കണ്ണകിയുടെ നാട്ടിൽ: കവിത, ഡോ.അജയ് നാരായണൻ, Lesotho

'നാടെരിയട്ടെ,യെന്‍
വീടെരിയട്ടെ,യെന്‍
നെഞ്ചിലെ മാനവും
വെന്തെരിയട്ടെ തീജ്വാലയില്‍...'
കത്തിയമരുമോരക്ഷൗഹിണിയുടെ
ചൂടുള്ളചാരവും
കോരിയെടുത്തു
ശപിക്കും ചിലമ്പിന്റെ
നാക്കും മുലയും പറിച്ചെടുക്കാം...
തീര്‍ക്കാം ചിലപ്പതികാരങ്ങളങ്ങനെ
ബാധയെ വീണ്ടും കുടിയിരുത്താം!
എന്നിട്ടോ?
അമ്മമൊഴിഞ്ഞു...
ചാരേവരിക പൈതങ്ങളേ,പാടുക നിങ്ങള്‍തന്‍ തീരാത്തസങ്കടങ്ങള്‍
അവര്‍പാടി
ആര്‍ത്തലച്ചുപാടീ...
''എനിക്കു മുഖമില്ലാതായിരിക്കുന്നു
എനിക്കു സുഖമില്ലാതായിരിക്കുന്നു
എനിക്കൊന്നുമില്ലാതായിരിക്കുന്നു
എന്റെ
കാതെവിടെ
കണ്ണെവിടെ
നാവെവിടെ
കൂട്ടരേ...
ആര്‍ത്തലച്ചുറയുന്ന പെണ്ണിന്റെ ശബ്ദവും
ഭ്രാന്തന്റെ പൊട്ടിച്ചിരിയുടെ താളവും
കേള്‍ക്കുവാന്‍ വയ്യാതായി
ഇരുളും നിഴലും
കിനാവും വെളിച്ചവും കണ്ണീരും
കാണുവാന്‍ വയ്യാതായി
കയ്‌പ്പും ചവര്‍പ്പും
തേന്‍ കിനിയുംമധുരവും
നാവറിയാതെയായി!
എന്റെ മുഖമെനിക്ക് നഷ്ടമായ് ദൈവമേ...
പോകാന്‍ അനുവദിക്കൂ
പട്ടടയില്‍ ചാടാന്‍ അനുവദിക്കൂ
എന്റെ കാലില്‍ കിലുങ്ങുന്ന
ചങ്ങലയോടെ
മൃതിയിലേക്ക്
അടര്‍ന്നു വീഴാന്‍ അനുവദിക്കൂ
നിങ്ങളെനിക്കായ്
ഒരുക്കിയ
ഉമിത്തീയില്‍
ഞാന്‍
വെന്തെരിഞ്ഞോളാമിനി
മുഖമില്ലാതെ
കരിഞ്ഞു തീരാമിനി
എന്റെ തമ്പ്രാക്കളെ
എന്റെ ദൈവങ്ങളേ
എന്റെ...
എന്റെ...''
പിന്നെനടന്നത്...
കണ്ണിലുണ്ടഗ്‌നി
മനസ്സിലുണ്ടെണ്ണയായ്
മാറാവ്യഥ
നിശ്വാസവായുവില്‍
ചോദ്യങ്ങളായിരം
മാറാല പോലെപ്പടരുന്നു
കാല്‍കീഴിലെല്ലാമൊലിക്കുന്നു
കയ്യിലൊരൊറ്റച്ചിലമ്പും
പിടിച്ചു കൊണ്ടോടിയൊളിക്കുന്നു
കണ്ണകിമാര്‍...
നാട്ടിലുണ്ടായിരം വാളയാര്‍,
ചുറ്റിലും
തൂങ്ങിപ്പിടയുന്ന പൂമൊട്ടുകള്‍!
പേടിച്ചുറങ്ങുന്ന പെണ്ണിന്റെ നെഞ്ചിലെ
സ്വപ്‌നങ്ങള്‍ മാന്തിപ്പറിക്കുവാന്‍
രാക്ഷസര്‍
രാത്രിയില്‍ റോന്തു ചുറ്റുന്നു ഹാ!
ഓടിത്തളര്‍ന്നുലഞ്ഞാടുന്ന കുഞ്ഞിനെ
കൈനീട്ടി വാങ്ങണേ
ഭൂമിദേവി...!
ഓടിത്തളര്‍ന്നുവലയുന്ന പെണ്ണിനെ
മാറോടണയ്‌ക്കണേ ഭൂമിദേവീ!
ഡോ.അജയ് നാരായണൻ, Lesotho