കഥകൾ, ജീവിതത്തിന്റെ കണ്ണാടികൾ: സപ്ന അനു ബി ജോർജ്‌

Aug 18, 2024 - 19:42
 0  32
കഥകൾ, ജീവിതത്തിന്റെ കണ്ണാടികൾ: സപ്ന അനു  ബി ജോർജ്‌
 
 
മ്മളോരോരുത്തർക്കും ഇഷ്ടമാണ് കഥകൾ,സ്വയം ഒരുവരി കഥയെങ്കിലും എഴുതാത്തവരില്ല എന്നുതും തീർച്ചയാണ്! പക്ഷേ, എന്താണ് കഥ, എന്തുകൊണ്ടാണ് കഥകൾ എഴുതപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സുഹൃത്തുക്കളോട് “നിനക്കൊരു കഥ കേള്‍ക്കണോ”എന്ന് ചോദിച്ചിരിക്കാം നമ്മൾ ഒരൊരുത്തരും! അതേസമയം, പണ്ടുപണ്ടൊരു രാജാവ് ഉണ്ടായിരുന്നു എന്നായിരിക്കില്ല നമ്മൾ കൂട്ടുകാരിയോട് പറഞ്ഞു തുടങ്ങുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ പൊള്ളുന്ന സത്യം ഒളിഞ്ഞിരിക്കുന്ന അല്ലെങ്കിൽ, സ്വയം ഏറ്റുപറച്ചിലിന്റെ സ്വഭാവം ഉള്ള ഒരു കഥയായിരിക്കും അത്!.അതുകൊണ്ട് ആ അനുഭവത്തിന്റെ കഥാരൂപം നമ്മെത്തന്നെ അംബരപ്പിച്ചേക്കാം! ചെറുപ്പം മുതലേ അമ്മയും,അഛനും,അദ്ധ്യാപകരും  ഒരു  മുഖവുരയോടെ തുടങ്ങുന്ന കഥകൾ,നമ്മുടെ മനസ്സുകളിൽ എന്തോ ഗൗരവമുള്ള ഒന്നാണെന്ന് പണ്ടെ ആരോ ധരിപ്പിച്ചു വെച്ചിട്ടുണ്ട്. കൂടെ നമ്മുടെ നാട്ടുഭാഷയുടെ ഭാഗമായി ഇന്നും ഒരാൾ മരിച്ചാൽ ‘അയാളുടെ കഥ കഴിഞ്ഞു’ എന്നാണ് വിവരം അറിയിക്കുന്നത്. അതിനര്‍ഥവും ഏതാണ്ടിതുതന്നെയല്ലെ?ജീവിതത്തിലെ സംഭവത്തിന്റെയോ,അനുഭത്തിന്റെയോ,ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് കഥ  എന്നും കൂടി പറയാതെ വയ്യ.
 
കൂട്ടുകൂടലിന്റെ അതിപ്രസരം പോലെ കൂട്ടു കാരികളിൽ ചിലർ കഥകൾ ജീവിത്തോട് ചേർത്തുവെച്ചു മെനെഞ്ഞെടുത്തു. അവർക്കൊക്കെ കഥകളെക്കുറിച്ച് പറയാനും പറഞ്ഞു തരാനും എന്തെങ്കിലും ഒക്കെക്കാണും എന്ന് എനിക്കുറപ്പായിരുന്നു! ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് രാജലേക്ഷ്മിയും,സൂനജയും,സാനി മേരി ജോണും,പുഷ്പകലയും,രേണു ശ്രീവസ്സനും, കുഞ്ചൂസും, റോസിലിയും അവരുടേതയാ  കഥകളോടുള്ള കാഴ്ചപ്പാടുകൾ  വിസ്തരിച്ചു. ചോദ്യങ്ങൾ എന്റെയായിരുന്നെങ്കിലും കഥകളുടെ വ്യഖ്യാനങ്ങൾ അവരുടെതു മാത്രമായിരുന്നു..........
 
കഥകൾ എഴുതാനുള്ള പ്രചോദനം ?
