ഡീപ് ഫെയ്ക് വീഡിയോകൾ ഉയർത്തുന്ന ഭീഷണി 

ഡീപ് ഫെയ്ക് വീഡിയോകൾ   ഉയർത്തുന്ന ഭീഷണി 
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിക്കപ്പെടുന്ന ഡീപ് ഫെയ്ക് വീഡിയോകൾ വലിയ ഭീഷണി ഉയർത്തുന്ന നാളുകളാണിത് . വ്യാജ വീഡിയോ ആണെന്ന് പോലും സാങ്കേതികമായി മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കപ്പെടുകയാണ്  ഡീപ് ഫെയ്ക്  വീഡിയോകളിൽ . ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ രൂപമാറ്റം  വരുത്താനോ സാങ്കേതിക വിദ്യ  ദുരുപയോഗം ചെയ്യുന്നത്  വലിയ ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത് . മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കപ്പെടുകയാണ്  ഡീപ് ഫേക്കിൽ . 
 
 പറയാത്ത കാര്യങ്ങൾ  പറയുന്നതായിട്ടും ചെയ്യുന്നതായിട്ടുമൊക്കെ ഇത്തരത്തിൽ വിഡിയോകൾ  നിർമിക്കാം.  ഇൻസ്റ്റഗ്രാം ഉടമ (ഫെയ്‌സ്ബുക്കിന്റെയും) മാർക് സക്കർബർഗിന്റെ ഒരു വീഡിയോ 2019 ജൂണിൽ ഇത്തരത്തിൽ കണ്ടിരുന്നു . ഇൻസ്റ്റഗ്രാമിലെ പ്രസ്തുത വീഡിയോയിൽ മറ്റു പല കാര്യങ്ങൾക്കൊപ്പം, ‘കോടിക്കണക്കിനു പേരുടെ സ്വകാര്യവിവരങ്ങൾ കയ്യിലുള്ള ഞാൻ ഭാവിയെ നിയന്ത്രിക്കും’ എന്ന മട്ടിലാണു സക്കർബർഗ് സംസാരിച്ചത്. വിഡിയോയിൽ കാണുന്നത് സക്കർബർഗിനെയാണെങ്കിലും , പറയുന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലാണെങ്കിലും യഥാർത്ഥത്തിൽ സക്കർബർഗ് അങ്ങനെ ഒരു വീഡിയോ സന്ദേശം നൽകിയിട്ടില്ല എന്നതാണു വാസ്തവം.
 
മാ​ന​വ​രാ​ശിയുടെ മുന്നോട്ടുള്ള കാലത്ത്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും അ​തി​നാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​വെ​ന്നും പ​റഞ്ഞ്  നി​ർ​മി​ത​ബു​ദ്ധി​യു​ടെ ത​ല​തൊ​ട്ട​പ്പ​നെ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​ഫ്രി ഹി​ന്‍റ​ൺ ഗൂ​ഗി​ൾ വി​ട്ട​ത് അതിലെ ദൂഷ്യ വശങ്ങൾ തിരിച്ചറിഞ്ഞാണ് . നിർമിത ബുദ്ധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ദിവസവും കാണുന്നത് . സാങ്കേതിക വിദ്യയ്ക്ക് നല്ലവശവും ദൂഷ്യവശവുമുണ്ട് . എന്തിനെയും നല്ലതിനായി ഉപയോഗിച്ചാൽ മനുഷ്യന്  നന്മയുണ്ടാകും. സ്വാർത്ഥമോഹികൾ എന്തിനെയും ദുരുപയോഗിക്കുന്നതാണ് ഇവിടെ പ്രശനം. 
 
​നി​ർ​മി​ത​ബു​ദ്ധി​യു​ടെ ഭാ​ഗ​മാ​യ ഡീ​പ് ഫെ​യ്ക്  ആ​പ്പി​ലൂ​ടെ ഒ​രു വ്യ​ക്തി​യെ മ​റ്റൊ​രാ​ളാ​ക്കി രൂ​പാ​ന്ത​രീ​ക​ര​ണം ന​ട​ത്തി ദൃ​ശ്യ​മോ ശ​ബ്ദ​സ​ന്ദേ​ശ​മോ സൃ​ഷ്‌​ടി​ച്ചെ​ടു​ക്കുക ഇന്ന് പ്രയാസമുള്ള കാര്യമല്ല . തെ​ലു​ങ്ക്-​ക​ന്ന​ഡ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടേ​താ​യി  ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീഡിയോ ആണ് നിലവിൽ ഈ വെല്ലുവിളിയെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് .കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്നതാണ് വീഡിയോ. ഇതിൽ ആ സ്ത്രീയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്ത് വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥ വീഡിയോയിൽ ഉള്ളത് ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ ആണ്. ശ​രീ​രം  പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വേ​ഷത്തിൽ ര​ശ്മി​ക  ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​  ദൃ​ശ്യം കണ്ടാൽ  അ​ത് കൃ​ത്രി​മ​മാ​യി സൃ​ഷ്‌​ടി​ച്ച​താ​ണെ​ന്ന്  തോ​ന്നി​ല്ല. അ​ത്ര​യ്ക്കു പൂ​ർ​ണ​ത​യി​ലാ​ണ് ഡീ​പ് ഫെ​യ്ക്കി​ൽ മാറ്റം വരുത്തിയിട്ടുള്ളത് . സാറ പട്ടേൽ എന്ന ബ്രിട്ടിഷ് ഇന്ത്യൻ ഇൻഫ്ലുവൻസർ ഒക്ടോബർ 9ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഒറിജിനൽ. സാറയുടെ തലമാറ്റി രശ്മികയുടേതാക്കി മാറ്റി  പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നുമാണ് രശ്മിക പറഞ്ഞത് .എ​ന്താ​യാ​ലും വീഡിയോ വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞു . 
 
