പ്രണയം: ഗദ്യ കവിത, പുഷ്പ ബേബി തോമസ്

പ്രണയം:  ഗദ്യ കവിത, പുഷ്പ ബേബി തോമസ്

പുഷ്പ ബേബി തോമസ്

 

ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക

എളുപ്പമല്ല. അനുഭവിച്ചറിയണം;

പ്രണയം അങ്ങനെയാണ് .

 

കാത്തിരിക്കുന്ന , നനഞ്ഞു

കൊണ്ടിരിക്കുന്ന, കനലൊളിപ്പിച്ച ചാരം

മൂടിയ അവസ്ഥയിലായാലും  അത്

അനുഭവിക്കണം.

 

അതേ ... പ്രണയം ജീവിതത്തിലെ

അത്യപൂർവ്വ അനുഭവമാണ്;

അനുഭവിക്കുന്നവർ അത്യന്തം

ഭാഗ്യശാലികളും . 

 

തീവ്രമായി ആഗ്രഹിക്കുന്നതൊന്നും

ലഭിക്കാതെ പോവില്ല എന്നതാണ്

പ്രകൃതി നിയമം. ജീവിതത്തിൽ

ഒരിയ്ക്കൽ ... ഒരാളോട്......ഒരാളോട്

മാത്രം; തോന്നുന്ന അനുഭൂതിയാണ്

പ്രണയം .  അടുത്തുണ്ടാവണമെന്നോ,

കാണണമെന്നോ , കേൾക്കണമെന്നോ ഇല്ല. 

ശ്വസിക്കുന്ന വായുവിൽ അവനാണ് .ഏറെ

കൊതിക്കുമ്പോൾ അവനും അതേ

കൊതിയോടെ നിന്നെ കുറിച്ച്  അതേ

കൊതിയോടെ  ആലോചിക്കുകയാവും.

 

പ്രണയം അറിയാതെ സംഭവിച്ചു

പോകുന്നതാണ് . രണ്ടു മനസ്സുകൾ ഒരേ

സമയം ഒന്നിനായി ആഗ്രഹിക്കുക ...

ചിന്തിക്കുക ... കൊതിക്കുക ....

 

പ്രണയം ....

എനിക്കൊരു തിരിച്ചറിവാണ് ....

 

സ്വപ്നച്ചിറകുകളുടെ കരുത്തും ,

നിറങ്ങളുമാണ് ....

 

ഞാനറിയാതെ മനവും, മേനിയും

സുന്ദരമാവുന്നതാണ് ...

 

എന്നെ കവർന്നെടുക്കലാണ് ...

 

ഒരേ സമയം നിലയ്ക്കാത്ത ഇടവപ്പാതിയും ,

മീനച്ചൂടും, വൃശ്ചിക നിലാവും, മേടപ്പൂരവും ,

തുലാവർഷവും, ധനുമാസക്കാറ്റും

ഒക്കെയാണ് .

 

അതേ .... പ്രണയം ഒരേ സമയം 

തേൻകട്ടയും , കർണ്ണംപൊട്ടി മുളകുമാ ണ്.

 

ശ്വാസവായുവായി ജീവനേകുകയും ,

നിശ്വാസവായുവായി കദനങ്ങളെ

പുറന്തള്ളാനും പ്രണയത്തിനാവും .

 

പ്രണയം എനിക്ക് തരുന്ന ഒരു

വിശ്വാസമുണ്ട് ; ആത്മവിശ്വാസമുണ്ട് .

ലോകത്തിലെ ഏറ്റവും ഭാഗ്യവതി

ഞാനനെന്ന തിരിച്ചറിവിൽ ,

ജീവിക്കാൻ പ്രേരിപ്പിച്ച് ...

'ഞാനാ " യി മാറ്റിക്കൊണ്ട് ,

മിഴികളിൽ അവന് മാത്രം വായിക്കാനാവുന്ന

കഥകൾ എഴുതി ഒളിപ്പിച്ച് ,

ചുറ്റുമുള്ളവരിലേക്ക് ഊർജ്ജം പ്രസരിപ്പിച്ച്

ജീവിയ്ക്കാൻ  പ്രണയിനിയേക്ക കഴിയൂ ....

 

പ്രണയം അതി മനോഹരമാണ് ചെമ്പനീർ

പൂവു പോലെ ...

ശ്വസിക്കുന്ന വായുവിൽ അവനാണ് .....

ഓരോ  അണുവിലും അവനാണ് ....

ചിന്തകളിൽ 

ഓർമ്മകളിൽ 

സ്വപ്നങ്ങളിൽ

എല്ലാം അവൻ മാത്രം .

 

ഒറ്റവാക്ക്  തരുന്ന കവിതയുണ്ട് ....

അവൻ മൂളാത്ത എൻ്റെ വരികളുണ്ട് ...

 

അവന് മാത്രം തരാനാവുന്ന നിറവുണ്ട് ;

അവനായി മാത്രമുള്ള കാത്തിരിപ്പും .

 

 

ഫോട്ടോ;  ലേഖ സൂസ്സൻ ജേക്കബ്