വെനിസ്വേലന്‍ പ്രസിഡന്റും ഭാര്യയും ജയിലില്‍ തുടരും; കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ചു

Jan 6, 2026 - 19:56
 0  7
വെനിസ്വേലന്‍ പ്രസിഡന്റും ഭാര്യയും ജയിലില്‍ തുടരും; കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യം വെനിസ്വേലയില്‍ നിന്ന് പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും കോടതിയില്‍ ഹാജരാക്കി. ഇരുവരും തങ്ങള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിഷേധിച്ചു.

അതിശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്ക് കോടതിയില്‍ എത്തിച്ചത്. ജയിലിലെ നീല വസ്ത്രം ധരിപ്പിച്ചാണ് രാഷ്ട്രത്തലവനായ മഡൂറോയെ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന് മുന്നില്‍ ഹാജരാക്കിയത്.

അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നിന്ന് അമേരിക്കന്‍ സൈന്യം വെനിസ്വേലന്‍ പ്രസിഡന്റായ മഡുറോയെ പിടികൂടിയത്. യുഎസിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ഗൂഢാലോചന നടത്തി, ഭീകരവാദത്തിന് കൂട്ടുനില്‍ക്കല്‍, അഴിമതി, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് അമേരിക്ക തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും മഡൂറോ വാദിച്ചു.