കേന്ദ്ര ഐടി സഹമന്ത്രിയും അമിതാഭ് ബച്ചനുമൊക്കെ   ഈ സംഭവത്തിൽ  രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട് .  “ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ​യും വി​ശ്വാ​സ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്'' എന്നാണ് ഇ​തേ​ക്കു​റി​ച്ച്  ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ  എ​ക്സി​ൽ   പ്ര​തി​ക​രിച്ചത് . വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ട​യാ​ൻ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്കു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ഇ​ര​യാ​യ വ്യ​ക്തി​ക്കു കോ​ട​തി​യെ സ​മീ​പി​ക്കാം എന്നും അദ്ദേഹം പറഞ്ഞു. ഡീപ്ഫെയ്ക് ദൃശ്യങ്ങൾ ആരെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയാൽ 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് 2021ലെ ഐടി ചട്ടം അനുസരിച്ച് നിർദേശം. ഇതു പാലിച്ചില്ലെങ്കിൽ സമൂഹമാ‌‌ധ്യമ‌ പ്ലാറ്റ്ഫോമുക‌ൾ അനുഭവിച്ചുപോരുന്ന സേ​ഫ് ഹാർബർ പരിരക്ഷ പൂർണമാ‌യും നഷ്‌ടപ്പെ‌ടുമെന്നു  മന്ത്രി  പറഞ്ഞു. രശ്മികയുടേതിനൊപ്പം  ആലിയ ഭട്ട്, കിയാറ അദ്വാനി, കത്രിന കൈഫ് ദീപിക പദുക്കോൺ തുടങ്ങിയ  ബോളിവുഡ് നടിമാരുടെ വ്യാജ വീഡിയോകളും  എക്സില്‍ പ്രചരിക്കുന്നുണ്ട് .
 അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ മാത്രമല്ല ഡീപ് ഫെയ്ക്കിൽ സൃഷ്ടിക്കപ്പെടുന്നത്  രാഷ്ട്രീയതലത്തിലും ഇത്തരം വീഡിയോകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്  . 2020ൽ ​ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി ര​ണ്ട് വ്യ​ത്യ​സ്ത ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ പ്ര​ച​രി​ച്ചിരുന്നു . നേ​താ​വി​ന് ഇ​ല്ലാ​ത്ത ക​ഴി​വ് ഉ​ണ്ടെ​ന്നു കാ​ണി​ക്കു​ന്ന​വിധത്തിൽ പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു ഈ വീഡിയോകൾ .  അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ൻ എ​തി​രാ​ളി​യാ​യി​രു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​നെ പ്ര​ശം​സി​ക്കു​ന്ന വ്യാ​ജ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. 
 ഒ​രു വ്യ​ക്തി​യു​ടെ രൂ​പ​വും ഭാ​വ​വും ശ​ബ്ദ​വും ഉ​പ​യോ​ഗി​ച്ച് അ​യാ​ൾ സം​സാ​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ വ്യാജമായി  നി​ർ​മി​ച്ചു പ്ര​ച​രി​പ്പി​ച്ചാൽ അ​യാ​ളെ ഭീകരനോ രാജ്യദ്രോഹിയോ  സ്ത്രീ​പീ​ഡ​ക​നോ ഒക്കെ  ആ​യി ചി​ത്രീ​ക​രി​ക്കാ​ൻ ആർക്കും  സാ​ധി​ക്കും . അ​ത്ത​ര​മൊ​രു ദൃ​ശ്യം  പ്ര​ച​രി​ക്കു​മ്പോൾ അ​തി​ലു​ള്ള​തു താ​ന​ല്ലെ​ന്നു തെ​ളി​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് ആ വ്യക്തിയെ സംബന്ധിച്ച് വളരെ കഷ്ടമാണ് . ഇത്തരം വ്യാജ വീഡിയോകൾക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് ഈ  സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്ന അക്കൗണ്ടുകൾക്കെതിരെ ശക്തമായ നിയമ  നടപടികൾ  അധികൃതരുടെ ഭാഗത്ത് നിന്ന്  ഉണ്ടാകേണ്ടിയിരിക്കുന്നു .