58 മണിക്കൂറിൽ 100 കോടി; ബോക്സ് ഓഫീസ് അടക്കിവാണ് ദൃശ്യം 3

May 23, 2026 - 19:46
May 23, 2026 - 19:49
 0  6
58 മണിക്കൂറിൽ 100 കോടി; ബോക്സ് ഓഫീസ് അടക്കിവാണ് ദൃശ്യം 3

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത് ചിത്രമായ 'ദൃശ്യം 3.' മോഹൻലാലിന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ച് മെയ് 21 ലോകമെമ്പാടും റിലീസു ചെയ്ത ചിത്രത്തെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

അഡ്വാൻഡ് ബുക്കിങ്ങിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ചിത്രം മറ്റൊരു സുപ്രധാന നേട്ടം ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുകയാണ്. റിലീസായി വെറും 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ദൃശ്യം 3. നിർമാതാകളായ ആശിർവാദ് സിനിമാസാണ് 100 കോടി നേട്ടം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.

ആദ്യ ദിനം, ഇന്ത്യയിലുടനീളമുള്ള ഷോകളിൽ നിന്നായി 15.85 കോടി രൂപ നെറ്റ് കളക്ഷൻ ചിത്രം നേടിയിരുന്നു. തിയേറ്ററുകളിലെ രണ്ടാം ദിനത്തിൽ ചിത്രം ഇന്ത്യയിൽ നിന്ന് 11 കോടി രൂപ നെറ്റ്  കളക്ഷനും വിദേശത്തുനിന്ന് 20 കോടി രൂപ ഗ്രോസ് കളക്ഷനും നേടി. ഇതോടെ, മോഹൻലാൽ നായകനായ 'എമ്പുരാന്' ശേഷം ഏറ്റവും വേഗം 100 ക്ലബ്ബിലെത്തുന്ന മലയാളം ചിത്രമായി മാറുകയാണ് ദൃശ്യം 3.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച 'പേട്രിയറ്റ്' എന്ന ചിത്രത്തിന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. ദൃശ്യം 3നു മുൻപ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് 2025 ൽ പുറത്തിറങ്ങിയ തുടരും എന്ന ചിത്രമായിരുന്നു. തുടരും ആഗോളതലത്തിൽ 236 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ.