ഒ പനീര്‍ശെല്‍വത്തിന്റെ ചിഹ്നം ചക്ക

ഒ പനീര്‍ശെല്‍വത്തിന്റെ ചിഹ്നം ചക്ക

ചെന്നൈ: മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുൻ നേതാവുമായ ഒ പനീർശെല്‍വത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത് ചക്ക.

തമിഴ്നാട് രമാനാഥപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കുകയാണ് പനീർശെല്‍വം. ചക്ക, ബക്കറ്റ്, മുത്തിരി എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളിലൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒ പനീർശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ചിഹ്നമായി ചക്ക അനുവദിക്കുകയായിരുന്നു.

ബക്കറ്റ് ചിഹ്നത്തിന് പ്രഥമ പരിഗണന വേണമെന്നായിരുന്നു പനീർശെല്‍വത്തിന്റെ ആവശ്യം. എന്നാല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയും ബക്കറ്റ് ചിഹ്നം ആവശ്യപ്പെട്ടതോടെ മുൻഗണനാ ക്രമത്തില്‍ ആ സ്ഥാനാർത്ഥിക്ക് അനുവദിക്കുകയായിരുന്നു. ഇതോടെ ഒരു മണിക്കൂറോളം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസില്‍ കാത്തിരുന്ന പനീർശെല്‍വത്തിന് ഒടുവില്‍ ചക്ക ചിഹ്നം അനുവദിക്കുകയായിരുന്നു. രാമനാഥപുരത്തുനിന്ന് ഒ പനീർശെല്‍വം എന്ന പേരില്‍ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

ഒറ്റ സീറ്റില്‍ മാത്രം മത്സരിക്കുന്നതിനാല്‍ എംഡിഎംകെയ്ക്ക് (മറുമലർച്ചി ദ്രാവിഡ മുന്നേത്ര കഴകം) പമ്ബരം ചിഹ്നം നഷ്ടമായി. പകരം തീപ്പെട്ടി ചിഹ്നമാണ് നല്‍കിയത്. പമ്ബരം ചിഹ്നം നഷ്ടമായതോടെ തീപ്പെട്ടി, സിലിൻഡർ എന്നിവയിലേതെങ്കിലുമൊന്ന് അനുവദിക്കണമെന്ന് എംഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

വിസികെ (വിടുതലൈ ചിരുതൈഗള്‍ കച്ചി)യ്ക്ക് വീണ്ടും കുടം ചിഹ്നം അനുവദിച്ചു. തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മീഷൻ കുടം ചിഹ്നം അനുവദിക്കാത്തതിനെ തുടർന്ന് വിസികെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് പിന്നീട് കുടം ചിഹ്നം നല്‍കിയത്.