ഹോം ക്വാറന്റീന്‍: കവിത; ടോബി തലയല്‍, മസ്‌കറ്റ്

ഹോം ക്വാറന്റീന്‍: കവിത; ടോബി തലയല്‍, മസ്‌കറ്റ്

നസ്സകലം പാലിക്കുന്നവര്‍ക്കെന്ത്‌
കൈയ്യകലം?
കട്ടിലിന്റെ ചതുരവടിവില്‍
തടവിലായ രാത്രികള്‍
മതിലുപോലെ കനത്തു
കഴിഞ്ഞല്ലോ,
അണഞ്ഞ കനലും
ചൂടാറിയ ചാരവും
അരയ്‌ക്ക്‌ നടുവില്‍
വെറും അടയാളങ്ങളായി
കറുത്ത്‌ പോയല്ലോ,
ഇനിയെന്ത്‌ മെയ്യകലം?

വാടിയ മുല്ലപ്പൂക്കള്‍ക്കിപ്പോള്‍
വാസനിക്കുന്ന കഥകളില്ല
അഴിച്ചുവിട്ട ചുണ്ടുകളില്ല
ഒന്നായെരിഞ്ഞ സിരകളില്ല
ഒന്നിച്ച്‌ തുഴഞ്ഞ ആഴങ്ങളില്ല
കീഴടക്കിയ തിരകളില്ല

പ്രണയം കുറുകിയ പ്രാവുകളില്ല
ചിറകുകള്‍ കോര്‍ത്ത്‌ പറന്ന ഉയരങ്ങളില്ല
ഇനിയുമെന്ത്‌ നെഞ്ചകലം?

മൊബൈല്‍ സ്‌ക്രീനി ല്‍
ഈയാംപാറ്റകളാകുന്ന
രതിയും
ക്രീഡയും
മൂര്‌ച്ഛയും
ശാപവും മുക്തിയും മോക്ഷവും;
ഇനി നമുക്കെന്ത്‌ തൃഷ്‌ണകള്‍?

മക്കള്‍ മുറിയകലം എന്നേ പാലിക്കുന്നു
മനസ്സുകള്‍ അടഞ്ഞ
തുരുത്തുകളില്‍
അവര്‍ എന്നേ ഒറ്റപ്പെട്ടുപോയി
ചിരി മറന്നു
കളി മറന്നു
മണ്ണെന്തെന്നും മരമെന്തെന്നും
അവര്‍ എന്നേ മറന്നു
തണല്‍ വിരിക്കുന്ന
അച്ഛന്റെ കരുതലും
തണുപ്പായ്‌ തലോടുന്ന
മാതൃവാത്സല്യവും
എന്നേ അകന്നു;
അവരുടെ മുഖത്തു കോറിയിട്ടിരിക്കുന്നത്‌
വ്യാകരണമില്ലാത്ത നോവിന്റെ ഭാഷ
ഉള്ളില്‍ കണ്ണുകൊണ്ടളക്കാനാവാത്ത
വിള്ളലുകള്‍.

ഒരുകൂരക്കുകീഴില്‍
കൊറോണയ്‌ക്കും
കൈയ്യെത്താത്ത
അകലത്തിലാണ്‌ നാം,
ഹോം ക്വാറന്റീനില്‍!

 

ടോബി തലയല്‍, മസ്‌കറ്റ്