ക്യൂട്ടക്‌സ്...കുപ്പിവളകള്‍...കണ്മഷി...: തനിനാടൻ ;പോൾ ചാക്കോ

കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ മുന്‍പ്
വിജയകരമായി അരങ്ങേറിയ ഒരു മോഷണം ഇവിടെ റിപ്പോര്‍ട്ട്
ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു.
മോഷ്ടാവിന് അന്ന് എട്ടു വയസ്സ്. വള്ളി നിക്കറില്‍ ഒന്നും രണ്ടും
അനായാസ്സന സാധിക്കുന്ന പ്രായം.
മണിമല പഞ്ചായത്തില്‍ വള്ളംചിറ സെന്‍റ് മേരീസ് പള്ളിയിലെ
വാര്‍ഷിക തിരുനാള്‍. കതിനകളുടെയും ഓലപ്പടക്കത്തിന്‍റെയും ചെണ്ട
മേളങ്ങളുടെയും അകമ്പടിയോടെ ഇടവകയിലെ ഭക്തജനങ്ങള്‍
സാക്ഷിയായി വെള്ളിയാഴ്‌ച്ച വൈകിട്ട് കൊടി കയറ്റും.
കൊടി കയറുന്നത് വെള്ളിയാഴ്‌ച്ച ആണെങ്കിലും ശനിയാഴ്‌ച്ച ഉച്ച
കഴിയുമ്പോഴാണ് ശരിക്കും ഒരു പെരുനാള്‍ ഫീല്‍ അനുഭവപ്പെട്ടു
തുടങ്ങുന്നത്.താല്‍ക്കാലിക ചായക്കട, ഉഴുന്നാട കച്ചവടക്കാര്‍, ഈച്ച
പൊതിഞ്ഞ ഈത്തപ്പഴം, സൈക്കിളില്‍ ഐസ് ക്രീം
വില്‍ക്കുന്നവര്‍...എന്നിങ്ങനെ എരിപൊരി!
വെടിക്കാരും താങ്ങളുടെ സെറ്റപ്പുമായി എത്തും.
അന്നാണ് വൈകിട്ട് പെരുനാള്‍.
പെരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രമാണിയുടെ നില, വില,
പോപ്പുലാരിറ്റി, സാമ്പത്തിക സൗകര്യം, പണക്കൊഴുപ്പ്, പൊങ്ങച്ചം,
ധാരാളിത്തം, ഹുങ്ക് എന്നതിനെ ഒക്കെ ആശ്രയിച്ചാണ് പെരുന്നാളിന്‍റെ
പെരുമയും കൊഴുപ്പും. സാധാരണ ഗതിയില്‍ പോയ വര്‍ഷത്തേക്കാള്‍
ഗംഭീരമാവാനേ തരമുള്ളു. അല്ലെങ്കില്‍ ആളുകള്‍ പറയും
''ഓ...ഇതെന്തോന്ന് ഉണക്ക പെരുനാള്‍...അതൊക്കെ കഴിഞ്ഞ വര്‍ഷം..''
അങ്ങനെ ഒരു ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മുന്‍
വര്‍ഷത്തേക്കാള്‍ മൂന്നാല് കതിന എങ്കിലും കൂടുതല്‍ പൊട്ടിക്കാന്‍ ഈ
വര്‍ഷത്തെ പെരുനാള്‍ പ്രസുദേന്തി ശ്രദ്ധിച്ചിരുന്നു.
ചുറ്റുവട്ടത്തുള്ള എല്ലാ പള്ളികളില്‍ നിന്നും അച്ചന്മാര്‍
എത്തും....അവര്‍ക്ക് പാലപ്പവും ആട്ടിറച്ചിയും കോഴിയും താറാവും
കരിമീനും ഒക്കെ ഒരുങ്ങും. പെരുനാള്‍ ദിവസ്സങ്ങളില്‍ അവര്‍ക്ക്
അതൊക്കെയെ ഇറങ്ങൂ. സാധാരണ ദിവസ്സങ്ങളില്‍ കുത്തരിചോറും
കാച്ചിമോരും കഴിക്കുന്നവര്‍. പ്രസുദേന്തിയെ പിഴിയാന്‍ കിട്ടുന്ന
അവസ്സരം ആരും വേസ്റ്റ് ആക്കാറില്ല. എല്ലാം പ്രസുദേന്തിയുടെ മിടുക്ക്
പോലെ.
