ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നാളെ

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നാളെ

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കല്‍ നാളെ. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് രാവിലെ 7.30-നാണ് വിക്ഷേപണം. ഗഗന്‍യാന്‍ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്. ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി പേടകം സജ്ജമെന്നും ഐഎസ്ആഒ അറിയിച്ചു. 

പേടകം ശബ്ദാതീത വേഗത്തിലേക്ക് കടക്കുമ്പോള്‍ തകരാര്‍ ഉണ്ടായാല്‍ ബഹിരാകാശ സഞ്ചാരികളെ രക്ഷിക്കാനുള്ള സാങ്കേതികവിദ്യ പൂര്‍ണതോതില്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും. പ്രത്യേക മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ക്രൂമോഡ്യൂളിനെ ദൂരേക്ക് തൊടുത്തുവിടും. അറുപതാം സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം എത്തുമ്പോഴാണ് ദൗത്യം തുടങ്ങുക.

ഗഗൻയാൻ ക്രൂ മോഡ്യൂള്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച്‌ മിഡ്-ഫ്ലയിറ്റ് ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷിക്കുന്നതാണ് ദൗത്യം.

പരീക്ഷണ പറക്കല്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്തുമെന്ന് ഇസ്രോ അറിയിച്ചിട്ടുണ്ട്. ഐഎസ്‌ആര്‍ഒ വെബ്സൈറ്റ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗഗൻയാൻ പരീക്ഷണ പറക്കല്‍ ലൈവായി കാണാം. കൂടാതെ ഡിഡി നാഷണല്‍ ചാനലിലും തത്സമയം വീക്ഷിക്കാം.

ടിവി-ഡി1 പരീക്ഷണ പറക്കലില്‍, ക്രൂ മോഡ്യൂളിന്റെ അണ്‍പ്രഷറൈസ്ഡ് വെര്‍ഷൻ വഹിക്കുന്നത് സിങ്കിള്‍-സ്റ്റേജ് പ്രൊപ്പലന്റ്-ബേസ്ഡ് റോക്കറ്റാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പൊട്ടിത്തകരുന്ന ക്രൂ മോഡ്യൂള്‍ വീണ്ടെടുക്കാൻ നേവിയും സ്പേസ് ഏജൻസികളും പരിശീലനം നടത്തും.