രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ് ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച്‌ സാക്ഷി മാലിക്

രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ് ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച്‌ സാക്ഷി മാലിക്

ബ്രിജ് ഭൂഷന്റെ മകനെ സ്ഥാനാർഥി ആക്കിയതില്‍ വിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക്. രാജ്യത്തെ പെണ്‍മക്കള്‍ തോറ്റെന്നും ബ്രിജ്ഭൂഷണ്‍ ജയിച്ചെന്നും ഗുസ്തിതാരം സാക്ഷി മാലിക്.

സ്ഥാനാർഥിത്വം രാജ്യത്തെ കോടികണക്കിന് പെണ്‍മക്കളുടെ മനോവീര്യം തകർത്തെന്നും സാക്ഷി വിമർശിച്ചു. കൈസർഗഞ്ചില്‍ സിറ്റിംഗ് എംപി ആയ ബ്രിജ് ബുഷനെതിരെ ലൈംഗിക ആരോപണം അടക്കം വരികയും ഗുസ്തി താരങ്ങള്‍ ശക്തമായ സമരം നടത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ബ്രിജ് ഭുഷനെ കൈവിടാൻ കഴിയാത്ത ബിജെപി അദ്ദേഹത്തിന്റെ മകനെ സ്ഥാനാർഥി ആക്കിയത്.

ഇതിനു പിന്നാലെയാണ് സമരത്തിന് നേതൃത്വം നല്‍കിയ ഗുസ്തി താരം സാക്ഷി മാലിക് വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ് ഭൂഷണ്‍ വിജയിച്ചു. ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ കരിയർ പണയപ്പെടുത്തി. ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് തെരുവില്‍ ഉറങ്ങി, ഇന്നുവരെ, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങള്‍ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, നീതി മാത്രം ആവശ്യപ്പെടുന്നു. ബ്രിജ് ഭൂഷന്‍റെ മകന് ടിക്കറ്റ് നല്‍കിയതിലൂടെ നിങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം തകർത്തു. ടിക്കറ്റ് ഒരു കുടുംബത്തിന് മാത്രമാണെങ്കില്‍, ഒരു മനുഷ്യന്‍റെ മുന്നില്‍ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോ?

ശ്രീരാമന്‍റെ പേരില്‍ വോട്ടുകള്‍ മാത്രം മതി, അദ്ദേഹം കാണിച്ചുതന്ന പാതയോ? ഇങ്ങനെയാണ് സാക്ഷി മാലിക് എക്‌സില്‍ കുറിച്ചത്. മെയ് 20നാണ് കൈസർഗഞ്ചില്‍ വോട്ടെടുപ്പ് .