ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിന് 180 ദിവസം ജയിൽശിക്ഷ; ക്യാമ്പെയ്ൻ ഫണ്ട് ദുരുപയോഗക്കേസിൽ വിധി
പ്രസാദ് തീയാടിക്കൽ
റിച്ച്മണ്ട്, ടെക്സസ്: സസ്‌പെൻഡ് ചെയ്യപ്പെട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട മണി ലോണ്ടറിംഗ് കേസിൽ 180 ദിവസത്തെ ജയിൽശിക്ഷ വിധിച്ചു. ചൊവ്വാഴ്ചയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
2018ലെ തിരഞ്ഞെടുപ്പിന് ശേഷം ക്യാമ്പെയ്ൻ അക്കൗണ്ടിലെ ഫണ്ടിന്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച്, ഏകദേശം 45,000 ഡോളറിലധികം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പുതിയ വീടിന്റെ ഡൗൺ പേയ്മെന്റിനും ഈ പണം ഉപയോഗിച്ചതായി ആരോപണമുണ്ട്.
എന്നാൽ, സ്വന്തം പണം ക്യാമ്പെയ്‌നിന് വായ്പയായി നൽകിയ ശേഷം പിന്നീട് തിരിച്ചെടുത്തതാണെന്നും അത് നിയമാനുസൃതവും സാധാരണ പ്രചാരണ രീതിയുമാണെന്നും പ്രതിഭാഗം വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ജില്ലാ അറ്റോർണി ഓഫീസ് ലക്ഷ്യമിട്ട് കേസ് ചുമത്തിയതാണെന്നും അഭിഭാഷകർ ആരോപിച്ചു.
മാർച്ചിൽ ജൂറി കെ.പി. ജോർജിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അഭിഭാഷകർ അപ്പീൽ സമർപ്പിച്ചു. ജാമ്യം നിഷേധിച്ച കോടതി അദ്ദേഹത്തെ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു.
കേസിനെ തുടർന്ന് ഏപ്രിലിൽ കെ.പി. ജോർജിനെ പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഡാനിയേൽ വോങ്‌നെ ആക്ടിംഗ് കൗണ്ടി ജഡ്ജിയായി നിയമിച്ചു. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോങ്ങ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായും ടെസ്റ്റർ മക്കോയ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായും മത്സരിക്കും.
ഇതിനിടെ, വ്യാജ വ്യക്തിത്വം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സ്വന്തം പേരിൽ വംശീയ അധിക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു മിസ്ഡിമീനർ കേസും കെ.പി. ജോർജിനെതിരെ നിലനിൽക്കുന്നു. 2022ലെ പുനർതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹതാപം നേടാനായാണ് ഇത് ചെയ്തതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.