പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി ; രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാം

Sep 23, 2025 - 15:55
Sep 24, 2025 - 08:17
 0  261
പ്രവാസികൾക്കായുള്ള  ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി ; രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാം

പ്രവാസികൾക്ക്  മാത്രമായി രൂപകൽപ്പന ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നോർക്ക കെയർ എന്നറിയപ്പെടുന്ന ഈ പദ്ധതി, സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള നോർക്ക റൂട്ട്‌സ് ഏജൻസിയുടെ കീഴിലാണ് ആരംഭിച്ചത്. സംസ്ഥാന രൂപീകരണ ദിനമായ നവംബർ 1 മുതൽ പദ്ധതി ലഭ്യമാക്കും.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ‘നോർക്ക കെയർ’ എന്ന പേരിൽ പ്രവാസികൾക്കായി സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോർക്ക കെയർ. ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണിത്. നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കി ക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചുകൊണ്ട് നമ്മുടെ നാടിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികൾ. അതുകൊണ്ടുതന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.  മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതിയുടെ ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ് ഇന്നു മുതൽ ഒക്‌ടോബർ 22 വരെ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.