2022 പടിയിറങ്ങുന്നു , പുതുപ്രതീക്ഷകളിലേക്ക്

2022   പടിയിറങ്ങുന്നു , പുതുപ്രതീക്ഷകളിലേക്ക്

2022  പടിയിറങ്ങുകയാണ് , നേട്ടങ്ങളും നഷ്ടങ്ങളും അവശേഷിപ്പിച്ചുകൊണ്ട് . നിറയെ   പ്രതീക്ഷകളുമായി 2023 കടന്നെത്തുന്നു. 

പൊതുവിൽ നേട്ടങ്ങളുടെ ഒരു വർഷം തന്നെയായിരുന്നു 2022. പ്രളയവും കോവിഡും ലോക് ഡൗണും മനസ് മരവിപ്പിച്ച  വർഷങ്ങൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന വർഷമായിരുന്നു 2022. പ്രതീക്ഷിച്ചതു പോലെ തന്നെ വലിയ ആഘാതങ്ങളുണ്ടാക്കാതെ അത് കടന്നുപോയി.  2022  അവസാനിക്കുമ്പോൾ വീണ്ടും കോവിഡ് ഭീതിയിലാണ് ലോകം എന്നത് കുറച്ച് ആശങ്കയുയർത്തുന്നുണ്ട്. 

ഉക്രൈയിനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച യുദ്ധാന്തരീക്ഷത്തിന് 2022  അവസാനിക്കുമ്പോഴും ശമനമായിട്ടില്ല. ഓരോ യുദ്ധവും വരുത്തിവെക്കുന്ന  നഷ്ടങ്ങളും ദുരന്തങ്ങളും നമുക്ക് മുന്നിൽ ചോദ്യങ്ങളുയർത്തി കടന്നുപോകുന്നു. 

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് 2022 ല്‍ വിടവാങ്ങിയത്.   ലതാ മങ്കേഷ്‌കർ, കെകെ, രാജു ശ്രീവാസ്തവ എന്നിവരുൾപ്പെടെ നിരവധി ഇതിഹാസങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞു.  മലയാളക്കരയിലുമുണ്ടായി വേര്പാടുകളുടെ നീണ്ട നിര.  കോടിയേരി ബാലകൃഷ്ണൻ, കെ പി എ സി ലളിത  തുടങ്ങി രാഷ്ട്രീയ, സിനിമാ രംഗങ്ങളിലെ നിരവധി പ്രതിഭകളെ നമുക്ക് നഷ്ടമായി. 

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പൂർത്തിയായിരിക്കുന്നു.  മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയാണ് നമ്മുടെ ഭരണഘടന രാജ്യത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഒരാശയത്തെ സാര്ഥകമാക്കിയത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്‍‌റു, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയ പ്രഗൽഭരാണ്.   മതേതരത്വവും ജനാധിപത്യവുമൊക്കെ ഇന്ന് എവിടെ നിൽക്കുന്നു എന്ന് ആലോചിക്കേണ്ട സമയമാണിത് .

മതത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ജനങ്ങൾ വിഭജിക്കപ്പെടുന്ന, വേട്ടയാടപ്പെടുന്ന   സാഹചര്യം ശുഭകരമല്ല . ഇടുങ്ങിയ, വിഭാഗീയ ചിന്താഗതികളും കാഴ്ചപ്പാടും ശക്തിപ്പെടുന്നു. മതേതരത്വത്തിൽ ഉറച്ചുനിന്നേ രാജ്യത്തിനു മുന്നോട്ടുപോകാനാകൂ എന്ന തിരിച്ചറിവ് ഭാവി തലമുറയ്ക്ക് ഉണ്ടാകേന്ദ സമയമാണിത് .

ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ 2021 ജൂലായ് അഞ്ചിന് ആസ്പത്രിയിൽവെച്ച് മരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽ ചാര സോഫ്റ്റ്‌വെയർ ഉണ്ടായിരുന്നുവെന്ന് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ്   കണ്ടെത്തിയ  വാർത്ത വന്നത്  അടുത്ത നാളിലാണ്.   ഭീകരവും ഭീതിജനകവുമായ ഈ സാഹചര്യം ഉണ്ടായത്  നമ്മൾ ഇന്ന് എവിടെ നിൽക്കുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു കേസിൽ പ്രതിയായാണ് ഫാ. സ്റ്റാൻ സ്വാമി ഈ ലോകത്തോട് വിട പറഞ്ഞതെന്ന റിപ്പോർട്ടുകൾ വളരെ ദയനീയമാണ് .

ഇതിനിടയിലും ഭാരത് ജോഡോ യാത്ര   നൽകുന്ന പ്രതീക്ഷയുടെ സന്ദേശം ഇന്ത്യൻ ജനാധിപത്യത്തിന്  നൽകുന്ന ഉണർവ് ഏറെ പ്രസക്തമാവുന്ന നാളുകളാണിത് . ഭരണകൂടം എത്ര ശക്തമായാലും  ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്ന്  വിളിച്ചോതുന്നു  ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വൻ ജനപിന്തുണ . 

 2022 അവസാനിക്കുമ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥ വഷളായിക്കൊണ്ടേയിരിക്കുകയാണ്.  പല തൊഴിൽ സ്ഥാപനങ്ങളിലും പിരിച്ചുവിടലുകൾ നടക്കുന്നു.  

ഇന്ത്യയുടെ  വ്യാവസായികോൽപ്പാദന സൂചികയും  പിന്നോട്ടടിക്കുന്നതായാണ് കണക്കുകൾ .  ഇക്കൊല്ലം കോവിഡ് വലിയ പ്രശ്നമുണ്ടാക്കിയിരുന്നില്ല ,എന്നിട്ടും വ്യാവസായികോൽപ്പാദനത്തിൽ വലിയ ഇടിവ് സംഭവിക്കുന്നത്  സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ ബാധിച്ചിട്ടുള്ള രോഗത്തിന്റെ ലക്ഷണമാണ്.  

സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭം , വിഴിഞ്ഞം പ്രക്ഷോഭം തുടങ്ങിയ ജനകീയ സമരങ്ങൾ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വർഷമാണ് കടന്നുപോകുന്നത് .

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള് തിരഞ്ഞെടുപ്പിൽ  എതിർപ്പുകളെ മറികടന്ന് മത്സരിച്ചുകൊണ്ട് ശശി തരൂർ  ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ  പ്രചോദനം പ്രശംസനീയമായി എന്ന് പറയേണ്ടിയിരിക്കുന്നു.  

ബ്രിട്ടനില്‍ ബ്രക്സിറ്റിനെത്തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധി രൂക്ഷമായി.  എലിസബത്ത് രാജ്ഞിയുടെ മരണം ഒരു യുഗത്തിന്റെ അവസാനമായി. മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ രാജപദവി ഏറ്റെടുത്തു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം കലാപത്തീ പടർത്തി . പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നീക്കം പരാജയപ്പെട്ടു. ജനങ്ങള്‍ പ്രസിഡന്റിന്റെ വസതി ആക്രമിച്ച്‌ തീയിട്ടു. പ്രസിഡന്റ് ഗോതബായ രജപക്സെ നാടുവിട്ടതോടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി

പോയ വർഷത്തിന്റെ നഷ്ടങ്ങൾക്കുമേൽ പുതു പ്രതീക്ഷയുടെ തിരിനാളവുമായെത്തുന്ന പുതുവർഷത്തെ നമുക്ക് പ്രതീക്ഷകളോടെ   വരവേൽക്കാം .