കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം
തിരുവനന്തപുരം: കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ.ജി.എസിന്റെ കവിതകളെന്ന് പുരസ്കാര പ്രഖ്യാപന വേളയിൽ മന്ത്രി പറഞ്ഞു.
എൻ.എസ്.മാധവൻ ചെയർമാനും കെ.ആർ.മീര, ഡോക്ടർ കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിലെ ആധുനിക കവികളിൽ ഏറ്റവും ജനപ്രിയനായ ഒരാളാണ് കെ.ജി.ശങ്കരപ്പിള്ള. 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്.