മനസ്സിൽ നീന്നു വരുന്ന പല ത്രെഡിൽനിന്നായിരിക്കും,കഥയുടെ തുടക്കം,യാത്രയിൽനീന്ന്,വഴിയിൽ നിന്ന്  ഓഫ്ഫീസിൽ നിന്ന്,എവിടുന്നും ആകാം! എന്നാൽ കൂടെ  ആദ്യം തോന്നിയ പൊയിൻസ് എല്ലാം എഴുതിവെക്കുന്നു.ഉടനെ തന്നെയെഴുതണം കഥ എന്നീല്ല,വീണ്ടും എപ്പോഴെങ്കിലും അതിനെ വിലുലീകരിച്ച്, വീണ്ടും വീണ്ടും തെറ്റുകളും,തിരുത്തലുകളും ചെയ്തതിനു ശേഷം ആണ് ഒരു കഥ ജനിക്കുന്നത് എന്നാണ് കുഞ്ചൂസ്സിന്റെ വിശകലനം. എഴുതണം എന്ന സ്വയം തോന്നലിൽ നിന്നാവണം കഥകൾ ഉൽഭവിക്കേണ്ടത് എന്നുപറയുന്ന രാജലക്ഷ്മിക്ക്  കഥയെഴുത്ത് തന്റെ മേഘലയല്ല എന്ന് തീരുമാനിച്ചുറപ്പിച്ച ഒരാളാണ്! ഇന്ന സംഭവത്തെ കഥയാക്കണം എന്ന് തീരുമാനിച്ചാൽ മാത്രമെ അവ കഥകളാകുകയുള്ളു.വൈദക്തിക അനുഭവങ്ങളെ കഥകൾക്കുള്ള ഇന്ധനമാണെന്ന് വിശ്വസിക്കുന്നു,കൂടെ തന്റെതായ ശൈലി,ഭാഷ എന്നിവയും ചേർന്നു വരുന്നതാവണം കഥ. എല്ലാ കഥാകൃത്തുക്കൾക്കും ഇങ്ങനെതന്നെയാവണം! അനുഭവങ്ങളുമായി ഒരു ബന്ധവും കഥാരൂപത്തിനുണ്ടാവില്ലെങ്കിൽ പോലും,സ്വന്തം അനുഭവങ്ങൾ കഥയുടെ ശക്തമായ ഏടുതന്നെയാണേന്ന്  രാജലക്ഷ്മി  വിശ്വസിക്കുന്നു.എന്നാൽ പുഷ്പകലക്ക്  തന്റെ ജീവിതം തന്നെയാണ് കഥകൾക്ക് അസ്പദം.പിന്നെ നമ്മുടെ ചുറ്റുപാടുകൾ,വായനയുടെ,ഭാവനയുടെ ഒരു ഭാഗം കൂടെയാണ് കഥകൾ. രേണുവിന് തന്റെ എഴുത്തുകൾ എവിടെയൊക്കെയോ ചിതറിക്കിടക്കുകയാണ്,കൂടെ എഴുതിയതെല്ലാം  കഥകൾ ആണോ എന്ന്  സ്വയം വിശ്വസിക്കുന്നുമില്ല! എഴുതിയേതീരു എന്നൊരുചിന്തയില്ല എങ്കിൽക്കൂടി,  യാത്രകളിലൂടെ കാണുന്ന ചിത്രങ്ങൾ,മനസ്സിന്റെ വിങ്ങനുകളായി കിടക്കുന്ന ചിന്തകളെ ,പ്രതിഫലിപ്പിക്കാനുള്ള വേദി എന്നിവയൊക്കെയായിരുന്നു രേണുവിന്റെ കഥയെഴുത്തിന്റെ  തുടക്കം. റോസിലിക്ക് മനസ്സിൽ ഉണ്ടാകുന്ന ചിന്തകളുടെ‘സ്പാർക്ക്’,വാക്ക്,വിഷയം,മനസ്സിൽ കിടക്കുന്ന ഒരു കാഴ്ച,എല്ലാം തന്നെ പ്രചോദനങ്ങളാക്കിമാറ്റാൻ  ശ്രമിക്കാറുണ്ട്. ഈ  സ്പാർക്കുകൾ ഒരോന്നും,മനസ്സിൽ തിങ്ങിനിറഞ്ഞിട്ട് ഉറക്കം പോലും നഷ്ടമാകുന്ന ഒരു  സമയത്ത്, അതെല്ലാം കഥക്കുള്ള വിഷയമാണെന്ന് മനസ്സിലാക്കിയിട്ട്, വാക്കുകളൂടെ നീർച്ചാലിലൂടെ കഥകളാക്കിത്തീർക്കൂന്നു. കഥകഴുതാനുള്ള പ്രചോദനം, സുനജക്ക്, ഒരു വാർത്തയൊ,റ്റിവിയിൽ കണ്ട ഒരു പടം,അങ്ങെനെയുള്ള കനലുകൾ മനസ്സിൽ  കിടക്കുന്നു.അത് വളരെ നാളത്തെ ഉരുത്തിരിയലിനു ശേഷമേ കഥാരൂപം ആകാറുള്ളു.കവിതകൾ എഴുതിത്തുടങ്ങിയ സാനി,കഥകളിലേക്ക് ഒരു റ്റീച്ചറിന്റെ അഭിപ്രായത്തോടെയാണ് തിരിഞ്ഞത്. ഒന്നും എഴുതാതെ,സ്വയം എഴുത്തിന് ഒരു വലിയ ഫുൾസ്റ്റോപ്പിട്ട ഒരു സമയവും ഉണ്ടായിരുന്നു.6 വർഷം മുൻപാണ് വീണ്ടും കഥകൾ എഴുതിത്തുടങ്ങിയത്! കഥകൾ മാസികൾക്കും മറ്റും അയച്ചുകൊടുത്തു,ഒന്ന് രണ്ടെണ്ണം സ്വീകരിക്കപ്പെട്ടു, അങ്ങനെ പൂർണ്ണമായി കഥകളിലേക്ക്  തിരിയുകയായിരുന്നു
 
 2.എല്ലാവർക്കും സാധിക്കില്ലേ കഥ എഴുതാൻ ?
