ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ;  ഉപരാഷ്ട്രപതി എത്തും

Jun 15, 2026 - 20:01
 0  2
ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ;  ഉപരാഷ്ട്രപതി എത്തും



ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും  ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ നടക്കുന്ന അന്തർദേശീയ കൺവെൻഷന്റെ ഒരുക്കങ്ങളും വിശദീകരിക്കുന്ന പത്രസമ്മേളനം ന്യൂയോർക്കിൽ നടന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഫൊക്കാന ദേശീയ പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്, ജോയി ഇട്ടൻ , ആന്റോ വർക്കി, മത്തായി ചാക്കോ, മറ്റു നേതാക്കൾ  എന്നിവർ പങ്കെടുത്തു.



ഭാരവാഹികളെ സ്വാഗതം ചെയ്ത ഐപിസിഎൻഎ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാധ്യമങ്ങളുമായുള്ള ഫൊക്കാന ഭരണസമിതിയുടെ എക്കാലവുമുള്ള   സഹകരണത്തെ  നന്ദിപൂർവം അനുസ്മരിച്ചു . സംഘടനയുടെ വിവിധ സാമൂഹിക സേവന പദ്ധതികളും കൺവെൻഷനും  വിജയമാകട്ടെ എന്നും ആശംസിച്ചു.



ഫൊക്കാന ഇന്ന് ഒരു സാംസ്കാരിക സംഘടന മാത്രമല്ല, ഇന്ത്യ, കേരളം, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മലയാളി പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ശക്തമായ പ്രവാസി കൂട്ടായ്മയാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്ന ഒരു ഫലപ്രദമായ കണ്ണിയായാണ് ഫൊക്കാന ഇന്ന് ഇന്ത്യാ ഗവൺമെന്റിനും കേരള സർക്കാരിനും അമേരിക്കൻ ഭരണസംവിധാനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്നത്.
 
ഒസിഐ കാർഡ് പ്രശ്നങ്ങൾ, നേരിട്ടുള്ള വിമാന സർവീസ്, പ്രവാസികളുടെ സ്വത്ത് സംബന്ധമായ നികുതി വിഷയങ്ങൾ തുടങ്ങിയവയിൽ ഫൊക്കാന ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1983-ൽ രൂപീകൃതമായ ഫൊക്കാന ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ മലയാളി സംഘടനകളുടെ ഫെഡറേഷനായി വളർന്നതായും അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ്, ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ വഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിവിധ അന്തർദേശീയ നിലവാരമുള്ള ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന മെഡിക്കൽ കാർഡ് പദ്ധതിയും, അമേരിക്കയിലെ സന്ദർശക വിസയിൽ എത്തുന്നവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ഹെൽത്ത് ക്ലിനിക്കുകളും വലിയ സ്വീകാര്യത നേടി. ന്യൂജേഴ്സിയിലും ബോസ്റ്റണിലും പ്രവർത്തനം ആരംഭിച്ച ഹെൽത്ത് ക്ലിനിക്കുകൾ ഡാളസിലേക്കും ന്യൂയോർക്ക് മേഖലയിലേക്കും ഉടൻ  വ്യാപിപ്പിക്കും .

കേരളത്തിൽ മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഫൊക്കാന ആരംഭിച്ച “സ്വിം കേരള സ്വിം” പദ്ധതി ഇതിനകം വൈക്കം, കോട്ടയം, പാലാ എന്നിവിടങ്ങളിൽ നടപ്പാക്കിയതായി സജിമോൻ ആന്റണി പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നീന്തൽ സുരക്ഷാ പരിശീലനവും രക്ഷാപ്രവർത്തന പരിശീലനവും നൽകി.  ഫൊക്കാനയുടെ വിവിധ സേവന പദ്ധതികളെ ഒരൊറ്റ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ടോൾ ഫ്രീ 1-800 നമ്പർ ഏതാനും ദിവസത്തിനകം  ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന്  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു . ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, സാഹചര്യങ്ങൾ അനുകൂലമായാൽ കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ന്യൂജേഴ്സി ഗവർണർ, കോൺഗ്രസ് അംഗങ്ങൾ, കേരളത്തിലെ മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങി വിശിഷ്ടാതിഥികളുടെ വലിയ നിര തന്നെ കൺവെൻഷനിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അവസാന നിമിഷം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവാത്ത പക്ഷം  ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുമെൻ സജിമോൻ ആന്റണിയും പറഞ്ഞു.  പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മുഖ്യമന്തി വി.ഡി. സതീശൻ പങ്കെടുക്കാമെന്ന് ഉറപ്പു പറഞ്ഞതാണ്.

കൽഹാരി കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്ന് മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി പറഞ്ഞു

ജനപങ്കാളിത്തം, വിശിഷ്ടാതിഥികൾ, പുതുമയാർന്ന പരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമാകുന്ന കൺവെൻഷനാകും ഇതെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ലീല മരേട്ടും അഭിപ്രായപ്പെട്ടു.