ശനിയാഴ്‌ച്ച രാത്രി ഒന്നുകില്‍ പ്രൊഫഷണല്‍ ഒരു നാടകം, അല്ലെങ്കില്‍
ഗാനമേള. അതും അല്ലെങ്കില്‍ ഇടവകയിലെ തന്നെ കലാപകാരികള്‍
നടത്തുന്ന ബൈബിള്‍ നാടകം! മോശ പാറയില്‍ വടികൊണ്ടടിക്കുന്നതുംമംഗളവാര്‍ത്തയും ക്രിസ്‌തു വെള്ളത്തിന് മീതെ നടക്കുന്നതുംകൈക്കാരന്‍ നിലത്ത് കാലുറക്കാത് നടക്കുന്നതും ഒക്കെയാവുംപ്രമേയം.
അക്കാലത്ത് വള്ളംചിറ ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടില്ല. മോട്ടര്‍
എന്ന് നാട്ടുകാര്‍ ഓമനപ്പേരില്‍ വിളിക്കുന്ന ജെനെറേറ്റര്‍ വച്ചാണ്
''സൗണ്ട് &ലൈറ്റ്'' അറേഞ്ച് ചെയ്യുന്നത്. അത് അറേഞ്ച് ചെയ്യുന്നത്
മണിമലക്കാരന്‍ കുട്ടാപ്പി. ആകപ്പാടെ പതിനാലു പാട്ടാണ് അയാളുടെ
സൗണ്ട് സിസ്റ്റത്തില്‍ ഉള്ളത്.
''സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍...''
''ആയിരം പാദ സ്വരങ്ങള്‍ കിലുങ്ങി...''
''പെരിയാറെ പെരിയാറെ പര്‍വ്വത നിരയുടെ... '
''സുപ്രഭാതം...സുപ്രഭാതം...''
''രാജാക്കന്മാരുടെ രാജാവേ...''
''കടലിനക്കരെ പോണോരെ...''
അയാള്‍സംഭവം സെറ്റപ്പ് ചെയ്യുമ്പോള്‍ മുതല്‍ ഒരു പാട്ട്
വാക്കാമോഎന്നും ചോദിച്ച് കുട്ടികള്‍ ചുറ്റിനും കൂടും. കുട്ടികളെ
അയാള്‍ ഓടിക്കുകയും ചെയ്യും
മണ്ണൂക്കര കുഞ്ഞച്ചന്‍ ചേട്ടന്‍റെ മൂത്ത മകന്‍ തങ്കച്ചനാണ് ഇത്തവണ
പെരുന്നാള്‍ ഏറ്റു കഴിക്കുന്ന പ്രസുദേന്തി.
തങ്കച്ചന്‍ സ്ഥലത്തെ എണ്ണപ്പെട്ട ഒരു ധനികനായതിനാല്‍ എപ്പോഴും
നാലഞ്ച് ശിങ്കിടികള്‍ കൂടെ ഉണ്ടാവുവും. ശിങ്കിടികളില്‍
പ്രധാനികളായ കൊല്ലാറ കുഞ്ഞപ്പനും മുക്കാട്ട് ദേവസ്യയും
വെള്ളാപ്പള്ളി സജിയുമാണ് പെരുനാള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്
കൃത്യം ഏഴുമണിക്ക് ആരംഭിക്കും എന്ന് നോട്ടീസില്‍ അച്ചടിച്ച നാടകംഎട്ടുമണി ആയിട്ടും ''ഹാലോ മൈക്ക് ചെക്കിംങ്ങ്'' വരെയേ
കാര്യങ്ങള്‍ എത്തിയുള്ളു.
