ഷബീർ അണ്ടത്തോടിന്റെ ചങ്ങമ്പുഴ കൃഷ്ണപിളളയും വയലാർ രാമവർമയും : ആസ്വാദനം; അബ്ദുൾ പുന്നയൂർക്കുളം

ചങ്ങമ്പുഴ കൃഷ്ണപിളളയും വയലാര്‍ രാമവര്‍മ്മയും സ്മൃതികള്‍ നിഴലുകള്‍ എന്ന കൃതി വായിച്ചാല്‍ തോന്നും ഇതെഴുതിയ ഷബീര്‍, നമ്മില്‍ അന്തര്‍ലീനമായി കിടക്കുന്ന കാവ്യബിംബങ്ങള്‍ക്ക് തെളിച്ചമേറ്റുന്നതു പോലെ. അതിനു മികവേകാന്‍ അദ്ദേഹത്തിന്റെ ഹൃദ്യമായ ശൈലിയും ലളിതമായ ഭാഷയും സഹായിക്കുന്നു. കൂടാതെ ഷൗക്കത്ത് അലി ഖാന്റെ ഗഹനവും സരളവുമായ അവതാരികയും അതിനെ മനോഹരമാക്കുന്നു.
കവിതയിലെ കാല്പനിക യുഗത്തിന്റെ പ്രവാഹധന്യമായ സ്വരരാഗസുധയുടെ പേരാണ് ചങ്ങമ്പുഴ. പ്രേമത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ, കാല്പനിക പരിവേഷത്തോടെ സാഹിത്യത്തില്‍ അവര്‍ അവതരിപ്പിച്ചു. ഈ രണ്ട് ജനപ്രിയധാരകളെ കോര്‍ത്തെടുത്ത് ഒരു ജനപക്ഷവായന സാധ്യമാക്കുകയാണ് ഷബീര്‍ അണ്ടത്തോട്.
അത്രമേല്‍ ശോഭിക്കുന്ന ചങ്ങമ്പുഴയേയും വയലാറിനേയും വളരെ മനോഹരമായി, ആഴത്തില്‍ താദാത്മ്യം ചെയ്യുകയാണ് ഷബീര്‍. ഈ കവി ശ്രേഷ്ഠരെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും.
വയലാര്‍ വെറും47 വയസ്സുവരേ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുളളു; ചങ്ങമ്പുഴ കേവലം37 വര്‍ഷവും. ചങ്ങമ്പുഴയും വയലാറും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കവികളാണ്. രണ്ടുപേരും ജനപ്രിയതയുടെ കൊടിയടയാളങ്ങളായി ഇന്നും നമ്മെ വ്യാമോഹിപ്പിക്കുന്നു. ഇരുവരും നിരവധി അതുല്യ സര്‍ഗ്ഗസൃഷ്ടികള്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
കാല്പനിക വസന്തത്തിന്റെ പ്രതിഷ്ഠ ആവോളം വാരിവിതറിയ കവി പുംഗവനായിരുന്നു ചങ്ങമ്പുഴ. ഇത്രയേറെ ആലങ്കാരിക പ്രയോഗങ്ങള്‍ മലയാളഭാഷയില്‍ ചങ്ങമ്പുഴക്കല്ലാതെ മറ്റൊരു കവിക്കും രചിക്കാന്‍ സാധ്യമായിട്ടില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രമണന്‍. രമണന്‍ എഴുതുന്നത്1936ല്‍ ചങ്ങമ്പുഴയുടെ25ാം വയസ്സിലാണ്. നെടുവീര്‍പ്പ് കൊണ്ടളന്നാല്‍ മലയാളത്തിലെ ഏറ്റവും മേനിയുളള കാവ്യം രമണനാണ് എന്ന് കവിതയുടെ ജീവചരിത്രം എന്ന പുസ്തകത്തില്‍ കല്പറ്റ നാരായണന്‍ പറയുന്നു.20ാം നൂറ്റാണ്ടില്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ പ്രണയം എന്ന പുതിയ ഭാവുകത്വത്തിന്റെ പ്രശസ്തനായ പ്രചാരകന്‍ ചങ്ങമ്പുഴയുടെ'രമണ'നായിരുന്നു.
