കാലുകളില്ലാത്ത നക്ഷത്രം: ഡോ. ജേക്കബ്‌ സാംസണ്‍

കാലുകളില്ലാത്ത നക്ഷത്രം: ഡോ. ജേക്കബ്‌ സാംസണ്‍

ക്ഷത്രത്തിന്‌
എത്ര കാലുണ്ട്‌
ആറോ ?
അഞ്ചോ ?
അങ്ങനെ
കണക്കൊന്നുമില്ല
ഇപ്പോള്‍ പല
നക്ഷത്രങ്ങള്‍ക്കും
കാലു വേണമെന്നില്ല.
പണ്ടത്തെപ്പോലെ
നക്ഷത്രക്കാലെണ്ണാന്‍
ഇപ്പോള്‍
ആര്‍ക്കും നേരവുമില്ല.



ഒരു പ്രത്യേക ആകൃതിയില്‍.
ട്യൂബു ലൈറ്റുപോലെ
ഒരു സാധനം വാങ്ങി
വീടിന്‌ മുന്നില്‍
ഫിറ്റു ചെയ്യും
സ്വിച്ചിടുമ്പോള്‍
പ്രകാശം പരത്തുന്ന
ആ സാധനത്തെ
നക്ഷത്രമെന്ന്‌ പറയും
അത്രതന്നെ.
പിന്നെ ആ ഭാഗത്തോട്ട്‌
ആരും
തിരിഞ്ഞു പോലും
നോക്കുകയില്ല.

ഒരുവിധമായ
അദ്ധ്വാനമോ
കരവിരുതോ
കലാബോധമോ
ഇതിന്‌
ആവശ്യമില്ല.
അല്‌പ സമയത്തേയ്‌ക്ക്‌
ഒരു ഇലക്ട്രിഷ്യന്റെ
സേവനം സ്വീകരിക്കണം
അത്രയേ വേണ്ടൂ.

നക്ഷത്രങ്ങള്‍ക്ക്‌
കാലുകളുണ്ടായിരുന്ന
കാലം ഓര്‍മ്മകളില്‍
നിന്നു പോലും
മാഞ്ഞു തുടങ്ങിയി
രിക്കുന്നു.
മുളംചീളി കീറി
ചീകി മിനുക്കി
അളവനുസരിച്ച്‌
മുറിച്ചെടുത്ത്‌
കൂട്ടിക്കെട്ടി
പരസ്‌പരം
അകന്നിരിക്കാന്‍
ഇടയ്‌ക്ക്‌ ഒരേ
വലുപ്പത്തില്‍
ചെറിയ
മുളങ്കഷണങ്ങള്‍
ഘടിപ്പിച്ച്‌
വര്‍ണ്ണക്കടലാസ്സ്‌
ഒട്ടിച്ച്‌ തോരണം
ചാര്‍ത്തി മോടി
പിടിപ്പിക്കും.
എന്നിട്ട്‌
ചരിഞ്ഞും തിരിഞ്ഞും
ഒന്നു നോക്കി
തൃപ്‌തിവരുത്തും

ഒരു സംഘം
കുട്ടികളുടേയും
കുട്ടിത്തം മാറാത്ത
മുതിര്‍ന്നവരുടേയും
കൂട്ടായ ശ്രമമാണത്‌.
അതുകൊണ്ട്‌
തീരുന്നില്ല
നക്ഷത്രത്തിന്റെയുള്ളില്‍
മെഴുകുതിരി സ്ഥാപിച്ച്‌
കത്തിച്ചുനോക്കി
സുരക്ഷ ഉറപ്പാക്കും.

നക്ഷത്രം തൂക്കുന്നതാണ്‌
അടുത്തഘട്ടം
ഏറ്റവും
ഉയരത്തില്‍ തൂക്കുന്നതിലാണ്‌
കഴിവു തെളിയിക്കാനുള്ളത്‌.
മരംകയറ്റ വിദഗ്‌ധന്‍
ദൗത്യം ഏറ്റെടുക്കുന്നു
ഏറ്റവും ഉയരമുള്ള
മരത്തിന്റെ മുകളറ്റത്ത്‌
വലിഞ്ഞു കയറുന്നു.

താഴെ നില്‌ക്കുന്നവര്‍
ശ്വാസമടക്കിപ്പിടിച്ച്‌
നോക്കിനില്‌ക്കും.
അഭ്യാസിയുടെ
മെയ്‌ വഴക്കത്തോടെ
ഏറ്റവും ഉയരമുള്ള
കൊമ്പിലിരുന്ന്‌
ഒരു കനം കുറഞ്ഞ
മുളയില്‍
മെഴുകുതിരി കത്തിച്ച
നക്ഷത്രം ഉയര്‍ത്തി
ക്കെട്ടിയ ശേഷം
അതിസാഹസികമായി
മത്സരവിജയിയെപ്പോലെ
താഴെയിറങ്ങാന്‍
തുടങ്ങുമ്പോള്‍
കരഘോഷം മുഴങ്ങും.

നക്ഷത്രം കാണാനും
സന്തോഷിക്കാനും
അഭിനന്ദിക്കാനും
ജാതി, മത, പ്രായ ഭേദമെന്യേ
ആ പ്രദേശത്തെ
മുഴുവന്‍ ആളുകളും
എത്തുമായിരുന്നു

അന്നൊക്കെ ക്രിസ്‌മസ്‌
എല്ലാവരുടേയും
ആഘോഷമായിരുന്നു
ഇപ്പോള്‍ ക്രിസ്‌മസ്‌
ആരുടേയും ആഘോഷമല്ല
കാലുകളില്ലാത്ത
നക്ഷത്രങ്ങളെപ്പോലെ
ആര്‍ക്കും താല്‌പര്യമില്ലാത്ത
നിര്‍വ്വികാരമായ വെറും
ചടങ്ങ്‌ മാത്രം.

 

ഡോ. ജേക്കബ്‌ സാംസണ്‍