നമ്മുടെ കഥാനായകന്‍ പയ്യന് കൃത്യനിഷ്ട പണ്ടേ ഒരു
ബലഹീനതയാണ്.
നാടകം കാണാന്‍ തറയില്‍ ബുക്ക് ചെയ്‌തിരുന്ന മൂന്നടി ആറിഞ്ചില്‍
നിന്നും അവന്‍ പതിയെ പൊങ്ങി. ഒന്ന് കറങ്ങീട്ട് വരാം.
അവന്‍ സ്ഥലമാകെ ഒന്ന് നിരീക്ഷിച്ചു. നാടകം നടക്കുന്ന സ്റ്റേജിന്
ചുറ്റും മാത്രം പ്രകാശം.
അവന്‍ പയ്യെ പുറത്തേക്ക് കാലെടുത്ത് വച്ചു.
തമിഴനായ പ്രൊപ്രൈറ്റര്‍ കാമരാജ് നടത്തുന്ന വച്ചുവാണിഭ കട
ലക്ഷ്യമാക്കി പയ്യന്‍ നടന്നു. അവിടെ പെട്രോള്‍ മാക്‌സാണ്
കത്തിച്ചുവച്ചിരിക്കുന്നത്.
നാടകം സമയത്തിന് തുടങ്ങാഞ്ഞതിനാല്‍ കടയില്‍ തിരക്കുണ്ട്. നാലഞ്ച്‌പെണ്ണുങ്ങള്‍! അവരുടെ മക്കള്‍. ഒന്ന്-രണ്ട് കെട്ടിയോന്മാര്‍...
അവരുടെ ഇടയിലൂടെ കൈയിട്ട് പയ്യന്‍ ഒരു ക്യൂട്ടക്‌സ് പതിയെ
അടിച്ചുമാറ്റി പോക്കറ്റില്‍ ഇട്ടു. അവന്‍ ചുറ്റും നോക്കി, ഭാഗ്യം!
ആരും കണ്ടില്ല.
പിന്നീട് തക്കം നോക്കി പയ്യന്‍ വളകളും പീപ്പികളും ക്യൂട്ടക്‌സുകളും
എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതും ഒക്കെ അടിച്ചുമാറ്റി...
നാടകം തുടങ്ങിയപ്പോള്‍ തിരികെ വന്ന് യഥാസ്ഥാനത്ത് ഇരിക്കാന്‍
പയ്യന്‍ മറന്നില്ല.
നാടകം മഹാ ബോറായിരുന്നു. പീടികയില്‍ അപ്പച്ചന്‍ ബിഷപ്പായാല്‍
എങ്ങനെ ഇരിക്കും. കൂടെ കപ്യാരായി കാലായില്‍ അപ്പച്ചനും.
കര്‍ട്ടന്‍റെ കൊളുത്തില്‍ കുരുങ്ങി കണിച്ചേരി ആന്‍റണിയുടെ മുണ്ട് കൂടിഉരിഞ്ഞു താഴെ വീണപ്പോള്‍ എല്ലാം പൂര്‍ത്തിയായി.
ആളുകളുടെ കൂവല്‍ അഭിനേതാക്കകള്‍ക്ക് ആവേശം പകര്‍ന്നു
എന്നുവേണം കരുതാന്‍. നാട്ടുകാര്‍ സ്റ്റേജ് പൊളിക്കുന്നിടം വരെ
എല്ലാവരും തകര്‍ത്തഭിനയിച്ചു. അഭിനേതാക്കളെ പിറ്റേന്നും കാണേണ്ട
ആള്‍ക്കാര്‍ ആയതിനാല്‍ ചീമുട്ട, കല്ല്, ചെരുപ്പ് എന്നിവ വച്ചെറിയാന്‍
ആരും മുതിര്‍ന്നില്ല.
