തിരഞ്ഞെടുപ്പിന് മുമ്ബ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യേണ്ട അത്യാവശ്യം എന്തായിരുന്നു, ഇഡിയോട് വിശദീകരണം തേടി കോടതി

തിരഞ്ഞെടുപ്പിന് മുമ്ബ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യേണ്ട അത്യാവശ്യം എന്തായിരുന്നു, ഇഡിയോട് വിശദീകരണം തേടി കോടതി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ വിശദീകരണം തേടി സുപ്രീംകോടതി.

തിരഞ്ഞെടുപ്പിന് മുമ്ബ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു.

അറസ്റ്റ് വിഷയത്തില്‍ മേയ് മൂന്നിന് വിശദീകരണം നല്‍കണമെന്ന് ഇഡിക്ക് കോടതി നിര്‍ദേശവും നല്‍കി. അറസ്റ്റിനെതിരെ കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

കേജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുമ്ബോഴാണ് നിര്‍ണായകമായ ചോദ്യവുമായി സുപ്രീംകോടതി രംഗത്ത് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്ന് കേജരിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ പറഞ്ഞിരുന്നു. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികള്‍ ബിജെപി അനുകൂലികളാണെന്നുമാണ് കേജ്‌രിവാളിന്റെ വാദം.

ഡല്‍ഹി മദ്യനയക്കേസില്‍ അഴിമതിയും സാമ്ബത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആണ് അഴിമതിയുടെ കേന്ദ്രബിന്ദുവെന്നുമാണ് ഇ.ഡി വാദിക്കുന്നത്. മദ്യനയം വഴി ലഭിച്ച പണം ഗോവയില്‍ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നതാണ് പ്രധാന ആരോപണം.

അതേസമയം, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ, ഇ ഡി എടുത്ത കേസുകളില്‍ ആണ് സിസോദിയ ജാമ്യം തേടിയത്.

സിസോദിയയ്ക്കും കേജ്രിവാളിനുമടക്കം മദ്യനയ അഴിമതിക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം.