മലയാളി പൊളിയല്ലേ? ന്യൂയോര്‍ക്കില്‍ ആള്‍പ്പൊക്കമുള്ള പയറും പടവലവും മുതല്‍ കഞ്ചാവ് വരെ കൃഷി ചെയ്യുന്ന ജോസേട്ടന്‍ ഹീറോ ആണ്; ഡോ. ജോര്‍ജ് എം. കാക്കനാട്

Sep 7, 2025 - 08:29
Sep 7, 2025 - 08:30
 0  43
മലയാളി പൊളിയല്ലേ? ന്യൂയോര്‍ക്കില്‍ ആള്‍പ്പൊക്കമുള്ള പയറും പടവലവും മുതല്‍ കഞ്ചാവ് വരെ കൃഷി ചെയ്യുന്ന ജോസേട്ടന്‍ ഹീറോ ആണ്;   ഡോ. ജോര്‍ജ് എം. കാക്കനാട്



ഹൂസ്റ്റണ്‍: ഒരറ്റത്ത് വെള്ളത്തിൻ്റെ ബോട്ടിൽ കെട്ടിത്തൂക്കിയ നീളൻ കായകൾ കണ്ട് സായിപ്പൻമാർ മൂക്കത്ത് വിരൽവച്ചു! ഇതെന്തു കുന്തം എന്ന് മനസിലാകാതെ അന്തം വിട്ടു തിന്ന അവർ ഒടുവിൽ രണ്ടും കൽപ്പിച്ച് ചോദിച്ചു. മിസ്റ്റർ ജോസ് , വാട്ട് ഈസ് ദിസ്.



ഇതൊക്കെയെന്ത്... എന്ന മട്ടിൽ ജോസേട്ടൻ അവരോട് പറഞ്ഞു, ബ്രോ ദിസ് ഈസ് പടവലങ. എന്നിട്ട് അവരേം കൂട്ടി രണ്ടേക്കർ ഫാം ലാൻഡിലൂടെ ഒന്നു കറങ്ങി. അഞ്ചടി നീളമുള്ള പയർ മുതൽ നല്ല എരിയൻ പച്ചമുളക് വരെ കണ്ട്  സായിപ്പിൻ്റെ കണ്ണ് നീറി. കാഴ്ചകൾ മടങ്ങും വഴി അവർ ഉറപ്പായും പറഞ്ഞു കാണും, ലോകത്തിൻ്റെ ഏതു കോണിൽ ആണെങ്കിലും മലയാളി പൊളിയല്ലേ?



നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ ഒരു മലയാളി സ്വന്തമായി കൃഷി ചെയ്തു സായിപ്പന്‍മാര്‍ക്ക് വരെ നല്‍കുകയാണ്. ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് കൗണ്ടിയിൽ താമസിക്കുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജോസ് അക്കക്കാട്ട് ആണ് ഈ നാട്ടിൽ അസാധ്യമെന്നു തോന്നുന്ന കൃഷികള്‍ വിളയിച്ചെടുത്ത് സായിപ്പന്‍മാരെ അടക്കം അമ്പരപ്പിക്കുന്നത്. ആള്‍പ്പൊക്കമുള്ള പയറും പടവലവും മുതല്‍ തക്കാളിയും പാവലും കുക്കുമ്പറും എന്തിന് കഞ്ചാവ് വരെ നീളുന്നതാണ് മറുനാട്ടിലെ ഈ കര്‍ഷകശ്രീയുടെ പറമ്പിലെ കൃഷികള്‍ എന്നറിയുമ്പോള്‍ ആരുമൊന്ന് ഞെട്ടും.