 
ഇന്ന് സ്വപ്നം കാണാത്തവരാരും ഇല്ല, ജീവിതത്തിന്റെ അനുഭവങ്ങൾ ഇല്ലാത്തവരും ആരുമില്ലയെന്ന് തീർത്തു പറയാം.എന്നാൽ  അതൊന്നും ആലോചിച്ച്  ചിന്തിച്ച് കഥാരുപത്തിലേക്ക് എത്തിക്കാൻ  എല്ലാവരും ശ്രമിക്കില്ല എന്നാണ്  പുഷ്പകലയുടെ അഭിപ്രായം. സാനിയുടെ കാഴ്ചപ്പാടിൽ,എല്ലാവരുടെ മനസ്സിലും കഥയുണ്ട് ,ചുറ്റുപാടുകളിലുള്ളതും അനുഭവങ്ങളും എല്ലാം തന്നെയുണ്ട്. എന്നാൽ, അതെല്ലാം  എഴുതി പ്രതിഫലിപ്പിക്കാൻ സാധിക്കണം എന്നില്ല. കൂടെ ഞാൻ എഴുതുന്ന കഥ വായിക്കുന്ന ആളിന്റെ മനസ്സിന്റെ പ്രതിഫലനം എങ്ങനെയായിരിക്കണം എന്നതിൽക്കൂടെ ആശ്രയിച്ചിരുക്കും ഓരോകഥയുടെയും ജീവൻ! അതിനാൽ  എല്ലാവർക്കും കഥയെഴുതാൻ  കഴിയണം എന്നില്ല. എങ്കിലും ഭാഷാപരിചയം ഉള്ള എല്ലാവർക്കും തന്നെ കഥയെഴുതാൻ സാധിക്കും എന്ന്  കുഞ്ചൂസ്സ് വിശ്വസിക്കുന്നു.കഥയുടെ ത്രെഡുകൾ കണ്ടുപിടിക്കാൻ എല്ലാവർക്കും,സാദ്ധ്യമാണ്. എന്നാൽ എന്റെ കഥയുടെ ആശയയങ്ങൾ സാധാരണ, കുഞ്ചൂസിന്റെ തേടി വരാറുണ്ട് പോലും! സൂനജയുടെ കാഴ്ചപ്പാട,കഥാപാത്രങ്ങൾക്കൊപ്പം,കഥക്കൊപ്പം  വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ സാധിക്കൂന്നതാവണം കഥ! എല്ലാവരുക്കും സാധിക്കുമോ എന്ന് ആലോചിച്ചില്ല, മിനക്കെട്ടൊന്നു ശ്രമിച്ചാൽ സാധിക്കുമായിരിക്കും എന്നാണ് സൂനജയുടെ അഭിപ്രായം. വീണ്ടും ശക്തമായ ഒരു എടുമായി എത്തിയ രാജലക്ഷ്മി പറയുന്നത് കഥ എഴുതുന്നതിന് ഭാഷാസ്വാധീനം വളരെ ആവശ്യമാണ്, കൂടെ ധാരാളം  വായിക്കുന്നവർക്ക് ഒരുപക്ഷേ കഥ എഴുതാൻ  സാധിക്കുമായിരിക്കും. ഭാഷാപരമായ  സൌന്ദര്യം നിലനിർത്തിക്കൊണ്ട് കഥകൾ എഴുതാൻ എല്ലാവർക്കും  സാധിച്ചെന്നിരിക്കില്ല എന്നാണ് രാജലക്ഷ്മിയുടെ കാഴ്ചപ്പാട്! എന്നാൽ മനുഷ്യനെന്നു പറയുന്ന എല്ലാജീവികൾക്ക് കഥകളായി സ്വന്തം അനുഭവങ്ങളെ പറഞ്ഞുഫലിപ്പിക്കാൻ സാധിക്കും.ഒരു ശ്രോതാവാകാൻ ഇഷ്ടപ്പെടാത്ത മനുഷ്യൻ  തങ്ങളുടെ  കഥകൾ എല്ലാവരും കേൾക്കണം എന്നു ശഠിക്കുന്നവനുമാണ്.കഥ എഴുതുംബോൾ  ഇത്തരം ലളിതമായ പശ്ചാത്തലം  മാറ്റിമറിക്കപ്പെടുന്നു, ഒരനുഭവക്കുറിപ്പ് എന്ന തലിത്തിൽ നിന്ന് വ്യതിചലിക്കപ്പെടുന്നു.കൂടെ കഥാ സ്വഭാവം വാരാനായി ചില മാനദണ്ഡങൾ പാലിക്കേണ്ടതുണ്ട്.കഥയുടെ രീതി,കഥാപരിസരം,കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന,പ്രതിഫലിക്കപ്പെടുന്ന വിഷയം, വായനക്കാരിലേക്കെത്തിച്ചേരാനുള്ള കഴിവ് ഇതെല്ലാം കഥകളിലേക്ക്  കൊണ്ടുവരാൻ  എല്ലാവർക്കും സാധിക്കില്ല.അത്ര വ്യക്തമായി അറിയില്ലെങ്കിലും,എഴുത്തിനോട് താല്പര്യം ഉള്ളവർക്ക് ഒരു പക്ഷേ സാധിച്ചേക്കാം.  