ചങ്ങമ്പുഴക്ക് കവിതയും പ്രണയവും സ്വപ്നങ്ങളും മോഹഭംഗങ്ങളും ലഹരിയും എല്ലാം ഒരു ലഹരിയായിരുന്നു. കവിതാമൃതം തീര്‍ക്കാന്‍ ഈ ഭൂമിയില്‍ പിറന്ന ഒരു ഗന്ധര്‍വ്വ കവിയായിരുന്നു ചങ്ങമ്പുഴ! അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത പദവിന്യാസം അഥവാ വാക്കുകളുടെ തീവ്രപ്രസരിപ്പായിരുന്നു. ചങ്ങമ്പുഴ വിളിച്ചാല്‍ വാക്കുകള്‍ വരും.
വെളളി നക്ഷത്രമേ നിന്നെ നോക്കി
തുളളി തുളുമ്പുകയെന്യേ
മാമകവ്യാമോഹമൊന്നും…
അപാരമായ ജ്ഞാനവും വായനയും ഗ്രാഹ്യശേഷിയും മറ്റു കവികളില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. പാശ്ചാത്യ ലാറ്റിന്‍ കവിതകളേയും ഇതരകൃതികളേയും നല്ലപോലെ സമാസം ചെയ്യാന്‍ കഴിവുളള കവിയായിരുന്നു ചങ്ങമ്പുഴ.
കാനനച്ഛായയിലാടു മേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ…
……
ഇന്നാ വനത്തിലെ കാഴ്ച കാണാന്‍
എന്നെയും കൂടൊന്നു കൊണ്ടുപോകൂ…
തന്നെ കൂടെ കൊണ്ടുപോകാനും വനത്തിലെ പലതരം കമനീയ കാഴ്ചകള്‍ കണ്ടാനന്ദിക്കാനും പ്രിയനൊത്ത് പ്രണയലീലകളില്‍ മുഴുകുവാനും ചന്ദ്രിക ആവേശം കൊളളുന്നു.
അതിനു മറുപടിയായി: രമണന്‍ ചന്ദ്രികയുടെ ആവേശത്തെ ശമിപ്പിക്കുന്നു…
കൊച്ചി തെക്കേടത്ത് രാമന്‍ മേനോന്റേയും ചങ്ങമ്പുഴ വീട്ടില്‍ പാറുകുട്ടിയമ്മയുടെയും മകനായി 1911ഒക്‌ടോബര്‍11ന്ചങ്ങമ്പുഴ കൃഷ്ണപിളള ജനിച്ചു. രമണന്‍, ബാഷ്പാജ്ഞലി, സങ്കല്‍പകാന്തി, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, നീറുന്ന തീച്ചൂള, ഓണപ്പൂക്കള്‍, ലീലാകണം, രക്തപുഷ്പങ്ങള്‍, സ്വരരാഗസുധ, യവനിക തുടങ്ങിയ കവിതാ സമാഹാരങ്ങളും, കളിത്തോഴി (നോവല്‍), സാഹിത്യ ചിന്തകള്‍, തുടിക്കുന്ന താളുകള്‍, പൂനിലാവില്‍ എന്നീ ഗദ്യ കൃതികളും മറ്റു നിരവധി ശ്രദ്ധേയ രചനകളും കൊണ്ട് ചങ്ങമ്പുഴ നമ്മെ വിസ്മയിപ്പിച്ചു.
ചങ്ങമ്പുഴ ബാല്യത്തില്‍ തന്നെ കവിതകളെഴുതിയിരുന്നു. അദ്ദേഹത്തിന് അനുഭവങ്ങളേക്കാള്‍ കൂടുതല്‍ ഭാവനയായിരുന്നു കൈമുതല്‍. യാഥാര്‍ത്ഥ്യവും ഭാവനയും ഒത്തുചേരുന്ന ഒരു നൂതനശൈലി അദ്ദേഹം ക്രമേണ മലയാളഭാഷയിലേക്ക് കൊണ്ടുവന്നു. ഒരോ അനുഭവങ്ങളും കവിതകളായി മാറ്റുവാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സിദ്ധി തന്നെ ഉണ്ടായിരുന്നു.
എവിടെ തിരിഞ്ഞൊന്ന് നോക്കി
യാലെന്തവിടൊക്കെ പൂത്തമരങ്ങള്‍ മാത്രം
ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെ പൂമഴയായി പിന്നെ…
ചങ്ങമ്പുഴയ്ക്ക് വാക്കുകള്‍ക്കും വരികള്‍ക്കും കാത്തുനില്‌ക്കേണ്ട ആവശ്യമില്ലായിരുന്നു.
