നുറുങ്ങുകവിതകള്‍ ;ടോബി തലയല്‍, മസ്കറ്റ്

വിസില്‍
പൂവനെ കുക്കറില്‍ കറിവെച്ചതില്‍പ്പിന്നെ
രാവിലെ ഞാനുണരുന്നത് വിസില്‍ കേട്ടാണ്!
തിരച്ചില്‍
രാത്രി കുളത്തില്‍ വീണുപോയ ചന്ദ്രനെ
തിരയാന്‍ രാവിലെ തന്നെ സൂര്യനെത്തി
എത്ര അരിച്ചു പെറുക്കിയിട്ടും
മാനത്തുകണ്ണിപോലത്തെ കുറെ
നക്ഷത്രക്കുഞ്ഞുങ്ങളെയല്ലാതെ
വേറൊന്നും കിട്ടിയില്ല!
പ്രതീക്ഷ
ഒരു കച്ചിത്തുരുമ്പിന്റെ അറ്റത്ത്
തന്നെയാണ് ഇപ്പോഴും പ്രതീക്ഷ
പൂവ്
ഒരു കുഞ്ഞിന്റെ പുഞ്ചിരിയിലല്ലാതെ
എവിടെയാണെനിക്ക് വിരിയാനാവുക?
ഓര്‍മ
എവിടെയോ മറന്നുവെച്ച കണ്ണട തേടി
നടക്കുകയാണ് കാഴ്‌ചമങ്ങിയ ഓര്‍മ
ടോബി തലയല്‍, മസ്കറ്റ്