48 ടീമുകൾ, 104 മത്സരങ്ങൾ; മൂന്ന് രാജ്യങ്ങളിലായി ഫിഫ ലോകകപ്പ് പൂരം ഇന്ന് മുതൽ

Jun 11, 2026 - 19:23
 0  3
48 ടീമുകൾ, 104 മത്സരങ്ങൾ; മൂന്ന് രാജ്യങ്ങളിലായി  ഫിഫ  ലോകകപ്പ് പൂരം ഇന്ന് മുതൽ

മെക്‌സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പിന്‍റെ 23-ാം പതിപ്പിന് ഇന്ന് മെക്‌സിക്കോയില്‍ തുടക്കമാകും. വ്യാപ്‌തിയിലും പങ്കാളിത്തത്തിലും ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഇത്തവണത്തെ ടൂർണമെന്‍റ് അരങ്ങേറുന്നത്. വിഖ്യാതമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ ആരാധകർക്ക് ജൂൺ 12ന് പുലർച്ചെ 12:30-നാണ് ഉദ്ഘാടന പോരാട്ടം തത്സമയം കാണാൻ സാധിക്കുക.

1998 മുതൽ തുടർന്നുപോന്ന 32 ടീമുകളുടെ ഫോർമാറ്റ് മാറ്റി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി റെക്കോർഡ് ഭേദിക്കുന്ന 104 മത്സരങ്ങൾ നടക്കും. ആതിഥേയരായ മൂന്ന് രാജ്യങ്ങൾ നേരിട്ട് യോഗ്യത നേടിയപ്പോൾ ബാക്കി 45 ടീമുകൾ രണ്ട് വർഷം നീണ്ട കടുത്ത യോഗ്യതാ പോരാട്ടങ്ങൾക്കൊടുവിലാണ് ലോകവേദിയിലെത്തിയത്.

പുതിയ ഫോർമാറ്റ് ഇങ്ങനെ:

  • ഗ്രൂപ്പ് ഘട്ടം: 48 ടീമുകളെ 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
  • നോക്കൗട്ട് യോഗ്യത: ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് (Round of 32) യോഗ്യത നേടും. മുൻപ് ഇല്ലാതിരുന്ന മുപ്പത്തിരണ്ട് ടീമുകളുടെ ഈ നോക്കൗട്ട് ഘട്ടം ഇത്തവണത്തെ പ്രത്യേകതയാണ്.
  • മത്സര ക്രമം: ആകെ 104 മത്സരങ്ങളിൽ 72 എണ്ണം ഗ്രൂപ്പ് ഘട്ടത്തിലും 32 എണ്ണം നോക്കൗട്ട് റൗണ്ടിലുമാണ്. ജൂൺ 28-നാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.
  • ഫൈനൽ: ജൂലൈ 19-ന് ന്യൂയോർക്കിനടുത്തുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ.
  • ടൂർണമെന്‍റില്‍ പങ്കെടുക്കുന്ന 1,248 ഫുട്ബോൾ താരങ്ങൾക്ക് കനത്ത ശാരീരിക വെല്ലുവിളിയാകും ഈ ലോകകപ്പ്. ഹൂസ്റ്റൺ പോലുള്ള നഗരങ്ങളിലെ കടുത്ത വേനൽച്ചൂടും ഗ്വാഡലഹാരയിലെ ഉയർന്ന ഭൂപ്രകൃതിയും നാല് വ്യത്യസ്‌ത സമയ മേഖലകളും താണ്ടി വേണം ടീമുകൾക്ക് കളിക്കാൻ.

    വടക്കേ അമേരിക്കൻ സമയക്രമം അനുസരിച്ച് മത്സരങ്ങൾ നടക്കുന്നത് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ്. അതിനാൽ ഇന്ത്യൻ ആരാധകർക്ക് അർധരാത്രിയിലും പുലർച്ചെയുമാകും മത്സരങ്ങൾ തത്സമയം കാണാൻ കഴിയുക. ഉദ്ഘാടന മത്സരം തന്നെ ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-നാണ്.