മനസ്സിനെ അതിമനോഹരമായി സ്പര്‍ശിച്ചു പോകുന്ന മറ്റൊരു കാവ്യശകലം…
വേദന വേദന ലഹരിപിടിക്കും വേദന ഞാനിതില്‍ മുഴുകട്ടെ,
മുഴുകട്ടെ മമ പ്രാണനില്‍ നിന്നൊരു മുരളീമൃദുരവമൊഴുകട്ടെ!
വിപുലവും തീക്ഷ്ണവുമായ ജീവിതാനുഭവങ്ങള്‍ ഇടകലര്‍ത്തി ചങ്ങമ്പുഴ കവിതകളെഴുതി. അത് മലയാളികള്‍ക്കേറെ പ്രിയപ്പെട്ടതായി മാറി. അക്കാലത്ത് വായനക്കാര്‍ ധാരാളമുണ്ടായിരുന്നു. സാഹിത്യപ്രതിഭകളും പ്രസാധകരും കുറവായിരുന്നു. അതുകൊണ്ട് സാഹിത്യത്തിന് അന്ന് നല്ല ഡിമാന്റുണ്ടായിരുന്നു. അക്ഷരമറിയുന്നവര്‍ കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലം. അത് സര്‍ഗ്ഗസിദ്ധിയുളള പലര്‍ക്കും എഴുതാന്‍ പ്രേരണയായി.
ഇങ്ങനെ ആപാദചൂഡം പരിശോധിക്കുമ്പോള്‍, തന്റെ കുറഞ്ഞകാലത്തെ കാവ്യജീവിതം കൊണ്ട് ഭാഷയുടെ മുഖച്ഛായ മാറ്റാന്‍ കഴിഞ്ഞ കവിയാണ് ചങ്ങമ്പുഴ.
കാല്പനികതയുടെ തേന്‍ പുരട്ടിയ കവിതകളുടെ ജനപ്രിയത വിളിച്ചോതിയ മറ്റൊരു ഈരടി…
മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
എഴുതാനുഴറീ കല്പന ദിവ്യ
മൊരഴകിനെ എന്നെ മറന്നു ഞാന്‍!
അത്താഴം കഴിഞ്ഞു എഴുതാനിരുന്നാല്‍ നേരം പുലരുംവരെ ചങ്ങമ്പുഴ നിര്‍ത്താതെ എഴുതുമായിരുന്നു.
ചങ്ങമ്പുഴയില്‍ നിന്നടര്‍ന്നു വീണ ആസ്വാദ്യമധുരമായ വരികള്‍.
കണ്ണടച്ചേകാന്തയോഗി പോല്‍ പാടത്ത്
ചെന്നിരിക്കുന്ന വെണ്‍കൊക്കിനേക്കാള്‍
കാടും മലകളും വര്‍ണ്ണിച്ചു പാടുന്ന
കാര്‍ക്കുയിലാണെനിക്കേറെയിഷ്ടം…
മലയാള സാഹിത്യ ചരിത്രത്തിന്റെ കാവ്യവാഹിനിപ്പുഴയില്‍ സ്ഥിതപ്രവാഹിയാണ് ഇന്നും ചങ്ങമ്പുഴക്കവിതകള്‍.
വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍.വി. എന്നീ മാറ്റൊലിക്കവികള്‍ക്കു ശേഷം, സച്ചിദാനന്തര കാലത്തും ഈ ഗാനകോകിലത്തിന്റെ ജനപ്രിയതാ അനുരണനം തുടരുകയാണ.്
വയലാര്‍ രാമവര്‍മ്മ
വെളളാരപളളി കേരള വര്‍മ്മയുടെയും വയലാര്‍ രാഘവ പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി1928മാര്‍ച്ച്25ന് വയലാര്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതം പഠിച്ചു. പാദമുദ്രകള്‍, കൊന്തയും പൂണൂലും, എനിക്ക് മരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു, എന്റെ മാറ്റൊലി കവിതകള്‍, സര്‍ഗ്ഗ സംഗീതം, വയലാര്‍ കൃതികള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും ആയിഷ (ഖണ്ഡ കാവ്യം), എന്റെ ചലച്ചിത്ര ഗാനങ്ങള്‍, രക്തം കലര്‍ന്ന മണ്ണ് (കഥകള്‍), വെട്ടും തിരുത്തും, പുരുഷാന്തരങ്ങളിലൂടെ (യാത്രാ വിവരണങ്ങള്‍), തുടങ്ങിയവ പ്രശസ്ത സൃഷ്ടികളാണ്.
