തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് മുഖ്യമന്ത്രി; ഔദ്യോഗിക നോട്ടീസിലെ ബിജെപി സീൽ നിസാരമല്ല
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക നോട്ടീസിൽ ബിജെപിയുടെ സീൽ പതിഞ്ഞത് അവിശ്വസനീയവും നിർഭാഗ്യകരവുമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ടാണ് കത്ത്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. വിമർശനം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം, കമ്മീഷന്റെ വീഴ്ചയെ വിമർശിച്ചവർക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.