കഴിഞ്ഞ രണ്ടുവർഷക്കാലമായി പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങളിലൂടെ ഫൊക്കാന കൈവരിച്ച നേട്ടങ്ങൾ സംഘടനയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ചതായി  ഫൊക്കാന കേരള കൺവെൻഷൻ ചെയർമാനും ഫൊക്കാന ടുഡേ ചീഫ് എഡിറ്ററുമായ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

റീജിയണൽ തലങ്ങളിൽ ഇതിനോടകം കൺവെൻഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാണെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി പറഞ്ഞു. യൂത്ത് ഫെസ്റ്റിവൽ, കലാ-കായിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ വിജയകരമായ നടത്തിപ്പിലൂടെ ദേശീയ കൺവെൻഷന് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാഷണൽ കമ്മിറ്റി അംഗം മത്തായി ചാക്കോ കൺവൻഷന് ആശംസകൾ നേർന്നു.

ഫൊക്കാന  മുൻ ജനറൽ സെക്രട്ടറിയും മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ്, 2018 മുതൽ സംഘടനയുടെ ലീഗൽ കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടി . നിരവധി നൂതന ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ച് സംഘടനയ്ക്ക് പുതിയ ഊർജം പകരാൻ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം സൃഷ്ടിക്കുന്ന ഒരു കൺവെൻഷൻ ആണ്   നിലവിലെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും ആ ശ്രമം വിജയിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു.  

മൂന്ന് പത്മപുരസ്കാര ജേതാക്കൾ ഒരേ വേദിയിൽ അണിനിരക്കുന്ന അപൂർവ നേട്ടവും കൺവെൻഷന് സ്വന്തമാകുമെന്ന് ട്രഷറർ ജോയ് ചാക്കപ്പൻ പറഞ്ഞു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രമുഖ വ്യവസായി പദ്മശ്രീ എം.എ. യൂസഫലി, പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സമ്മേളനത്തിന്റെ മാറ്റുകൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ദിനത്തിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് ഷോയും  101 പേരടങ്ങുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരവും അരങ്ങേറും. രണ്ടാം ദിനത്തിൽ “അമേരിക്ക ഗോട്ട് ടാലന്റ്” എന്ന പേരിൽ നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അണിനിരത്തുന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൺവെൻഷന്റെ പ്രധാന ആകർഷണമായി ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള മോഹിനിയാട്ടവും 500-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളവും ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത്രയും പേരെ എങ്ങനെ സംഘടിപ്പിക്കുമെന്ന് പലരും ചോദിച്ചതാണ്. എന്നാൽ നിലവിൽ 1,100-ലധികം പേർ മോഹിനിയാട്ടത്തിനും 568 പേർ ചെണ്ടമേളത്തിനുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗിന്നസ് റെക്കോർഡ് ലഭിക്കാൻ കുറെ കടമ്പകൾ ഉണ്ട്. അവയെല്ലാം തരണം ചെയ്യാനായി.  നോർത്ത് അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും പിന്തുണയും ഇതിലൂടെ പ്രകടമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിനായി 38,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പ്രധാന ബാങ്ക്വറ്റ് ഹാളിനൊപ്പം രണ്ട് അധിക ഹാളുകളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 1,750-ലധികം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും നവ്യ നായർ, നാദിർഷാ ഉൾപ്പെടെയുള്ള ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗിന്നസ് റെക്കോർഡ് പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് സൗജന്യ പ്രവേശനവും (പ്രോഗ്രാമുള്ള ദിവസം) ഭക്ഷണവും നൽകാൻ ഫൊക്കാന തീരുമാനിച്ചതായും സജിമോൻ ആന്റണി അറിയിച്ചു. നൂറുകണക്കിന് കലാകാരന്മാർ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നതിനാൽ അവരുടെ പങ്കാളിത്തം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും, അതിനാവശ്യമായ എല്ലാ ലോജിസ്റ്റിക് സംവിധാനങ്ങളും ഒരുക്കിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൺവെൻഷനിൽ നിന്ന് സാമ്പത്തിക ലാഭമല്ല, മറിച്ച് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഫൊക്കാനയുടെ ലക്ഷ്യം.   ഇത്ര വലിയൊരു മാമാങ്കത്തിൽ സ്‌പോൺസർഷിപ്പ് എടുക്കാൻ സാധിക്കുന്നത് ഒരു സുവര്ണാവസരമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ചെണ്ടമേളത്തിലൂടെ റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്ന കലാകാരന്മാർക്ക് വസ്ത്രം സ്പോൺസർ ചെയ്യുന്ന കോട്ടയം ലക്ഷ്മി സിൽക്സിന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞു.

ചരിത്രം സൃഷ്ടിക്കുന്ന കൺവെൻഷനിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതാക്കൾ അറിയിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ്ജ്  ജോസഫ്, കൈരളി ടിവിയുടെ ജോസ് കാടാപ്പുറം, ഏഷ്യാനെറ്റ് ന്യൂസിന്റെ ഷിജോ പൗലോസ്, ഫ്ലവേഴ്സ് ടിവിയുടെ ബിനു തോമസ് എന്നിവരും പങ്കെടുത്തു .



പ്രസ് ക്ലബിന് വേണ്ടി ജോസ് കടാപ്പുറം നന്ദി  പറഞ്ഞു