കാത്തിരിപ്പ് : കവിത , (രഞ്ജിനി. വി. തമ്പി) 

കാത്തിരിപ്പ് : കവിത , (രഞ്ജിനി. വി. തമ്പി) 
ചിലപ്പോഴൊക്കെ 
നാലുമണിപ്പൂവ്
വെയിലേറ്റുതിളങ്ങുമ്പോളാണ്
 അത്തറിന്മണം
പടിവാതിൽത്തുറന്ന്
കടന്നുപോകുന്നത് 
യാത്രപറയാതെ നടവഴി
പാതിപിന്നിടുമ്പോൾ
ജാലകപ്പടിയിലെ
നെഞ്ചിൽനിന്നൊരു ശൂന്യത 
പതിയെതാഴോട്ടിറങ്ങും 
കാറ്റിന്റെ കൈയിൽനിന്നും
വഴുതിവീണ് ദിക്കറിയാതെ
നിയന്ത്രണംവിട്ടുലയുന്ന പട്ടമാകും
പിന്നെയാമനസ്സ് 
വിളിപ്പുറത്തല്ലാത്ത
ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ
അത്തറിന്മണവും
ആർപ്പുവിളികളിലും
പൊട്ടിച്ചിരികളിലും പങ്കുചേരും 
പിന്നീടങ്ങോട്ട് അങ്ങേത്തലയ്ക്കൽ 
  മറുപടിയില്ലാത്ത
രാത്രിയാമങ്ങളിൽ നെഞ്ചിലെ
ശൂന്യതമാറ്റുവാൻ 
നിലാവുംതാരകങ്ങളും
മത്സരിച്ചുകൂട്ടുകൂടും
ചെവികളിലൊരു
മൂളിപ്പാട്ടുംപാടി ഇളംകാറ്റ്
മനസ്സിനെത്തഴുകിയുറക്കുവാൻ
ആവുന്നത്ര ശ്രമിക്കും 
പാതിരാപ്പൂവ് ഇണചേരുന്ന
ഗന്ധം ജാലകവാതിലൂടെ
കടന്നെത്തുമ്പോൾ 
ഇല്ലാത്ത കാലടികളുടെശബ്ദം
കാതിൽ വീണ്ടുംമുഴങ്ങും 
പുലരിയിങ്ങോടിയെത്തുവാൻ
വെമ്പുമ്പോൾ മാഞ്ഞുപോയ
നക്ഷത്രക്കൂട്ടത്തെക്കാത്ത്
പ്രതീക്ഷയുടെ തോണി തോരാത്ത
കണ്ണീർമഴയിലെ കൂറ്റനോളങ്ങളിൽ 
ആടിയുലഞ്ഞുകൊണ്ടേയിരിക്കും