ഞാൻ വിഷയം തരാം,ഒരു കഥ എഴുത്തിത്തരാമോ എന്ന് റോസിലിയോട് ചോദിക്കാറുണ്ടുപോലും ചിലർ! എന്തുകൊണ്ട് അവർക്ക് സ്വയം എഴുതിക്കൂട,എന്ന് ആലോചിക്കുന്നതിന്റെ ഭാഗമായി,ചിന്തിക്കാറുണ്ട് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല കഥ എഴുത്ത് എന്ന്! എല്ലാ മനസ്സിലും കഥയുണ്ട് എന്നാണ് രേണുവിന്റെ  കാഴ്ചപ്പാട്.എന്നാൽ അതിനെയല്ലാം കൂട്ടിയോജിപ്പിക്കാനുള്ള ഒരു ക്ഷമ,അതിനെയെല്ലാം സീക്വൻസുകളായിക്കൊണ്ടുവരാനുള്ള ഒരു ആത്മവിശ്വാസം എല്ലാവരിലും  ഉണ്ടാവണം എന്നില്ല.
 
 3 എന്തൊക്കെയാണ്  കഥയെഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്?
 
ആദ്യമായി രാജലക്ഷ്മി  പറയുന്നത്, കഥ എഴുതിക്കഴിഞ്ഞാൽ, വായനക്കാരന് കഥാകൃത്തിന്റെ സഹായം ഇല്ലാതെ കഥ മനസ്സിലാക്കാൻ  സാധിക്കണം.ഫാന്റസിയൊ, എന്തുതന്നെയായാലും കഥ വ്യക്തമായി വായനക്കാരന് ഗ്രഹിക്കാൻ സാധിക്കണം. ക്രമാനുഗതി കഥക്കുണ്ടാവണം.കാലത്തെയും ഗതിയെയും വ്യക്തമാക്കുന്ന ,കഥയുടെ പശ്ചാത്തലത്തെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം വിവരണങ്ങൾ.  കഥാപാത്രങ്ങളെ  രംഗത്ത് കൊണ്ടെത്തിക്കുംബോൾ ,അവരുടെ സ്ഥാനം,വ്യക്തമായിരിക്കണം. അവൾ ഇവൻ,അമ്മ എന്നൊന്നും ആയിരിക്കരുത് കഥാപാത്രങ്ങളെ സംബൊധനചെയ്യപ്പെടുന്നത്. കഥ ഒരു കഥാപാത്രത്തിന്റ് വീക്ഷണത്തിൽക്കൂടി അവതരിപ്പിക്കുക.സംഭാഷരീതികൾ,നാടൻ ചൊല്ലുകൽ എന്നിവയൊക്കെ വ്യക്തമായരീതികൾ ഉപയോഗിക്കുക.കഥാപാത്രത്തിന്റെ സ്വഭാവത്തിലൂടെ, സംസാരത്തിലൂടെ കഥാപാത്രം എന്താണെന്ന് വായനക്കാരന് തിരിച്ചരിയാൻ സാധിക്കണം.നല്ലൊരു കുറിക്കുകൊള്ളുന്ന തുടക്കത്തിനൊപ്പം,കഥയുടെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്നതായിരിക്കണം കഥയുടെ രീതി. ഭാവാത്മലോകത്തിലൂടെ സഞ്ചരിക്കുന്ന ഒരു കഥയാവാം,എങ്കിൽപ്പൊലും നല്ലൊരു  വൈകാരികതലങ്ങളെ സംവേദനം ചെയ്യുന്നതിനൊപ്പം, ഒട്ടും തന്നെ സ്തൂലമായിരിക്കരുത് കഥാതന്ദു.ഒരു വായനക്കാരി എന്നനിലയിൽ നിന്നുകൊണ്ട് പറയുന്ന രേണൂ, എടുത്തുപറയുന്നത്, ലളിതവും,വ്യക്തവും ആയ വാക്കുകൾ ഉപയോഗിച്ചാൽ  വായനക്കാരന് മനസ്സിലാക്കാൻ എളൂപ്പമാവും. കഥക്ക് ഒരു ‘ ക്രിസ്പിനെസ്സ്’ വരണം. കഥയിൽ നിന്ന്  കണ്ണെടുക്കാതെ,വായനക്കാരെ പിടിച്ചു നിർത്തുന്നതുപോലെയുള്ള കഥാപാത്രങ്ങൾ ആയിരിക്കണം കഥയുടെ ആധാരം. ശൈലികൾ മാറ്റിമാറ്റി  ഉപയോഗിക്കാവുന്നതാണ് , കഥകളെ  ‘’ഗ്രിപ്പിംഗ്’ ആയി  കൊണ്ടുപോകാൻ സാധിക്കണം എന്നാണ് കുഞ്ചൂസിന്റെ വാദം. ഒരേതരം കഥകൾ ആയിരുന്നാൽ  വായിച്ചു തുടങ്ങുംബോൾത്തന്നെ,ആരുടെതെന്ന് വായനക്കാരനെ തോന്നിപ്പിക്കാതിരിക്കാനും,ആവർത്തന വിരസത ഒഴിവാക്കുന്നതും കഥകൃത്ത് പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്.
 
