യേറ്റർ സമുഞ്ചയത്തിലാണെന്നും, താൻ ഇടവേളയിൽ പുറത്തിറങ്ങിയതാണെന്നും നിമിഷ നേരത്തേയ്ക്ക് ശാന്തന് മതിഭ്രമം ഉണ്ടായി. എന്നാൽ അടുത്ത നിമിഷം ചുവരിലെ വലിയ അക്ഷരത്തിലെ ഓങ്കോളജി എന്ന ബോഡും, വലത് ഭാഗത്തേക്ക് ചൂണ്ടുന്ന അമ്പ് അടയാളവും ശാന്തനെ അശാന്തിയുടെ ഗർത്തത്തിൽ തള്ളിയിട്ടു. 
   ശാന്തന് ദാഹിച്ചു; എന്നാൽ കുടിക്കാൻ തോന്നിയില്ല. ശാന്തന് വിശന്നു; എന്നാൽ ഒന്നും കഴിക്കാൻ തോന്നിയില്ല. ശാന്തന് മൂത്രശങ്കയുണ്ടായി; എന്നാൽ ഇരുന്നിടത്തു നിന്ന് അനങ്ങിയില്ല. 
'ഇങ്ങനെയുണ്ടോ ഒരു നിഷ്ക്രിയത്വം ? ' ശാന്തൻ ശാന്തനോട് തന്നെ ചോദിച്ചു; എന്നാൽ മറുപടിയേതുമില്ല.
തൻ്റെ ജീവിതം ഇനി അല്പമെങ്കിലും മുമ്പോട്ട് ചലിക്കണമെങ്കിൽ,  കോളനോസ്കോപ്പ് എന്ന യന്ത്രത്തിൻ്റെ പരുക്കൻ യന്ത്രക്കൈ വൻകുടലിൽ അലഞ്ഞ് തിരിഞ്ഞ് , മലത്തോടൊപ്പം ചോര പോകുന്നതിൻ്റെ കാരണം കണ്ടുപിടിയ്ക്കണം.
     വെള്ള യൂണിഫോമിട്ട മാലാഖ ഡോക്ടറുടെ മുറിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട്  ചോദിച്ചു.
' ആരാ ശാന്തൻ ? ' 
ശാന്തൻ ആസനത്തിൽ നിന്നും ഉയർന്നു.
'വരൂ '
ശാന്തൻ അവർക്ക് പിന്നിൽ, അറവുകാരൻ്റെ പിന്നിലെ ആടിനെപ്പോലെ അനുസരണയോടും ചങ്കിടിപ്പോടും നടന്നു.
കോളനോസ്ക്കോപ്പി റൂമിലെ ഡോക്ടർ കല്പിച്ചു: 
'ഇരിക്കു. '
ശാന്തൻ കസേരയുടെ ഒരറ്റത്ത് ഇരുന്നു.
' ടെൻഷനുണ്ടോ?' ഡോക്ടർ തിരക്കി.
'ഇല്ല' ശാന്തൻ കള്ളം പറഞ്ഞു.
'സിമ്പിളാ . ബലം പ്രയോഗിക്കാതിരുന്നാൽമതി.' 
'ശരി' ശാന്തൻ പറഞ്ഞു.
നേഴ്സ് അടുത്തു തന്നെ നില്പുണ്ടായിരുന്നു.
പ്രത്യേകം സജ്ജീകരിച്ച ഒരു മുറി ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ പറഞ്ഞു:
 ' അവിടെ മാറാനുള്ള തുണി വച്ചിട്ടുണ്ട്. അത് ഇട്ടിട്ട് ബഡിൽ കിടന്നോളൂ. ഡോക്ടർ വരും'
ഡോക്ടറും നഴ്സും കൂടി ശാന്തനെ വശം ചെരിച്ചു കിടത്തി. കോളനോസ്ക്കോപ്പി യന്ത്രത്തിൻ്റെ കഠിന്യമുള്ള തണ്ട് വൻകുടലിലേക്ക് കയറി. കിടപ്പിൽ കമ്പ്യൂട്ടറിൻ്റെ മുഖം ശാന്തന് കാണാമായിരുന്നു. ശാന്തൻ സ്വന്തം വൻ കുടലിൻ്റെ  അകവശം കൗതുകത്തോടെ സ്ക്രീനിൽ കണ്ടു. അടൽ ടണലിലൂടെ താൻ സഞ്ചരിക്കയാണോ എന്ന് ശാന്തന് തോന്നിപ്പോയി.