വയലാറിനെ ഏറ്റവും അടുത്ത് പരിചയമുളളവര്‍ കുട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. മലയാളഭാഷയുടെ അഭിമാനമായ വയലാര്‍ എന്നും അതായിരിക്കും.
വയലാര്‍ ചിന്തകനും പ്രതിഭാധനനും മികച്ച കവിയും ഗാനരചയിതാവും സര്‍വ്വോപരി ദാര്‍ശനികനുമായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് മരണമില്ല.'തനിക്ക് മരണമില്ല' എന്ന് പറഞ്ഞതു പോലെ വയലാര്‍ ഇന്നും അനശ്വരനായി ജനമനങ്ങളില്‍ ജീവിക്കുന്നു. കവിയും ക്രാന്തദര്‍ശിയും നിഷേധിയും ഒത്തുചേരുന്ന അദ്ദേഹത്തിന്റെ ഒരു സര്‍ഗാത്മകലോകം ചാരുതയോടെ ഇന്നും നിലനില്ക്കുന്നു.
എത്ര വൈകി ഉറങ്ങിയാലും സരസ്വതീയാമത്തില്‍ വയലാര്‍ ഉണരുകയും കവിതയുടെ കസവുതട്ടം പുതപ്പിച്ച ഗാനങ്ങള്‍ പിറക്കുകയും ചെയ്യും. ഇത് നേരിട്ടനുഭവിച്ച പലര്‍ക്കും അദ്ദേഹത്തിന്റെ സര്‍ഗാത്മകതയില്‍ അത്ഭുതം തോന്നിയിരുന്നു.
സരസ്വതീയാമത്തെക്കുറിച്ച്:
സരസ്വതീയാമം കഴിഞ്ഞു
ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു
വെണ്‍കൊറ്റക്കുട ചൂടും
മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുണര്‍ന്നു
വേദാന്തങ്ങളുടെയും ഉപനിഷത്തുകളുടെയും വാതില്‍ തുറന്നിട്ട വയലാര്‍, വിപ്ലവത്തിന്റെ തീക്ഷ്ണത കൊണ്ട് ചുറ്റും ചുവപ്പിച്ചു. മലയാളവും സംസ്‌കൃതവും കൂടിച്ചേര്‍ന്ന മണിപ്രവാളത്തില്‍ വയലാര്‍ എഴുതിയതില്‍ നല്ലൊരു പങ്കും ഭാവനകളായിരുന്നു. മണിപ്രവാളഭാഷ കൊണ്ട് മാസ്മരിക സൃഷ്ടികള്‍ നടത്തിയ വയലാര്‍ എന്തുകൊണ്ടും ഒരതീന്ദ്രിയ പ്രതിഭയായിരുന്നു. കവിതകളും കവിതാസ്പര്‍ശമുളള ഗാനങ്ങളും ജനം സ്വീകരിച്ചതോടെ അദ്ദേഹം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചുയര്‍ന്നു.
അനശ്വരതയ്ക്കു വേണ്ടിയുളള അദ്ദേഹത്തിന്റെ ദാഹം നിഷേധിക്കാനാവില്ലെന്ന്
ഈ വരികള്‍ അത് സൂചിപ്പിക്കുന്നു…
ഈ മനോഹരതീരത്ത് തരുമോ
ഇനിയൊരു ജന്മംകൂടി, എനി—
ക്കിനിയൊരു ജന്മംകൂടി
ഈ ഗാനങ്ങളിലൊക്കെ വയലാറിന്റെ അനശ്വരതയുടെ ആത്മവിലാപം നിറഞ്ഞുനില്ക്കുന്നത് സസൂക്ഷ്മം വായിക്കാം.
അമ്മേ അമ്മേ അവിടുത്തെ മുമ്പില്‍
ഞാനാര് ദൈവമാര്
എളിമയോടെ എഴുതിയ ഈ ഗാനം അഗാധമായ അര്‍ത്ഥഗാംഭീര്യമുളള ഒന്നാണ്. അമ്മയുടെ രക്തത്തില്‍ നിന്നും ഊറിവരുന്ന അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാണ് നാം വലുതാവുന്നതും, പിന്നീട് സ്വന്തം അമ്മയെത്തന്നെ തിരിച്ചറിവില്ലാതാവുന്നതും.