സുനജയുടെ വാദം, ഒരുപാട്  വലിച്ചുവാരി എഴുതാതെ, നമ്മുടെ തീം’ നെ കേന്ദ്രീകരിച്ചുമാത്രം കഥ ചുരുക്കി എഴുതുക എന്നതാവണം എന്നാണ് ആദ്യമായി ഓർമ്മിപ്പിക്കുന്നത്. നോവൽ ആണെങ്കിൽ,പരിസരം, വ്യക്തികൾ,വഴിയോരക്കാഴ്ചകൾ,കഥാപാത്രത്തിന്റെ ‘ഫ്ലാഷ്ബാക്’ എന്നിവയൊക്കെ ഉണ്ടാവാം. എന്നാൽ കഥപറയുംബോൾ കുറച്ച് ,മൂടിവെച്ച്  പറയുക, അതായത് വായനക്കാരന് അല്പം ചിന്തിച്ചെടുക്കാൻ അനുവദിക്കന്നതാവണം കഥ. സാധാരണ ഭാഷാരീതിയിലേക്ക് മാത്രം ഇറങ്ങിച്ചെല്ലാതെ,കുറച്ച് ഒതുക്കി, താൻ,എടോ, നിങ്ങളെന്തിനു എന്നത്,ഒരു ‘കോട്ട്’ ആയി കൊടുക്കാതെ,അനാവശ്യവാക്കുകൾ  കഴിവതും  ഉപയോഗിക്കാതിരിക്കാൻ  ശ്രദ്ധിക്കുക. സാനി നമ്മുടെ മനസ്സിലുള്ളത് അതേപടി എഴുതാൻ  സാധിക്കണം കഥ എന്ന് പറയുന്നു.വായനക്കാരന്റെ ചുണ്ടിൽ  ചിരിപരത്തുന്ന ഹാസ്യമുള്ളതും,കണ്ണിൽ കണ്ണുരീർ  ഇറ്റിക്കുന്നതുമായ, പ്രേമം വായിക്കുംബോൾ വായിക്കുന്നവന്  പ്രേമിക്കാൻ തക്കതായ പ്രമേയങ്ങൾ ആയിരിക്കണം  കഥാകാരൻ എഴുതാൻ ശ്രമിക്കേണ്ടത്. പിന്നെ കഥ വായനക്കാരനെ തൊട്ടുതലോടുന്നതാവണം,കഥയുടെ പേര് ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ളതാവണം. ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയകളിൽ പൈങ്കിളി സാഹിത്യത്തിന് വളരെ ഇടം കിട്ടുന്നുണ്ട്. അതാവരുത്  കഥയുടെ എഴുത്തിൽ കഥാകാരൻ ശ്രദ്ധിക്കേണ്ടത്. മറിച്ച് ശക്തമായ,വ്യക്തിത്വമുള്ള ഒരു പ്രമേയം സമൂഹത്തിലേക്ക്  തുറന്നുവിടത്തക്കതായയിരിക്കണം ഒരോ കഥയും! റോസിലിക്ക്, വായനക്കാരന്റെ ശ്രദ്ധ പോകതെ അവരെ പിടിച്ചിരിക്കത്തക്കതായിരിക്കണം കഥ.കൂടെ അവർക്ക്  സംശയങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കണം! എന്റെ എഴുത്തിലൂടെ എന്റെ കഥയെ ‘പിക്ചറൈസ്’ ചെയ്യാൻ  ശ്രമിക്കാറുണ്ട്. കഥാപാത്രങ്ങൾ ജീവിക്കുന്ന ലോകത്തെ കണ്ട് മനസ്സിലാക്കി,അതേ രീതിയിൽ എഴുതിയാൽ വായനക്കാരന്റെ മനസ്സിൽ അത് കിടക്കണം, അതിനെക്കുറിച്ച്  ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കണം  കഥാപാത്രങ്ങൾ.നമ്മുടെ ഭാഷക്കും എഴുത്തിനും, എഴുതുന്ന കഥാപാത്രങ്ങൾക്ക് വായനക്കാരനെ പ്രചോദിപ്പിക്കുന്നവയായിരിക്കണം എന്ന് പുഷ്പകല പ്രത്യേകം ശ്രദ്ധിക്കാറുണ്ട് പോലും! പണ്ടത്തെക്കാലത്തെ  കഥകൾ അല്ല ഇന്ന്,അതായത് കാലത്തിന്റെ മാറ്റത്തിനനുസരിച്ച്  മാറണം, നമ്മുടെ കഥകളും കഥാപാത്രങ്ങളും!
