മോശം കാലാവസ്ഥ: ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്
തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഫുക്കറ്റിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിലെ മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ബോയിംഗ് 737 മാക്സ് വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം ഇപ്പോൾ വിശദമായ സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ലാൻഡിംഗ് നടത്തിയത്. ഇടിമിന്നലുകളെ പ്രതിരോധിക്കാനുള്ള ആധുനിക സംവിധാനങ്ങൾ വിമാനത്തിനുണ്ടെന്ന് എയർലൈൻ കൂട്ടിച്ചേർത്തു. എൻജിനീയറിങ് വിഭാഗം വിമാനത്തിന്റെ ഘടനയിലും എൻജിനിലും കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.