കേരളത്തിൻ്റെ ക്ഷേമസമൂഹവികസനം വിപണിനിയന്ത്രിത സമ്പദ്-ഭരണവ്യവസ്ഥയ്ക്കുള്ള ബദൽ: ഡോ. കെ. രവിരാമൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാവാർഷികം കല്ലമ്പലത്തു തുടങ്ങി
ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയസമ്പദ്ഘടന ഇതര ആഗോള ലിബറൽ കോർപ്പറേറ്റിസത്തിൻ്റെ സ്വഭാവവിശേഷങ്ങളോടുകൂടിയ ബ്രാഹ്മണിക്കൽ കോർപ്പറേറ്റിസമാണെന്ന് സംസ്ഥാന ആസൂത്രണബോർഡ് അംഗവും സാമ്പത്തികവിദഗ്ദ്ധനുമായ ഡോ. കെ. രവിരാമൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ തിരുവനന്തപുരം ജില്ലാവാർഷികം ഉദ്ഘാടനം ചെയത് ‘ആഗോളരാഷട്രീയവും ഇന്ത്യയുടെ ഭാവിയും’ എന്ന പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
ലേകജനതയിൽ ചെറിയൊരു വിഭാഗം മാത്രമാണു ജനാധിപത്യത്തിൽ ജീവിക്കുന്നത്. ലോകരാജ്യങ്ങളിലെ ജനാധിപത്യത്തെപ്പറ്റി പഠനം നടത്തുന്ന സ്ഥാപനമായ ‘വിഡെം’ (VDEM)-ൻ്റെ റിപ്പോർട്ടിലടക്കം ഇന്ത്യയെ ഇന്നു ജനാധിപത്യരാജ്യമായല്ല വിലയിരുത്തുന്നത്. അമേരിക്കയും സമഗ്രാധിപത്യസ്വഭാവത്തിലേക്കു പതിക്കുകയാണ്.
അമേരിക്കയിലെ മുതലാളിത്തം സർവ്വത്ര വിപണിനിയന്ത്രിതമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ സാമൂഹികസുരക്ഷയും ചൂഷണനിയന്ത്രണ നിയമങ്ങളും സ്ഥാപനങ്ങളും ഉള്ള നിയന്ത്രിത മുതലാളിത്തമാണ്. ഇതിൽ സർവ്വസ്വതന്ത്രമുതലാളിത്തം നടപ്പാക്കാനാണ് ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നത്. പുതിയ തൊഴിൽ നിയമങ്ങളൊക്കെ വരുന്നത് അതിൻ്റെ ഭാഗമാണ്. ഇതോടൊപ്പം ജാതിമേധാവിത്വം നിശ്ചയിക്കുന്ന അവകാശനിഷേധങ്ങളും രാജ്യത്തു പ്രവർത്തിക്കുന്നു. ഈ ബ്രാഹ്മണമേധാവിത്വം നിയന്ത്രിക്കുന്ന ഇന്ത്യൻ മൂലധനം കൂടുതൽ വഷളാകുന്ന സാഹചര്യമാണ് ഇന്ത്യയിൽ വികസിച്ചു വരുന്നത്.
ഇവിടെയാണ് ക്ഷേമ, സേവന മേഖലകളിൽ ഊന്നുന്ന ജനപക്ഷ വികസനസമീപനത്തിലൂടെ കേരളം ഉദാരീകരണ ആഗോളീകരണവ്യവസ്ഥിതിയോട് പ്രതികരിക്കുന്നത്. കേരളം ആവിഷ്ക്കരിച്ചുനടപ്പാക്കുന്ന ആ സവിശേഷ വികസനമാതൃക മുന്നോട്ടുകൊണ്ടുപോകേണ്ടത് അതിപ്രധാനമാണ്. വൈകാരികബൗദ്ധികതയുടെ പിന്തുണയോടെ കേരളീയപൗരസമൂഹം ഇതിനെ ശക്തിപ്പെടുത്തണമെന്ന് ഡോ. രവിരാമൻ ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ജെ. ശശാങ്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയദർശിനി, ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ. ലിജ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ ശാസ്ത്രസാഹിത്യ പുരസ്കാരം നേടിയ പ്രദീപ് ഓർക്കാട്ടേരി എന്നീ പരിഷത്പ്രവർത്തകരെ ആദരിച്ചു.
ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പി. യു. മൈത്രി, തെക്കൻ മേഖലാ സെക്രട്ടറി അഡ്വ. വി. കെ. നന്ദനൻ, മുൻ പ്രസിഡൻ്റ് ടി. രാധാമണി എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി. വി. രാജീവ് സ്വാഗതവും ജോ. സെക്രട്ടി ഡോ. കെ. ബീന നന്ദിയും പറഞ്ഞു.
തുടർന്ന് ആരംഭിച്ച പ്രതിനിധിസമ്മേളനത്തിൽ ടി. മുരളീധരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി. ഷിംജി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ആർ. ജയചന്ദ്രൻ കണക്കും അവതരിപ്പിച്ചു. ഡോ. എൻ. ആർ. റസീന സംസ്ഥാന അവലോകനവും എസ്. ആർ. പ്രണവ് ഓഡിറ്റ് റിപ്പോർട്ടും കെ. ജി. ശ്രീകുമാർ പിപിസി അവലോകനവും അവതരിപ്പിച്ചു.
250-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന വാർഷികം ഞായറാഴ്ച ശാസ്ത്രജാഥയോടെ സമാപിക്കും.