 
 4 ഭാഷാവൈദഗ്ദ്ധ്യം ഒരു ആവശ്യകതയാണോ ?
 
അതൊരു അത്യാവശ്യ ഘടകം അല്ല എന്നാണ് രേണു പറയുന്നത് ,എന്നാൽ ഭാഷാവൈദഗ്ദ്ധ്യം ഉള്ളത് ഒരു  വലിയ ഗുണം തന്നെയാണ്. വിജ്ഞാനം കൊണ്ട് കഥയുണ്ടാകില്ലല്ലോ,കഥ എഴുതാനുള്ള ഒരു കഴിവുള്ളവനു മാത്രമെ ഒരു നല്ല കഥാകൃത്താകാൻ  സാധിക്കുകയുള്ളു. എന്നാൽ  ഭഷായുടെ പ്രാവീണ്യം ഉള്ള ഒരാൾക്ക്  കഥകൾ എഴുതാൻ എളുപ്പം സാധിക്കുമായിരിക്കാം. കുഞ്ചൂസിന്റെ കാഴ്ചപ്പാടിൽ അക്ഷരത്തെറ്റുകൾ ഇല്ലാതെ എഴുതാൻ  സാധിക്കുന്നത് ഒരു വലിയ കഴിവ് തന്നെയാണ്.തെറ്റുകൾ ഉണ്ടായാൽ അതൊരു കല്ലുകടിയായിത്തെന്നെ കിടക്കും, വിരസത ഉണ്ടാക്കുകയും  ചെയ്യും.കൂടാതെ കഥാകാരൻ ഉദ്ദേശിക്കുന്നതായിക്കില്ല  വായനക്കാരൻ മനസ്സിലാക്കുന്ന ആശയം എന്നൊരു വസ്തുതയും തെറ്റുകളിലൂടെ കടന്നു ചെല്ലാം, എന്നത്  തീർച്ചയാണ്. ഭാഷയുടെ ഏറ്റവും ഉന്നതമായ ഡിഗ്രി ഉള്ളത് കഴിവ് എന്നല്ല,  മറിച്ച്, ഭാഷയിലൂടെ  കഥ വായനക്കാരനിൽ എത്തിക്കാനുള്ള കഴിവ്. രാജലക്ഷിക്ക് ലളീതമായ ,ശുദ്ധമായ ഭാഷയിൽ എഴുതാനും സംസാരിക്കനുള്ള  ഉള്ള കഴിവിനെയാണ്  ഭാഷാവൈദഗ്ദ്ധ്യം  എന്നതിനെ  അർത്ഥമാക്കുന്നത്! ആശയത്തെ  സംവേദനക്ഷമയോടെ വായനക്കാരിൽ എത്തിക്കാനുള്ള കഴിവ് എന്നാണ് അർത്ഥം!  ഭാഷയുടെ ശുദ്ധി അറിയാതെതന്നെ കഥ  ശൈലിയിലൂടെ സ്വയം വന്നു ചേരുന്നു.വളരെ സാധാരണക്കാരനായ ഒരാൾക്കു പോലും നല്ല കഥകൾ എഴുതാൻ  സാധിക്കും.അക്ഷരശുദ്ധി,പദശുദ്ധി,ആശയശുദ്ധി,ചിന്തനശുദ്ധി,വാക്യശുദ്ധി എന്നിവ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലക്ഷണമൊത്ത കൃതിയായിരിക്കും.എപ്പോഴും ഇതൊക്കെ  ശ്രദ്ധിക്കെപ്പെട്ടുകൊണ്ട് മാത്രമായിരിക്കണം നല്ല കഥ ജനിക്കുന്നത് എന്നല്ല. അങ്ങനെയുള്ള  ധാരാളം  കഥാകൃത്തുക്കൾ  നമുമ്മിന്നുണ്ട്. ഭാഷാവൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ എഴുതുന്ന കൃതിയെ ഔന്ന്യത്തിൽ  എത്തിക്കാൻ  സാധിക്കും.