സിജെപി പ്രക്ഷോഭം: കേസുകൾ റദ്ദാക്കി സുപ്രീം കോടതി: നഷ്‌ടപരിഹാരം ഉറപ്പാക്കും; സമരത്തില്‍ നിന്നു പിന്‍മാറി സംഘടന

Sep 1, 2026 - 18:17
 0  6
സിജെപി പ്രക്ഷോഭം: കേസുകൾ റദ്ദാക്കി സുപ്രീം കോടതി: നഷ്‌ടപരിഹാരം ഉറപ്പാക്കും; സമരത്തില്‍ നിന്നു പിന്‍മാറി സംഘടന

ന്യൂഡൽഹി: സെപ്‌തംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സുപ്രീം കോടതിയെ അറിയിച്ച് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) സഹ കർൺവീനർ സൗരവ് ദാസ്. നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണിത്.

ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് സൗരവ് ദാസ് തീരുമാനം അറിയിച്ചത്. അതേസമയം, കേന്ദ്ര സർക്കാരിൻ്റെ ഹർജിയിലാണ് നടപടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഇതോടെ ഇല്ലാതാകുമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ഈ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനി പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി പറഞ്ഞു.

ജൂലൈയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസും മഹാരാഷ്ട്ര, അസം, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും സമർപ്പിച്ച അപേക്ഷകളാണ് കോടതി പരിഗണിച്ചത്. തുടർന്ന് ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകൾ കോടതി റദ്ദാക്കുകയായിരുന്നു.

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് കേസുകൾ റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തെ പറഞ്ഞിരുന്നു.

ജൂലൈ 20 മുതൽ ജൂലൈ 25 വരെ പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യില്ലെന്ന് അവർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജനറൽ തുഷാർ മേത്ത പറയുകയുണ്ടായി. കൂടാതെ, പൊലീസ് നടപടികളുടെ ഭാഗമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു