ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയുള്ള ജാസ്മിൻ ജാഫറിന്റെ റീൽസ്; ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹം

തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യൂട്യൂബർ കാൽ കഴുകിയ സംഭവത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും.
യൂട്യൂബർ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി തീർത്ഥക്കുളത്തിൽ കാൽകഴുകിയത്. കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സംഭവം വിവാദമായതോടെ വീഡിയോ പിൻവലിച്ചു.
ക്ഷേത്രത്തിന്റെ ഭാഗമായ തീർത്ഥക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. നടപ്പുരയിലും ഇവർ ഇവർ റീൽസ് ചിത്രീകരിച്ചിരുന്നു അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടെമ്പിൽ പൊലീസിൽ പരാതി നൽകിയിരുന്നു.