വിളകളുടെ കൂടത്തില്‍ കഞ്ചാവെന്ന് കണ്ട് ആരും സംശയിക്കേണ്ടെന്ന് ജോസേട്ടന്‍. 'ന്യൂയോര്‍ക്കില്‍ മൂന്ന് മൂട് വരെ കഞ്ചാവ് നിയമവിധേയമാണ്. ഇത് പാകമായി കഴിയുമ്പോള്‍ അടുത്ത തൈകള്‍ നടാന്‍ നിയമം അനുവദിക്കും. തൊടിയില്‍ കഞ്ചാവ് നട്ടെന്നു കരുതി ഞാന്‍ ഉപയോഗിക്കുകയൊന്നും ഇല്ല കേട്ടോ. ഒരു കൗതുകത്തിന്റെ പുറത്ത് നട്ടതാണ്. ഉച്ചയൊക്കെ ആകുമ്പോള്‍ വിളഞ്ഞ കഞ്ചാവിന്റെ മണം അവിടാകെ പരക്കും. ചുമ്മാതല്ല നാട്ടില്‍ രഹസ്യമായി കഞ്ചാവ് നട്ടാലും പൊലീസ് കയ്യോടെ പൊക്കുന്നത്. അത്രയ്ക്ക മണമാണ് ഇതിന്. ഇവിടെ ഇത് ഓഷധമായാണ് ഉപയോഗിക്കുന്നത്.' -നാട്ടിലെ വില്ലൻ ഇവിടുത്തെ ഹീറോ എന്ന് ജോസേട്ടന്റെ നിരീക്ഷണം.

37 വര്‍ഷമായി ജോസേട്ടന്‍ യുഎസില്‍ വന്നിട്ട്. 1987 ലെ ആദ്യകാല കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ എത്തിയതാണ്. നാട്ടില്‍ ഒന്നാന്തരം കര്‍ഷക കുടുംബമായിരുന്നു. കൃഷിയും കന്നുകാലിയുമെല്ലാം ധാരാളം. ചെറുപ്പത്തിലെ അപ്പന്റെ കൂടെ കൃഷിപ്പണിക്ക് ഇറങ്ങിയത് അതിനോടുള്ള താല്‍പ്പര്യം കൊണ്ടും കൂടിയായിരുന്നുവെന്ന് ജോസേട്ടന്റെ സാക്ഷ്യം.

ഞങ്ങളും കൃഷിയിലേക്ക്

ധാരാളം വെള്ളം കിട്ടുന്ന തോടുണ്ട് ജോസേട്ടന്റെ റോക്ക് ലാന്‍ഡിലെ പറമ്പില്‍. വിത്തുകള്‍ വീട്ടില്‍ വച്ച് മുളപ്പിച്ചതിനു ശേഷമാണ് കൃഷിയിറക്കുന്നത്. നാലു മാസമാണ് കൃഷി ചെയ്യാന്‍ അനുകൂലമായ കാലാവസ്ഥ പുറത്ത് കിട്ടൂ. ആ സമയം കൊണ്ടാണ് കൃഷിയിലെ പരീക്ഷണങ്ങളത്രയും. ' ആദ്യമായി ഫെന്‍സിങ് നടത്തുകയാണ് വേണ്ടത്. നാട്ടില്‍ പന്നിയാണെങ്കില്‍ ഇവിടെ മാനാണ്. വിളയാന്‍ നോക്കി നില്‍ക്കും ഇവറ്റകള്‍. വന്നാല്‍ തരിമ്പു പോലും ബാക്കി വയ്ക്കാതെ തിന്നു കളയും. ഞാന്‍ ആദ്യം നല്ല വേലിയാണ് കെട്ടിയത്. എ്ന്നിട്ടാണ് കൃഷി ഇറക്കിയത്.' -  ജോസേട്ടന്റെ വാക്കുകളില്‍ തഴക്കവും പഴക്കവും ചെന്ന കര്‍ഷകന്റെ അനുഭവങ്ങള്‍.

ആരും ഒരിക്കല്‍ പോലും കൃഷിയിറക്കാത്ത സ്ഥലമായിരുന്നു ജോസേട്ടന്റേത്. അതുകൊണ്ടുതന്നെ മണ്ണ് നല്ല കന്നിപ്പെണ്ണിനെപ്പോലെ ഫലഭൂയിഷ്ടവുമായിരുന്നു. ആദ്യമൊക്കെ 200 ഡോളര്‍ ആദ്യം മുടക്കി മെക്‌സിക്കനെ കൊണ്ട് കിളപ്പിച്ചതിനു ശേഷമാണ് കൃഷിയിറക്കിയിരുന്നത്. മെക്‌സിക്കോയില്‍ നിന്നുള്ള പണിക്കാരന് എന്ത് കൃഷി. അവന്‍ പണി കഴിഞ്ഞു പോകുമ്പോള്‍ പറമ്പിലെ കാനയൊക്കെ മണ്ണ് നിറഞ്ഞു മൂടുന്ന അവസ്ഥ. ഇതെല്ലാം വീണ്ടും തെളിയിച്ചെടുക്കാന്‍ പിന്നെയും പണിയണം.