256ല്‍പരം സിനിമകളില്‍1300ല്‍ അധികം പാട്ടുകളിലൂടെ വയലാര്‍ കാമുകഹൃദയങ്ങളുടെ വിഹ്വലതയും ലഹരിയും കവിതയൂറുന്ന ഗാനങ്ങളലൂടെ കേരളീയ ജീവിതത്തെ ധന്യമാക്കി.
സ്വാതന്ത്ര്യത്തിന്റെ മധുരം നുണയവെ വിഭജിക്കപ്പെടുന്ന ഭാരതഭൂമിയുടെ ആഘാതം വയലാര്‍ പ്രകടിപ്പിക്കുന്നു…
കരയുന്നില്ലേ നിങ്ങളിന്ത്യതന്‍ കരള്‍ വെട്ടി
കുരുതിക്കളം തീര്‍ത്ത
കണ്ണീരിന്‍ കഥ കേള്‍ക്കേ
ചലനം നിലച്ചുവോ രക്ഷാനിലയം തകര്‍ത്തപ്പോളെന്‍
നാടിന്‍ ഞെരമ്പുകള്‍…
നാല്പത് വര്‍ഷം മുമ്പ് വയലാര്‍ എഴുതിയ ഈ ഗാനം രാഷ്ട്രപതിയില്‍ നിന്നും സ്വര്‍ണ്ണമെഡലിന് അര്‍ഹമായി.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവെച്ചു
മനസ്സ് പങ്കുവെച്ചു
ഈ കവിത മനുഷ്യന്റെ ദുര്‍മനസ്സിനെ കാണിക്കുന്നു.
ചെന്നായിന്‍ ഹൃത്തിനും ഹാ ഭൂവി
നര ഹൃദയത്തോളമയ്യോ വന്നിട്ടില്ല
കടുപ്പം ഭുജിപ്പൂ മനുജനെ മനുജന്‍
നീതി കൂര്‍ക്കം വലിപ്പൂ
ഒരു കവിക്ക് സമൂഹത്തോട് അങ്ങേയറ്റത്തെ കടപ്പാടുണ്ടെന്ന സാമൂഹികാഭിമുഖ്യത്തിന്റെ പ്രതിഫലനമായി ഈ വരികളെ ഷബീര്‍ നിരൂപണവിധേയമാക്കുന്നു.
കലുഷിതജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഏകനായി നില്ക്കുന്ന അസ്വസ്ഥാവസ്ഥ ഇതിയിലൂടെ പറയുന്നു. കാവ്യനിരൂപണത്തിന്റേയും ജനപ്രിയ ഗാനാസ്വാദനത്തിന്റേയും സ്വഭാവത്തിലൂടെ രണ്ട് പ്രശസ്ത കവികളെ താരതമ്യ പഠനത്തിലൂടെ ഷബീര്‍ വിശകലനം ചെയ്യുന്നു.
ഗാനങ്ങളെ കവിതയുടെ കസവുതട്ടം പുതപ്പിക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കയും ചെയ്ത സര്‍ഗ്ഗപ്രതിഭയാണ് വയലാര്‍. നമുക്ക് നിരവധി ഗാനരചയിതാക്കളും കവികളും ഉണ്ടെങ്കിലും വയലാറിന്റെ ആധികാരികത ഒന്നു വേറെത്തന്നെയാണെന്ന് ചെമ്മീനിലെ ഗാനങ്ങള്‍ കേട്ടാല്‍ മനസ്സിലാവും.
മാനസ മൈനേ വരൂ…
മധുരം നുളളി തരൂ…
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
ഈ വരികളില്‍ വിഷാദങ്ങങ്ങളും വിലാപങ്ങളും അനിയന്ത്രിതമായ ശോകത്തിന്റെ അണപൊട്ടിയൊഴുകുന്ന അശ്രുബിന്ദുക്കളും ചാലിച്ചു ചേര്‍ന്നിരിക്കുന്നു.
അനുഭവങ്ങളൂടെയും ഭാവനകളുടെയും വര്‍ണ്ണവല്ലരികള്‍ കോരിനിറച്ചു ചങ്ങമ്പുഴയും വയലാറും നമ്മെ വിസ്മയകരമായ കാവ്യപ്രപഞ്ചത്തിലേക്ക് നയിച്ചു എന്ന് ഉറപ്പിച്ചു പറയാം.
ചങ്ങമ്പുഴയും വയലാറും എന്നുമെന്നും അവരുടെ അനുപമ കൃതികളിലൂടെ മനുഷ്യമനസ്സുകളില്‍ ജീവിക്കുകയും കാലത്തെ അതിജീവിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.