ജന്തർമന്തർ പ്രതിഷേധം, അമിത ബലപ്രയോഗം നടത്തിയിട്ടില്ല; ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

Aug 18, 2026 - 19:24
 0  2
ജന്തർമന്തർ പ്രതിഷേധം, അമിത ബലപ്രയോഗം നടത്തിയിട്ടില്ല;  ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ

ഡല്‍ഹി ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിന് നേരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. സി.ജെ.പിയുടെ പാര്‍ലമെന്റ് മാര്‍ച്ച് നിയമവിരുദ്ധമാണെന്നും അത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് സത്യങ്മൂലം സമർപ്പിച്ചത്. എ.എ. റഹീം എം.പിയുടെ ഹര്‍ജിയിലാണ് ഡല്‍ഹി പൊലീസിന്റെ ഈ വിശദീകരണം.

മൂന്ന് കിലോമീറ്ററിലധികം വരുന്ന പ്രദേശത്ത് മുപ്പതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയെന്നും, ഇവരെ നിയന്ത്രിക്കാൻ അയ്യായിരത്തോളം പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടം ഒന്നിലധികം നിരകളിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റിലേക്ക് നീങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം സമാധാനപരമല്ലാതായി മാറിയത്.

 തുടര്‍ന്ന് സാഹചര്യം നിയന്ത്രിക്കാൻ ഘട്ടം ഘട്ടമായുള്ള ബലപ്രയോഗം മാത്രമാണ് നടത്തിയതെന്നും, ഇതിനിടെ നിയന്ത്രണാതീതമായ സംഘര്‍ഷത്തിൽ 240 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും പൊലീസ് കോടതിയെ അറിയിച്ചു.

ദേശീയപതാക ഘടിപ്പിച്ച വടികള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടെന്നും, അക്രമം നിയന്ത്രിക്കാൻ അനുവദനീയമായ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.