അതോടെ ഒരു ടില്ലര്‍  വാങ്ങി. അതുപയോഗിച്ച് മണ്ണി ഇളക്കിയായി പിന്നീട് കൃഷി. ഫാം ലാന്‍ഡ് ആയതു കൊണ്ട് ധാരാളം വെള്ളമുണ്ട്. പമ്പ് ഉപയോഗിച്ച് ജലസേചനവും നടത്തും. പണികളെല്ലാം തനിച്ചാണ്. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതോടെ ് ഭാര്യ ലിസമ്മയും കൈസഹായത്തിനായി എത്തും. അങ്ങനെ കൃഷി കുടുംബകാര്യമാക്കി മാറ്റുകയായിരുന്നു ഇരുവരും ചേര്‍ന്ന്. ആളുയരമുള്ള പയറും പടവലവുമൊക്കെ തിളങ്ങി നില്‍ക്കുമ്പോള്‍ അതിനു പിന്നില്‍ ലിസമ്മയുടെ കൂടി അധ്വാനമുണ്ടെന്ന് ജോസേട്ടന്റെ വെളിപ്പെടുത്തല്‍ കേട്ട് തൊട്ടടുത്ത്് നിന്ന്ിരുന്ന ലിസമ്മയ്ക്ക് നാണം.



തൈകള്‍ തിരഞ്ഞെടുക്കുന്നിടത്ത് തുടങ്ങും ജോസേട്ടന്റെ ശ്രദ്ധ. 24 ചുവട് 18 ഡോളറിന് കിട്ടുന്ന തൈകളാണ് വാങ്ങുന്നത്. മുത്ത് പോയ തൈകള്‍ കൊള്ളില്ല. പലരും ഇതൊന്നും മനസിലാക്കാതെ കൃഷിക്ക് ഇറങ്ങുന്നതു കൊണ്ട് വിജയം നേടാന്‍ കഴിയാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഫാം  ലാന്‍ഡില്‍ 5 കൂട്ടം പയര്‍, പാവല്‍, പടവലം, വെണ്ട, തക്കാളി, കുക്കുമ്പര്‍, പച്ച മുളക് എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. ദൈവം സഹായിച്ച് നല്ല വിളവും ലഭിക്കുന്നുണ്ട്. രാസവളം ഒന്നും ഉപയോഗിക്കില്ല. കുഴിച്ചു വയ്ക്കുമ്പോള്‍ വേര് വേഗത്തില്‍ പിടിക്കുന്നതിന് അല്‍പം വളം ചേര്‍ക്കും എന്നതൊഴിച്ചാല്‍ മറ്റു വളപ്രയോഗം ഒന്നുമില്ല. ഇലകള്‍ വീണു ചീഞ്ഞു വളം ആകുന്നതു തന്നെ ധാരാളം. പിന്നെ മഞ്ഞു വീഴ്ച കാരണം ഇവിടെ കീടങ്ങളില്ല. മാന്‍ മാത്രമാണ് ഇവിടുത്തെ വില്ലന്‍. നല്ല പാകമായാല്‍ ഉടന്‍  വരും അവറ്റകള്‍. നമ്മുടെ നാട്ടിലെ പന്നികള്‍ ചെയ്യുന്ന ദ്രോഹമാണ് ഇവിടുത്തെ മാനുകള്‍ ചെയ്യുക. നല്ല ഫെന്‍സിങ് ചെയ്യുക മാത്രമാണ് പോംവഴി.'- നൂറു മേനിയുടെ പിന്നിലെ ട്രിക്‌സ് വെളിപ്പെടുത്തി ജോസേട്ടന്‍.

