കുമ്മാട്ടിയുടെ ചുവടുകൾ ആസ്വദിക്കാൻ ബ്രിസ്റ്റോൾ 

Jun 4, 2026 - 18:28
 0  28
കുമ്മാട്ടിയുടെ ചുവടുകൾ ആസ്വദിക്കാൻ ബ്രിസ്റ്റോൾ 
പ്രശാന്ത് പഴയിടം 
ബ്രിസ്റ്റോൾ: ഓണാഘോഷങ്ങൾക്ക് പുതുമയുടെ നിറം പകരാൻ ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഒരുക്കുന്ന ബ്രിസ്റ്റോണം 2026-ൽ കേരളത്തിന്റെ തനത് നാടൻ കലാരൂപമായ കുമ്മാട്ടി മുഖ്യ ആകർഷണമായി എത്തുന്നു. സെപ്റ്റംബർ 5-ന് നടക്കുന്ന ആഘോഷത്തിൽ കുമ്മാട്ടിയുടെ വർണ്ണ ശബളമായ സാന്നിധ്യം പ്രവാസമണ്ണിൽ കേരളത്തിന്റെ ഗ്രാമീണ ഓണസ്മരണകൾക്ക് വീണ്ടും ജീവൻ പകരും.
മുഖംമൂടികളും ഇലച്ചാർത്തുകളും താളമേളങ്ങളുമായി ഗ്രാമവീഥികളിലൂടെ സഞ്ചരിക്കുന്ന കുമ്മാട്ടി കേരളത്തിന്റെ ജനകീയ പൈതൃകത്തിന്റെ പ്രതീകമാണ്. തലമുറകളായി ഓണാഘോഷങ്ങളുടെ ഭാഗമായ ഈ കലാരൂപം ബ്രിസ്റ്റോളിലെ മലയാളികൾക്ക് നൊസ്റ്റാൾജിയയുടെ വേറിട്ട അനുഭവം സമ്മാനിക്കും 
കുമ്മാട്ടിക്കൊപ്പം സംഗീതവിരുന്ന്, നൃത്താവിഷ്കാരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ,  ചെണ്ട മേളം തുടങ്ങി സംഗീത, നൃത്ത,മയമായ ഒരു സായഗ്നം തന്നെ ഒരുങ്ങും. കുടുംബസമേതം ആസ്വദിക്കാവുന്ന പരിപാടികളിലൂടെ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസലോകത്ത് പുനരാവിഷ്കരിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
“ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, മലയാളിയുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ആ അനുഭവം പുതിയ തലമുറയിലേക്കും എത്തിക്കാനുള്ള ശ്രമമാണ് ബ്രിസ്റ്റോണം. കുമ്മാട്ടി പോലുള്ള തനത് കലാരൂപങ്ങൾ അതിന് കൂടുതൽ മിഴിവേകും,” സംഘാടകർ പറഞ്ഞു.
ബ്രിസ്റ്റോളിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങൾ ആഘോഷത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആവേശവും നിറച്ച്, കുമ്മാട്ടിയുടെ ചുവടുകളുമായി ബ്രിസ്റ്റോൾ ഒരുങ്ങുകയാണ് മറ്റൊരു അവിസ്മരണീയ ഓണാഘോഷത്തിന്.
ബ്രിസ്റ്റോളിലെ മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി ഭാഷയും സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ (BMA). ഓണം, വിഷു, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ, കലാമേളകൾ, കായികമത്സരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സംഘടന സജീവ സാന്നിധ്യമാണ്.
പ്രവാസ ജീവിതത്തിനിടയിലും കേരളത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യം പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് BMA പ്രവർത്തിച്ചുവരുന്നത്. സംഗീതം, നൃത്തം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിൽ പ്രതിഭകൾക്ക് വേദിയൊരുക്കുന്നതിലും സംഘടന ശ്രദ്ധ ചെലുത്തുന്നു.
കേരളത്തിന്റെ തനത് കലാരൂപങ്ങളും ജനകീയ പൈതൃകവും പ്രവാസലോകത്ത് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബ്രിസ്റ്റോണം 2026-ൽ കുമ്മാട്ടി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾക്ക് മികച്ച സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.