ഡൽഹിയിൽ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയ്ക്കു സമീപം തിങ്കളാഴ്ച വൈകിട്ട് 13 പേരുടെ ജീവനെടുത്ത കാർ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് രാജ്യം . സംഭവത്തിൽ പരിക്കേറ്റ 6 പേര് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ് . വൈകിട്ട് ഏഴോടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. അതൊരു ബോംബ് സ്ഫോടനമാണെന്നും പിന്നിൽ ഭീകരരാണെന്നും അന്വേഷണ ഏജൻസികൾ പൊതുവേ കരുതുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. വിശദമായ അന്വേഷണം നടന്നുവരികയാണ്. സർക്കാരും അന്വേഷണ ഏജൻസികളും സ്ഫോടനത്തിനു പിന്നിലെ മുഴുവൻ വിവരങ്ങളും കൃത്യമായി കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളിലാണ്.
പൊട്ടിത്തെറിച്ച കാറിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് ആരംഭിച്ച അന്വേഷണം അന്തർ സംസ്ഥാന ഭീകര സംഘത്തിലാണ് എത്തിനിൽക്കുന്നതെന്നു പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.ചെങ്കോട്ടക്ക് സമീപത്തെ സുഭാഷ് മാര്‍ക് ട്രാഫിക് സിഗ്നലില്‍ വെള്ള ഹുണ്ടായി ഐ20 കാര്‍ പൊട്ടിത്തെറിച്ച് സമീപത്തെ മറ്റു വാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു.
ഡല്‍ഹിയിലെത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍, കച്ചവടക്കാര്‍ തുടങ്ങി ജനത്തിരക്കേറിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തായിരുന്നു പൊട്ടിത്തെറി നടന്നത്.
സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നുവെന്നു സംശയിക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഡോക്ടർ ഉമർ നബിക്ക് ഭീകരരുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. ചെങ്കോട്ടയ്‌ക്കു സമീപത്തെ പാർക്കിംഗ് മേഖലയിൽ ഡോ.ഉമർ നബി 3 മണിക്കൂറോളം കാറുമായി കാത്തുകിടന്നത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. പൊട്ടിത്തെറിച്ച കാറിനകത്ത് ഒരാള്‍ മാത്രമാണുണ്ടായിരുന്നതെന്നാണ് സി സി ടി വി ദൃശ്യങ്ങള്‍ പറയുന്നത് . ഇയാള്‍ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ ചാവേറായിരിക്കാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിന്‍റെ തൊട്ടുപിന്നാലെയാണ് ഡൽഹിയിലെ ജനത്തിരക്കേറിയ പ്രദേശത്തു വൻ സ്ഫോടനമുണ്ടായത്. ഞായറാഴ്ച ഉത്തർപ്രദേശിൽ അറസ്റ്റിലായ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടറിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ റെയ്ഡ് നടത്തിയാണ് ഇത്രയേറെ സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ജമ്മു കശ്മീർ, ഹരിയാന, യുപി സംസ്ഥാനങ്ങളിലായുള്ള ഭീകര സംഘത്തിലുൾപ്പെട്ട മൂന്നു ഡോക്ടർമാരടക്കം എട്ടുപേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഡല്‍ഹി പോലെ, രാജ്യത്തെ രാഷ്ട്രീയാധികാര കേന്ദ്രത്തിന്റെ പ്രതീകമായ, ഇത്രയും സുരക്ഷാ മേൽനോട്ടമുള്ള ഒരു പ്രദേശത്ത് തീവ്രവാദികള്‍ക്ക് മാരകായുധങ്ങളുമായി എത്താന്‍ കഴിയുന്നത് എങ്ങനെയെന്നത് ചിന്തിക്കേണ്ടതാണ്. ഇത് സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയിലേക്കും സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഹീനവും ഭീരുത്വവും നിറഞ്ഞ പ്രവൃത്തിയാണ് ദേശവിരുദ്ധ ശക്തികൾ നടത്തിയത്. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ അതിവേഗം കൊണ്ടുവരും. ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ് രാജ്യത്തിന് , കേന്ദ്രം വ്യക്തമാക്കി.
സ്ഫോടനം സംബന്ധിച്ച അന്വേഷണം വേഗം പൂർത്തിയാക്കി കുറ്റവാളികളെ നിയമ നടപടികൾക്ക് വിധേയമാക്കണം. ഇത് പോലെയുള്ള ആക്രമണങ്ങൾ തടയാനുള്ള ജാഗ്രതയും സുരക്ഷാനടപടികളും സ്വീകരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.