ന്യൂയോര്‍ക്കിലെ കാലാവസ്ഥയില്‍ കപ്പയും കാച്ചുലും ചേമ്പുമൊന്നും പറ്റില്ലെന്ന് അദ്ദേഹം പറയുന്നു. മണ്ണിനു മുകളിലുള്ള വിളകള്‍ മാത്രമേ സാധിക്കൂ എന്നത് ചെറിയ വിഷമം ഉണ്ടാക്കുന്നതാണ്. ഇച്ചിരി കപ്പയും കാച്ചിലുമെല്ലാം കൃഷി ചെയ്യാന്‍ പറ്റാത്തതാണ് ജോസേട്ടനിലെ കര്‍ഷകന്റെ സ്വകാര്യ ദു:ഖം. എന്നാലും കൃഷി അത്ര എളുപ്പമുള്ള പണിയല്ല. ജോസേട്ടന്റെ കൃഷി കണ്ട് ആവേശം കൊണ്ട അയലത്തെ സായിപ്പിന് കിട്ടിയത് മുട്ടന്‍ പണി. സായിപ്പിന്റെ വിള പാകമായപ്പോള്‍ ദേ വരുന്നു, മാന്‍. അതു പോയതിനേക്കാള്‍ വേഗത്തില്‍ അയാള്‍ ജോസേട്ടന്റെ വീട്ടിലെത്തി. നിങ്ങളുടെ കൃഷി മാന്‍ തൊട്ടില്ലല്ലോ? ഫെന്‍സിങ്ങിന്റെ ഗുണമേന്‍മ പറഞ്ഞു കൊടുക്കുക മാത്രമല്ല, അയാളുടെ പറമ്പില്‍ ഫെന്‍സിങ് ചെയ്യാന്‍ ജോസേട്ടന്‍ കൂടി ഇറങ്ങുകയും ചെയ്തു.

കൃഷി മണ്ണില്‍, ഫലം മനസ്സിന്

എന്നും രാവിലെ ജോസേട്ടന്‍ തൊടിയിലേക്ക് ഇറങ്ങും. അവിടെ തന്റെ അരുമ ചെടികളോട് സംസാരിച്ചും തൊട്ടു തലോടിയും ഇടയ്ക്ക് ഇലയില്‍ പിടിച്ച് ഒരു കിഴുക്കുമൊക്കെ കൊടുത്ത് കുറച്ചു നേരം ചെലവഴിക്കും. കായ്കള്‍ പച്ചയ്ക്ക് പറിച്ചു കഴിക്കും. കൃഷി ചെയ്ത് ഉണ്ടാക്കുന്നതൊക്കെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും മറ്റും സൗജന്യമായി കൊടുക്കും. ഇത്രയും നാളായി പച്ചക്കറികള്‍ കൊടുത്ത വകയില്‍ ഒരു രൂപ ആരുടെയും കയ്യില്‍ നിന്ന് വാങ്ങിച്ചിട്ടില്ല.

'ചിലര്‍ വന്നു പച്ചക്കറി ചോദിച്ചു വാങ്ങിയശേഷം പണം നല്‍കും. ഞാന്‍ നിരസിക്കും. വെളുമ്പന്‍മാര്‍ക്ക് എന്റെ കൃഷി കണ്ട് കൗതുകമാണ്. പലരും കാണാനായി വരും. അവര്‍ക്ക് പടവലങ്ങയൊക്കെ കണ്ട് അന്തം വിടുന്ന സായിപ്പിനെ കാണാന്‍ നല്ല കോമഡിയാണ്. ഞാന്‍ അവര്‍ക്ക് പയറും പടവലവുമൊക്കെ പറിച്ചു കൊടുക്കും. എന്നിട്ട് നമ്മള്‍ കറി വയ്ക്കുന്ന രീതിയൊക്കെ  പറഞ്ഞു കൊടുക്കും. ചിലരൊക്കെ പരീക്ഷിച്ച് രൂചിയെക്കുറിച്ച് വാചാലരാകാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. എറ്റവും നല്ല ഹോബി എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, കൃഷി എന്ന്.'- ജോസേട്ടന്റെ വാക്കുകളില്‍ കര്‍ഷകന്റെ ചാരിതാര്‍ത്ഥ്യം.