ഇനി വീട്ടില്‍ പോയേക്കാം. കൊണ്ടുവന്ന പായും തലയിണയും
ചുരുട്ടി പയ്യന്‍ പയ്യെ എഴുന്നേറ്റു. നിക്കറിന്‍റെ പോക്കറ്റില്‍ തൊണ്ടി
മുതലുകള്‍ മുഴച്ചുകിടപ്പുണ്ട്
അരണ്ട നിലാവിനെ വകഞ്ഞുമാറ്റി കാമരാജിന്‍റെ കടയും കടന്ന്
പള്ളിമുറ്റത്തൂടെ വീട് ലക്ഷ്യമാക്കി പയ്യന്‍ നടന്നു.
അധിക ദൂരം ചെന്നില്ല; അപ്പോള്‍ കേള്‍ക്കാം പുറകില്‍ നിന്നും ഒരു
വിളി.
''ഡേയ് പയ്യന്‍...അവിടെ നിന്നേ! അവിടെ നിക്കാന്‍...നീങ്കളോടാ
പറഞ്ഞേ, നിക്കാന്‍''..
തമിഴും മലയാളവും കലര്‍ന്ന കാമരാജിന്‍റെ ''തലയാളം''.
പയ്യന്‍ ഒന്നേ നോക്കിയുള്ളൂ.
കൈചൂണ്ടി പുറകെ ഓടിവരുന്ന കാമരാജ്! ആരോ ഒറ്റി!
അപകടം മണത്തറിഞ്ഞ പയ്യന്‍ പായും തലയിണയും വലിച്ചെറിഞ്ഞ്
നൂറില്‍ വിട്ടു.
അന്‍പത്തിന് മേലെ പ്രായമുള്ള കാമരാജിന് പയ്യന്‍റെ അടുത്തെത്താന്‍
പോലും സാധിച്ചില്ല. പയ്യന്‍ ഇരുളില്‍ ഓടിമറഞ്ഞു
കാമരാജിന്‍റെ കൈയില്‍ നിന്നും ഓടി രക്ഷപ്പെട്ട ആ ആ പയ്യനെ
ഇതുവരെ ആര്‍ക്കും പിടിക്കാനോ നിയമത്തിന് മുന്‍പില്‍
കൊണ്ടുവരാണോ തക്കതായ ശിക്ഷ മേടിച്ചു കൊടുക്കാനോ
സാധിച്ചിട്ടില്ല.
ഇന്ത്യന്‍ പീനല്‍ കോഡ് അനുശാസിക്കുന്ന നിയമം വച്ചുനോക്കിയാല്‍
ഇതുപത്തിയഞ്ച് കൊല്ലം കഴിഞ്ഞാല്‍ പിന്നെ ഒരു കേസിനും
സാധുതയില്ല എന്നാണ്
അന്ന് വള്ളംചിറ പള്ളിയില്‍ നിന്നും കാമരാജിനെ വെട്ടിച്ച്
ഓടിപ്പോയ ആ ചെറുക്കള്ളന്‍ ഇന്നീ ലോകത്തില്‍ എവിടെങ്കിലും
ജീവിച്ചിരിപ്പുണ്ടാവുമോ എന്തോ. ഉണ്ടെങ്കില്‍ എവിടെയാവും?
എന്താവും ഇപ്പൊ ചെയ്യുന്നത്? മോഷണം ഇപ്പഴും ഉണ്ടാവുമോ {ഛെ
ഛെ...!}, കല്യാണം ഒക്കെ കഴിച്ചിട്ടുണ്ടാവുമോ? ചെയ്‌ത തെറ്റിനെ
ഓര്‍ത്ത് മനഃസ്ഥാപപ്പെടുന്നുണ്ടാവുമോ?
രാത്രി ആയതുകൊണ്ട് മുഖം ശരിക്കും കാണാന്‍ എനിക്കും സാധിച്ചില്ല
എന്നതാണ് സത്യം!