'നന്നായി. ജോലിയലിരിക്കെ, രജിസ്ട്രേഷൻ വകുപ്പിലായിരുന്നതിനാൽ സർക്കാർ വച്ചു നീട്ടിയ ലീവോടുകൂടിയ ടൂറിന് പോലും പോകാൻ കഴിഞ്ഞിരുന്നില്ല. കൊങ്കൺ  തുരങ്ക പാത വഴി ഒരു യാത്ര അയാളുടെ ഒരു സ്വപ്നമായിരുന്നു. അതുപോലും നടന്നില്ല. ആ ഒരു കുറവു് കോളനോസ് സ്ക്കോപ്പിക്കാഴ്ചയിലൂടെ പരിഹരിക്കപെട്ടതായി  അയാൾ ആശ്വസിച്ചു. ആ തുരങ്കയാത്രയുടെ ആനന്ദത്തിൽ ശാന്തൻ ഊറിച്ചിരിച്ചു. പിന്നെ അത് വലിയൊരു പൊട്ടിച്ചിരിയായി വളർന്നു. ചിരിയുടെ ആഘാതത്തിൽ ശരീരം ശക്തിയായി ഉലഞ്ഞു.  ഡോക്ടർ തിരിഞ്ഞു നോക്കി. ശാന്തൻ ഒരു സസ്പെൻസ് ത്രില്ലർ കാണുമ്പോലെ  മോണിറ്ററിൽ സ്വന്തം  വൻകുടൽകാഴ്ച കാണുന്നത് കണ്ട് ഡോക്ടർ മോണിറ്റർ തിരിച്ച് വച്ച് കാഴ്ചയെ അടച്ചു കളഞ്ഞു.
      
പരിശോധന കഴിഞ്ഞ് ഡോക്ടറും ശാന്തനും മേശക്കിരുവശവും മുഖാമുഖം ഇരുന്നു. ഡോക്ടർ കാലുകൾ വിറപ്പിച്ചു കൊണ്ട്, തൻ്റെ  കണ്ണടയിലൂടെ ശാന്തനു നേരെ കാകദൃഷ്ടി പായിച്ചു. പിന്നെ പേന പിടിച്ച വലതു കൈ കൊണ്ട് സ്വന്തം  താടി ഉഴിഞ്ഞു കൊണ്ട് എന്തോ ചിന്തിച്ചിരുന്നു.
ക്ലോക്കിൻ്റേത് പോലെ ഒരു ടിക്-ടിക് ശബ്ദം ശാന്തൻ കേൾക്കുന്നുണ്ടായിരുന്നു.  ചുവരിലേക്ക് നോക്കിയ ശാന്തൻ ചമ്മി ; കാരണം അവിടെ ക്ലോക്ക് ഉണ്ടായിരുന്നില്ല. കേട്ട ടിക് ടിക് ശബ്ദം സ്വന്തം ഹൃദയതാളമാണെന്ന തിരിച്ചറിവിൽ ശാന്തൻ പിന്നെയും ചമ്മി.
ഒടുവിൽ ഡോക്ടർ മൗനം വെടിഞ്ഞു.
'റക്ടത്തിൽ അല്പം കുഴപ്പം കാണുന്നുണ്ട്. '
ശാന്തൻ്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി. 
'പേടിക്കാനൊന്നുമില്ല. ചെറിയൊരു സർജറി വേണം. '
' കാൻസറാണോ ഡോക്ടർ?'  
ശാന്തൻ്റെ കണ്ണുകൾ കൂടുതൽ തള്ളി.
'യേയ് ആകണമെന്നില്ല.  സ്പെസിമെൻ എടുത്തിട്ടുണ്ട്. അതിൻ്റെ പരിശോധനാഫലം വരട്ടെ. നമുക്ക് നോക്കാം. ഒരു ഗ്രോത്ത് കാണുന്നുണ്ട്. അത് സാധാരണ ഗ്രോത്തുമാകാം. രണ്ടായാലും, സർജറി വേണം. ഏതായാലും റിസൽട്ട് കൂടി വരുട്ടെ.'
     ജീവിതത്തിൽ താൻ മുടക്കം വരുത്താതെ ചെയ്ത വ്യായാമങ്ങളും, ആചരിച്ച ഭക്ഷണ നിഷ്ഠയും, അവലംബിച്ച പ്രതിരോധ മാർഗ്ഗങ്ങളും എല്ലാം തന്നെ കൈവിട്ടല്ലോ ദൈവമേ എന്ന് ഉള്ളിൽ തേങ്ങിക്കൊണ്ട് , നിരവധി കുറിമാനങ്ങളുടെ ഭാരവുമായി ശാന്തൻ വീട്ടിൽച്ചെന്ന് സർജറിക്ക് തയ്യാറായി.