കടുത്തപദങ്ങളുടെ മേളനം കൊണ്ട് കഥപറഞ്ഞു പോകാൻ  സാധിക്കും എങ്കിലും  ലളിതമായ സുന്ദരമാ‍യ ഭാഷയിൽ കഥപറഞ്ഞു പോകാൻ  സാധിക്കുന്ന രീതിയാണ് ഒരു കഥാകൃത്തിന് ഏറ്റവും  ആവശ്യമായ വസ്തുത. സുനജയുടെ കാഴ്ചപ്പാടിൽ ഭാഷാവൈദഗ്ദ്ധ്യം അത്യന്താപേക്ഷിതമായ  ഒന്നാവണം എന്നില്ല,പക്ഷെ ഉള്ളത് നല്ലത് തന്നെ. ഇതെല്ലാം വായനയിൽ അധിഷ്ടിതമായ വസ്തുതകളാണ്!എത്രമാത്രം  വായിക്കുന്നോ അത്രമാത്രെം നമ്മുടെ ഭാഷക്ക് ഒരു വ്യാപ്തി, ആഴം,സ്വദവേ  ഉണ്ടാകുന്നു. ഇന്നത്തെക്കാലത്തെ  എഴുത്തുകൾ വ്യത്യസ്ഥമായിത്തുടങ്ങി.കുറച്ചുകൂടി ‘വ്യാപ്തിയുള്ള, സൌഹാർദ്രപരമായ ഭാഷാഘടനകളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് ഇന്നത്തെ എഴുത്തു ശൈലി. ഉദാഹരണത്തിന്, ‘സത്രത്തിലെ മുറി എന്നാതിനു പകരം, ‘ഹോട്ടൽമുറിയിലെത്തി’ എന്നിങ്ങനെയുള്ള  സാദാ ശൈലിയിലേക്ക്  എത്തിനിൽക്കുക കൂടിയാണ് ഇന്ന് ഭാഷാശൈലി. വാക്കുകളൂടെ ആവർത്തനവിരസത ഒഴിവാക്കി,സഭ്യമായവാക്കുകൾ  കൂട്ടിച്ചേർത്ത് ,നീണ്ടു  പരത്താതെ ,സപഷ്ടമായി എഴുതാനും,നമ്മുടെ വായന വളരെ അധികം സഹായിക്കും. റോസിലിക്കും നമ്മുടെ ഭാഷാവൈഗ്ദ്ധ്യം വായനയിലൂടെത്തെ നേടിയെടുക്കേണ്ട ഒന്നാണ് എന്നഭിപ്രായം തന്നെ. അത് തീർച്ചയായും നമ്മുടെ ശൈലിയ സ്വാധീനിക്കും, കൂടെ നല്ല നിലവാരത്തിലുള്ള കഥകൾ  എഴുതാനും കഥാകൃത്തിനെ സഹായിക്കുന്നു.  എന്നാൽ ശുദ്ധമായ വ്യക്തമായ മലയാളഭാഷ അറിയാവുന്നവർ ചുരുക്കമാണെന്ന്  വിശ്വസിക്കുന്ന ഒരാളാണ്  പുഷ്പകല. വളരെ അത്യാവശ്യമുള്ള ഈ ആവശ്യത്തിലേക്ക്  ആംഗലേയ ഭാഷയുടെ സ്വാധീനം എത്തിപ്പെട്ടിട്ടുണ്ട്. ഭാഷയുടെ വൈദഗ്ദ്ധ്യം കഥാകൃത്തിന് വളരെ ആവശ്യമാണ്. സാനി നല്ലൊരു ഭാഷ നമൂക്ക്  സ്വന്തമായി ഉണ്ടായിരിക്കണം എന്ന്  തീർത്തു പറയുന്നു. ഭാഷ എങ്ങനെ വേണമെങ്കിലും എഴുതാം! സാഹിത്യം ചേർത്ത്,നമ്മൾ ഉദ്ദേശിക്കുന്ന ഫീൽ‘ നഷ്ടപ്പെടാതെ,വായനക്കാരന്റെ മനസ്സിൽ ഒരിടം പിടിക്കാൻ തക്കതായിരിക്കണം ഭാഷ എന്നു പ്രത്യേകം ശ്രദ്ധിക്കണം.
 
 5 സ്വതസിദ്ധമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുന്നതല്ലേ നല്ലത്?
