ഇനിയും നീയവളെ ക്ഷണിക്കരുത്: കവിത , ജയമോൾ വർഗ്ഗീസ്

ഇനിയും നീയവളെ ക്ഷണിക്കരുത്: കവിത , ജയമോൾ വർഗ്ഗീസ്

വളുടെ സ്വപ്നങ്ങളിലേയ്ക്ക്

എന്തിനാണ് നീ 

പിന്നേയും പിന്നേയും 

അതിക്രമിച്ചു കയറുന്നത്...?

 

നോവുറഞ്ഞ ഹൃദയത്തെ 

പ്രണയാർദ്രമായ്

ചുംബിക്കുന്നതെന്തിനാണ്...?

 

വിഷാദത്തിന്റെ ചങ്ങല

 കിലുക്കത്തിൽ നിന്ന് 

അവളുടെ കണങ്കാലുകളെ

 ആത്മാവിനൊപ്പം

സ്വതന്ത്രമാക്കുന്നതെന്തിനാണ്..?

 

നാവ് ഛേദിച്ച കവിതകളാൽ

 മൗനമായ് ..

അവളുടെ മിഴിയിണകളെ

ചുംബിക്കുന്നതെന്തിനാണ്...?

 

നിരാശകളിൽ മുഖം

പൂഴ്ത്തിയുറങ്ങുന്നൊരുവളെ..

പച്ചയ്ക്ക് കത്തി പടർത്താൻ....

വിശപ്പുണരുന്ന വാക്കുകളാൽ ...

വൃഥാ പുണരുന്നതെന്തിനാണ്...?

 

ആത്മാവിൽ ഒരിക്കലും

 പെയ്യാനിടയില്ലാത്ത 

വർഷകാല മേഘങ്ങളെ

അവളുടെ മിഴികളിൽ 

 തിരയുന്നതെന്തിനാണ്...?

 

കണ്ണിൽ ചിതറിത്തെറിക്കുന്ന

 കടൽത്തിരകൾ

വരയ്ക്കുന്നതെന്തിനാണ്..?

 

വിതുമ്പുന്ന വേരുകളാൽ

അവളെ പുണർന്ന്...

 പ്രണയത്തിന്റെ

തലതൊട്ടപ്പനാവുന്നത് 

എന്തിനാണ്...?

 

ഇനിയും

പരിഭാഷപ്പെടുത്തിയിട്ടില്ലാത്ത 

പ്രണയ ലിഖിതങ്ങളിലേയ്ക്ക് 

അവളെ ചേർത്തെഴുതുന്നത്

 എന്തിനാണ്..?

 

ആകാശത്താഴ് വരകളിലെ 

മഞ്ഞു പൊഴിയുന്ന..

സ്വപ്ന ഭൂമികകളിലേയ്ക്ക്

 കെട്ടഴിച്ചുവിട്ട രണ്ടു

 കൊടുങ്കാറ്റുകളായ് ..

അലസം അലയാൻ

ക്ഷണിക്കുന്നതെന്തിനാണ്...

 

കത്തുന്ന കടലിനെ വകഞ്ഞ്

ഉന്മാദത്തിരകളെ തഴുകി

പ്രണയികളുടെ 

ഉന്മാദ നഗരത്തിലേയ്ക്ക് 

സ്വർഗ്ഗം തിരയാൻ

അവളെ

 വിളിക്കുന്നതെന്തിനാണ്...?

 

അരുത്... ഇനിയും നീയവളെ

 ക്ഷണിക്കരുത്..

നിനക്കൊപ്പം പങ്കിട്ട 

ഒടുവിലത്തെ 

അത്താഴ വേളയിൽ... 

വിശിഷ്ട ഭോജ്യമായ് അവൾ

 നിനക്കേകിയത്...

നിന്നെ പ്രണയിച്ച അവളുടെ

 ഹൃദയമായിരുന്നു..

 

ജയമോൾ വർഗ്ഗീസ്