      പരിശോധനാഫലം പ്രതീക്ഷിച്ചതു തന്നെ. റക്റ്റം  കാൻസർ. കാൻസറിനെ ചിരിച്ച് തോല്പിച്ച ഇന്നസൻ്റിൻ്റെ പുസ്തകം വായിച്ചും, സമാന കാര്യങ്ങൾ നെറ്റിൽ തപ്പിയും ശാന്തൻ അറിവു വർധിപ്പിച്ചു.
   വലിയ കോംപ്ളിക്കേഷൻസ് ഒന്നുമില്ലാതെ സർജറി കഴിഞ്ഞു. എന്നാൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ശാന്തൻ കൊടിയ നിരാശയിലേക്ക് വീണു പോയി. 
'എപ്പോഴും സന്തോഷത്തോടെയിരിക്കണം. നിരാശ പാടില്ല. ഇതൊക്കെ സർവ്വസാധാരണമാണ് ' എന്നിങ്ങനെ 
ഡോക്ടർ പറഞ്ഞതൊന്നും ശാന്തൻ്റെ ചെവിയിൽ കയറിയില്ല.
   ഒരിക്കൽ ഈ രോഗം  ബാധിച്ചാൽ  വീണ്ടും വീണ്ടും വരുമെന്നും, തൻ്റെ ജീവിതം ഈ രോഗത്താൽ തീരുമെന്നും ചിന്തിച്ച് ചിന്തിച്ചു് ശാന്തൻ വ്യാകുലപ്പെട്ടു. സമയത്തിന് ഭക്ഷണം കഴിക്കാതെയും, കുളിക്കാതെയും വസ്ത്രം മാറാതെയും ശാന്തൻ നിരാശയുടെ ആഴങ്ങളിൽ ഒളിച്ചു. ആരെന്തു പറഞ്ഞാലും തനിക്കിനിയൊരു രണ്ടാം ജന്മം ഇല്ലെന്നയാൾ ഉറപ്പിച്ചു.
പുരികങ്ങൾ പോലും നരച്ച്,   പ്രതീക്ഷകൾ കലങ്ങിമറിഞ്ഞ് ചുവന്ന കണ്ണുകളുമായി ശാന്തൻ മുറ്റത്തെ കൂമ്പടപ്പൻ ബാധിച്ച വാഴയുടെ മഞ്ഞ കുത്തു വീണ,  ചത്ത വാഴയിലകൾ നോക്കിയിരുന്നു. 
കുടിക്കാൻ കൊണ്ടുവച്ച ചായയിൽ ഈച്ച വീണു. അടച്ചുവച്ച മോരുംവെള്ളത്തിൽ പുളി കയറി. തിളപ്പിച്ചാറ്റിയ വെള്ളം നിറച്ച കുപ്പി തുറക്കപ്പെടാതെ ടീപ്പോയിൽ വിശ്രമിച്ചു. ദേഷ്യപ്പെടാനോ, പരിഭവിക്കാനോ നില്ക്കാതെ ഭാര്യ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു. നരച്ച രോമങ്ങൾ നിരതെറ്റി വളർന്ന് പടർന്ന മുഖം കൃഷിയിറക്കാതെ കാടുപിടിച്ച വയൽപോലെ അനാഥമായി കിടന്നു.
'ഒരിടത്ത് തന്നെ ഇങ്ങനെ ചടഞ്ഞിരിക്കാതെ പറമ്പിലൂടെയെങ്കിലുമൊന്നു നടക്ക് മനുഷ്യാ. ഇതെന്തൊരു ജന്മം? ലോകത്താർക്കും അസുഖം വരാത്ത പോലെ  .  ജനിച്ചാൽ ഒരിക്കൽ മരിക്കണം. അതിനിത്ര ചിന്തിച്ചു കൂട്ടാനെന്തിരിക്കുന്നു. നമ്മളു ചെയ്യാനുള്ളത് ചെയ്യുക. പോകുമ്പം പോട്ടേന്ന്. അല്ല പിന്നെ '
പൊതുവേ മിണ്ടാട്ടമില്ലാത്ത ഭാര്യ ഒരു നാൾ വാ തുറന്നു.
അവൾ +2 തോറ്റതാണെങ്കിലും നാക്ക് എം എ പാസായിട്ടുണ്ട്.
  ഇനിയും അവളുടെ എല്ലില്ലാ നാവിൻ്റെ ഭദ്രകാളിയാട്ടം കാണണ്ടാ എന്ന് കരുതി അന്ന് ഗോദൂളിസമയം, അതായത് ത്രിസന്ധ്യയ്ക്ക് ശാന്തൻ പുരയിടത്തിലേക്കൊരു സവാരിക്കിറങ്ങി.