 
ബഷീറിനെപ്പോലെ,സ്വന്തം ശൈലി ഉണ്ടാക്കിയെടുക്കേണ്ടത്  വളരെ അത്യാവശ്യമാണെന്നാണ് പുഷ്പകല വിശ്വസിക്കുന്നത്. അതുപോലെ ഇതുവരെ ആർക്കുംതന്നെ അത്തരം ശൈലികൾ  എഴുത്തിൽ കൊണ്ടുവരാൻ മറ്റു സാഹിത്യകാരന്മാരെപ്പോലെ സാധിച്ചിട്ടില്ല എന്നുതന്നെ  പറയാം.രാജലക്ഷ്മിയുടെ കാഴ്ചപ്പാടിൽ സ്വദസിദ്ധമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുകയും,നമ്മുടെ ഉള്ളിലുള്ള കഴിവിനെ തിരിച്ചറിയുകയും,അതിനെ  വിപുലീകരിച്ച് എടുക്കുകയും ശക്തിപ്പെടുത്തിയെടുക്കയും ചെയ്യണം. പ്രാദേശിക പദങ്ങൾ ഉള്ളവ ഉപയോഗിക്കില്ല,ഇന്ന വിധത്തിൽ മാത്രമെ എഴുതു എന്നുള്ള നിബന്ധനകൾ ഉണ്ടാക്കിയെടുക്കണം എന്നതല്ല  മറിച്ച് നമ്മുടെ എഴുത്തിനെ വായനക്കാരൻ തിരിച്ചറിത്തക്കതായ ഒരു ശൈലിയാവണം.സ്വയമേ സിന്ധമായതാണ്  അത്തരം സ്വന്തം ശൈലി. അതിനെയാണ് നാം വികസിപ്പിച്ചെടുക്കേണ്ടത്. ഒരു അഭിനയത്തിനായാലും,എഴുത്തിലായാലും,സാനിയുടെ ചിന്താഗതിയിൽ നമ്മുടെതായ ഒരു‘സിഗ്നേച്ചർ‘ശൈലി നാം  ഒരോരുത്തരും രൂപപ്പെടുത്തിയെടുക്കണം എന്നത് വളരെ അത്യാവശ്യമാണ്. സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ  സാധിക്കും എന്ന് രേണു വിശ്വസിക്കുന്നില്ല. എഴുതിത്തുടങ്ങുംബോൾ നാം സ്വയം നമ്മുടേതായ ഒരു ശൈലിയിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്.നമ്മുടെ ഉള്ളിൽ അങ്ങനെ ഒരു കഴിവുണ്ടാകും എന്നുണ്ടെങ്കിൽ അവയെ തിരിച്ചറിഞ്ഞ്,അതിനെ ‘പോഷീഷ്’ ചെയ്ത് ശക്തിപ്പെടുത്തിയെടുക്കണം എന്നത് നമ്മൾ സ്വയം ചെയ്യേണ്ട ഒന്നാണ്.  എല്ലാവർക്കും സ്വന്തമായി ഒരു ശൈലിയുണ്ടാകും എന്നാണ് കുഞ്ചൂസ് വിശ്വസിക്കുന്നത്.എന്നാൽ നമ്മുടെ ശൈലി  മാത്രം എഴുത്തിൽ  ഉപയോഗിച്ചാൽ  ആവർത്തനവിരതയും കൂടെ ഉണ്ടായിത്തീരില്ലെ എന്നാണ്  കുഞ്ചൂസ് എടുത്തു ചോദിക്കുന്നത്. സ്വദസിദ്ധമായ ഒരു ശൈലി എന്നത് നമ്മുടെ  ഉള്ളിൽ  ഉണ്ടാവില്ലെ എന്ന്  റോസിലി എടുത്ത് ചോദിക്കുന്നു. വേറെ ഒരാളുടെ കഥയും ശൈലിയും നമ്മൾ അനുകരിച്ചാൽ അത്  നമ്മുടെ കഥയാവില്ലല്ലോ? എന്നാൽ  സുനജക്ക് നമ്മുടെതായ ഒരു ‘സ്പേയ്സ്’ നമ്മൾ സ്വയം  ഉണ്ടാക്കിയെടുക്കണം,അതാണ് ശൈലി.   സ്വന്തമായി രൂപപ്പെടുത്തിയെടുക്കുന്ന  ഒരു ‘റ്റച്ച്’ നമ്മൾ  സ്വയം ആണ് തയ്യാറാക്കി എടുക്കേണ്ടത്. മറ്റുള്ളവരെ അനുകരിക്കുന്നത് അല്ല ശൈലി. എത്രമാത്രം നമ്മൾ എഴുതുന്നോ അതിലൂടെ സ്വയം ഉണ്ടാക്കപ്പെടുന്ന ഒന്നാണ്  ശൈലി.