മെട്രോപോളിറ്റല്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം മുഴുവന്‍ സമയ കൃഷിയുമായി തിരക്കിലാണ് ജോസേട്ടന്‍. ഭാര്യ ലിസമ്മ ജോസും തൊടുപുഴ സ്വദേശിയാണ്. നഴ്‌സിങ് ഹോമില്‍ നിന്ന് റിട്ടയര്‍ ചെയ്തു. 2 മക്കളും അവരുടെ ഭാര്യമാരും ഡോക്ടര്‍മാരാണ്. ഒരാള്‍ ഫ്‌ളോറിഡയിലും മറ്റൊരാള്‍ മാന്‍ഹാട്ടണിലും. അപ്പന്റെയും അമ്മയുടെയും കൃഷി അവര്‍ക്കും സന്തോഷമാണ്. എല്ലാ വര്‍ഷവും നേരില്‍ പോയും പാഴ്‌സലായും ധാരാളം പച്ചക്കറികള്‍ വീട്ടിലെത്തുന്ന സന്തോഷം ഇരുവര്‍ക്കും.


കൃഷിയിൽ ചില്ലറ പരീക്ഷണങ്ങളും ജോസേട്ടൻ നടത്തുകയും അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിൻ്റെ സാക്ഷ്യമെന്നോണം വീടിൻ്റെ മുന്നിൽ നിറയെ കായ്ച്ചു നിൽക്കുന്ന ഏഷ്യൻ പെയറുകളുണ്ട്. നമ്മുടെ നാട്ടിലെ സബർജലി. വെറും പെയർ അല്ല ഫ്ലവറിംഗ് ട്രീയുമായി ബഡ് ചെയ്ത് സ്വയം ഉണ്ടാക്കിയെടുത്ത മരങ്ങൾ. സാധാരണ പിയറിനേക്കാൾ വലിപ്പവും മധുരവും കൂടുതലാണിതിന്. മാത്രമല്ല ബഡ് ചെയ്ത ചെടിക്ക് ഭ്രാന്ത് പിടിച്ചതു പോലെ കായ്ക്കുകയും ചെയ്യുന്നു. റോഡിലൂടെ പോകുന്നവർ വണ്ടി നിർത്തി ഇത് കാണാൻ വരുന്നത് പതിവാണെന്ന് ജോസേട്ടൻ പറയുന്നു.

ആദ്യമൊക്കെ വിളവ് പള്ളിയില്‍ കൊണ്ടുപോയി കാണുന്നവര്‍ക്ക്  കൊടുത്തിരുന്നു. പക്ഷേ കൊണ്ടു ചെല്ലുന്ന ദിവസം എല്ലാവരും പള്ളിയില്‍ കാണണമെന്നില്ല. കിട്ടാത്തവരില്‍ ചിലര്‍ക്ക് പരിഭവമായി. അങ്ങനെയാണ് ആ പതിവ് നിര്‍ത്തിയതെന്ന് ജോസേട്ടന്റെ വെളിപ്പെടുത്തല്‍. 'കൃഷി മാത്രമല്ല നായാട്ടിലും ചൂണ്ടയിടുന്നതിലുമെല്ലാം പ്രാവീണ്യമുണ്ട് ജോസേട്ടന്. കൂട്ടായി അടുത്തു തന്നെയുള്ള 10-12 മലയാളികളുമുണ്ട്. മുന്‍പ് 2 ബീന്‍  ബാഗ് നിറയെ മീന്‍ പിടിച്ചുകൊണ്ടുവന്ന് എല്ലാവര്‍ക്കും കൊടുത്തിരുന്ന കാലമുണ്ടായിരുന്നു.  നായാട്ടിന് പോയാല്‍ 2-3 മാനിനെ ഒക്കെയായാണ് മടക്കം. തിരിച്ചു വന്നിട്ട് പിന്നെ എല്ലാവരെയും വിളിച്ചു കൂട്ടി ആഘോഷമാണ്.'- ജോസേട്ടന്റെ കഥയ്ക്ക് ലിസമ്മ ചേച്ചി വക ടെയില്‍ എന്‍ഡ്