Dr ദോസ്ത് : ഓർമ , റോയ്‌  പഞ്ഞിക്കാരൻ

Dr ദോസ്ത് : ഓർമ , റോയ്‌  പഞ്ഞിക്കാരൻ

 

ക്ലാസ്സിൽ  അധ്യാപകർ പഠിപ്പിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ  മുഖം കുനിച്ചിരുന്നു എന്തൊക്കെയോ അവൻ കുത്തിക്കുറിക്കുന്നത് കാണാം .  കുട്ടികളുടെ ബാഹുല്യം കാരണം അധ്യാപകരുടെ കണ്ണുകൾ അവസാന ബെഞ്ചുകളിലേക്കൊന്നും എത്തില്ലായിരുന്നു . വലിയ സാമ്പത്തികമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ വീട്ടിലെ കുട്ടിയായിരുന്നു അവൻ . മനോഹരമായ പുഞ്ചിരിയും വിടർന്ന കണ്ണുകളും ചുരുണ്ട തലമുടിയും ആണ് അവന്റെ സ്വത്ത്‌ , എങ്കിലും മുഖത്തെപ്പോഴും ഒരു വിഷാദ ഭാവമാണ് അവൻ ഏകനായി ഇരിക്കുമ്പോൾ . പഠനത്തിൽ വലിയ താല്പര്യമൊന്നും കാണിക്കുന്നത് കണ്ടിട്ടില്ല . നഗരത്തിലിറങ്ങുന്ന എല്ലാ സിനിമകളും പോയി കാണും .  തീയേറ്ററിലിരുന്നു സ്‌ക്രീനിൽ കാണുകയും കേൾക്കുകയും  ചെയ്യുന്ന പാട്ടുകൾ ഇരുളിന്റെ മറവിൽ നോട്ട്ബുക്കിൽ എഴുതിയെടുത്ത് മനോഹരമായി പാടുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു അവന്. തികച്ചും ഒരു  കവി  എന്ന് തോന്നിയത് ക്ലാസ്സിൽവെച്ചു കുത്തിക്കുറിക്കുന്നതു കവിതകളായിരുന്നു എന്നറിഞ്ഞപ്പോഴാണ്, എല്ലാ വരികളും പ്രപഞ്ചത്തെ പ്രണയിക്കുന്നത് . 


അവസാന വർഷ പരീക്ഷയുടെ ഫലം വന്നപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി,അവൻ  ക്ലാസ്സിൽ ഒന്നാമൻ .  
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി  മെഡിക്കൽ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു . പരീക്ഷയുടെ തലേദിവസം രാത്രിയിൽ തൊട്ടടുത്ത അമ്പലത്തിലെ ഉത്സവത്തിന്റെ ഗാനമേള മതിയാവോളം ആസ്വദിച്ചു പാതിരാത്രിയിൽ വീട്ടിൽ തിരിച്ചെത്തി സുഖമായുറങ്ങി . പിറ്റേദിവസം പോയി പ്രവേശന പരീക്ഷ എഴുതി .  ഫലം വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റാങ്ക്ലിസ്റ്റിൽ അവന്റെ പേരും .  മെഡിക്കൽ വിദ്യാർത്ഥിയായി  കോളേജിൽ ചെന്നപ്പോഴാണ് പണക്കാരന്റെയും പാവപ്പെട്ടവന്റെയും അന്തരം അവനു മനസ്സിലായി തുടങ്ങിയെത് . ഒപ്പം റാഗിങ്ങും .  എല്ലാം  ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടിപോവണമെന്നു  തോന്നുന്നുവെന്ന് അവൻ പലപ്പോഴും പറഞ്ഞു  പലപ്പോഴും ക്ലാസ്സിൽ പോകാതെ നഗരത്തിലെ ലൈബ്രറിയിൽ സമയം ചിലവഴിച്ചു . അതറിഞ്ഞ മാതാപിതാക്കൾ അവനെ കോളേജ് ഹോസ്റ്റലിൽ ചേർത്തു . ആദ്യമൊക്കെ അവൻ വിഷമിച്ചെങ്കിലും പിന്നീട് കോളേജിൽ കവിതയും സാഹിത്യവും ഒക്കെ ആയി കൂട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റി . ആർട്സ് ക്ലബ് സെക്രെട്ടറി ആയി അവൻ  തെരെഞ്ഞെടുക്കപ്പെട്ടു . വർഷങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു. ഒടുവിൽ നഗരത്തിലെ പ്രശസ്തനായ ഗൈനക്കോളജിസ്റ്റായി അവൻ മാറി . 


ഗർഭിണികൾ അവന്റെ കൈയിൽ സുരക്ഷിതരായിരുന്നു . പാവപ്പെട്ടവരുടെ കൈയിൽനിന്നും ഫീസ് വാങ്ങിയിരുന്നില്ല . അവർക്കാവശ്യമുള്ള മരുന്നുകൾ സൗജന്യമായി നൽകി . അവന്റെ കൈയിലെത്തുന്ന കുഞ്ഞുങ്ങൾ മിടുക്കരാകുന്നപോലെ  അമ്മമാർക്ക് തോന്നി . വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു 
അന്നും പതിവുപോലെ പുഞ്ചിരിതൂകി  ആശുപത്രിയിലെത്തി.  Dr നെ കാണുമ്പൊൾ,  മാലാഖ കുഞ്ഞുങ്ങളെ വയറ്റിലേന്തി നിൽക്കുന്ന അമ്മമാരുടെ മുഖത്ത്  ആശ്വാസത്തിന്റെ പുഞ്ചിരി വിടരും .  

അന്നൊരു സിസേറിയൻ ഉണ്ടായിരുന്നു .  വിജയകരമായി കുട്ടിയെ പുറത്തെടുത്തു . കുഞ്ഞിന്റെ കരച്ചിൽ ആ  മുറിയാകെ മുഴങ്ങി .  
പൊടുന്നനെ അവന്റെ ഇടത് കയ്യിലൊരു വേദന . കുഞ്ഞിനെ  നഴ്സിന്റെ കൈയിൽ കൊടുത്തു . 
ആ വേദന പടർന്ന് പടർന്ന് ഹൃദയമിടിപ്പിനെ ബാധിച്ചു . നെഞ്ചു വേദനയായി .  വേച്ചു വേച്ചു ഒരു കസേരയിൽ ഇരുന്നു . നേഴ്സ് ഓടിപോയി മറ്റൊരു ഡോക്ടറെ   കൊണ്ടുവന്നു . ഡോക്ടർ  അവന്റെ കൈയിൽ പിടിച്ചു പൾസ് നോക്കി . അറിയാതെ ഡോക്ടറുടെ  കൈയിൽനിന്നും ഞങ്ങളുടെ പ്രിയ കൂട്ടുകാരന്റെ കൈ താഴേക്ക് പതിച്ചു . കയ്യുറയിട്ട അവന്റെ വിരലുകളിൽ നിന്നും പ്ലാസന്റയുടെ ചോരത്തുള്ളികൾ ഇറ്റി ഇറ്റി  തറയിലേക്ക് വീഴുന്നുണ്ടായിരുന്നു  . 

റോയ്‌ പഞ്ഞിക്കാരൻ