 നനയില്ലാത്ത വാഴകൾ കരിഞ്ഞുണങ്ങിയ വാഴക്കൈകൾ കൊണ്ട്  മാറത്തടിച്ച് കരഞ്ഞു. മൺവെട്ടി പതിയാത്ത വാഴത്തടങ്ങൾ കാട്ടു പുല്ലുകൾ കൈയ്യടക്കിയിട്ടുണ്ട്. കരിയിലകളിൽ പഴുതാരകൾ ഇഴഞ്ഞു. ചിതലുകൾ
വരി വെച്ചു. കീടങ്ങൾ പറന്നു പുളച്ചു. ഓന്തുകൾ നെടുകെയും, കുറുകയും ചാടി. ഒരു കീരി ശാന്തൻ്റെ കാലിനെ വലം വച്ച് പൊന്തക്കാട്ടിലെ പാമ്പിൻ്റെ പുറകേ പോയി.
 സർജനെ കാണാൻ പോകുന്നതിന് മുമ്പ് എന്നും നനയുള്ള പുരയിടമായിരുന്നു. തെങ്ങും , വാഴയും തഴച്ച് വളർന്ന് പച്ചവിരിച്ചിരുന്നു.  അനാഥമായ തൻ്റെ പുരയിടം നിരാശയോടെ നോക്കി നടന്ന ശാന്തനെ പുല്ലു മൂടിക്കിടന്ന ഒരു പഴയ തെങ്ങിൻ കുഴിയിയിൽ നിന്നാരോ ഓലപ്പീലിക്കൈ നീട്ടി വിളിച്ചപോലെ....! ശാന്തൻ വിളി കേട്ട് ആ തെങ്ങിൻ കുഴിക്കരികിൽ ഇരുന്നു. ശക്തിയോടെ വളർന്നു വരുന്ന ചെന്തെങ്ങിനെ ശാന്തൻ അത്ഭുതത്തോടെയും, അതീവ കൗതുകത്തോടെയും നോക്കി. വെള്ളായണി കാർഷിക കോളേജിൽ നിന്ന് വാങ്ങി കുഴിയെടുത്ത് നട്ട്, വളമിട്ട് നന്നായി പരിപാലിച്ചു പോന്ന ഒരു തെങ്ങ് ഇവിടുണ്ടായിരുന്നു. എന്നാൽ തെങ്ങിനെ ബാധിക്കുന്ന വണ്ട് മണ്ട തുരന്നതിനാൽ അതിൻ്റെ കൂമ്പ് അടഞ്ഞു പോയിരുന്നു. കേവലം നാല് കുഞ്ഞ് ഓലകളുമായി മണ്ടയില്ലാതെ നിന്ന ആ തെങ്ങിൻ തൈ പിഴുത് കളഞ്ഞ് മറ്റൊന്നു വയ്ക്കണമെന്നൊക്കെ കരുതിയിരിക്കുമ്പോഴായിരുന്നല്ലോ ആശുപത്രിയിൽ പോകേണ്ടി വന്നത്. പിന്നെ പുരയിടത്തിലേക്കൊന്നും ഇറങ്ങാനും കഴിഞ്ഞില്ല.
ഇപ്പോൾ ഇതാ, മണ്ട പോയ ആ ഇളം തെങ്ങിൻ്റെ അടിയിലെ തേങ്ങയിൽ നിന്നാകാം, മറ്റൊരു മുകുളം പൊട്ടി വന്നിരിക്കുന്നു. പഴയ തെങ്ങിൻ്റെ ഇലകളെ ഒരു വശത്തേക്ക് ഞെരിച്ചമർത്തി പുതുമുകുളം ശക്തിയോടെ ഓല വിടർത്തി വളർന്നു വരുന്നു.
ശാന്തൻ പുനർജീവനം നേടിയ പുതു തെങ്ങിൻ്റെ ഓലക്കൈ പിടിച്ച് ഓലപ്പീലി വിരലുകളിൽ മുത്തമിട്ടു. പ്രകൃതി പകർന്നു നല്കിയ അതിജീവനത്തിൻ്റെ അമൂല്യപാഠം പഠിച്ച ശാന്തൻ്റെ കണ്ണുകളിൽ നിന്നും തെങ്ങിൻ ചുവട്ടിലേക്ക് മിഴിനീർ വീഴവെ, ആനന്ദക്കണ്ണീർ പോലെ ആകാശത്തുനിന്നും മഴത്തുള്ളികൾ വന്ന് പറമ്പിലെ കരിയിലകളിൽ താളം കൊട്ടി. ശാന്തൻ്റെ സിരകളിൽ മഴയുടെ ആരവവും , ഞരമ്പുകളിൽ ജീവൻ്റെ -പുതുനാമ്പുകളും ഉണർന്നു. ജീവിതത്തിൻ്റെ താളം കണ്ടെത്തിയ ശാന്തൻ മഴയിലേക്കിറങ്ങി ആനന്ദനൃത്തം ചെയ്തു.