ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

Nov 12, 2025 - 20:32
 0  6
ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്‌ഫോടനം ഭീകരാക്രമണമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണമായാണ് ചെങ്കോട്ടയ്ക്കു സമീപം നടന്നതെന്ന് വ്യക്തമാക്കിയത്. കാർ സ്‌ഫോടനത്തിൽ നിരപരാധികളായ പൗരന്മാർ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി മന്ത്രിസഭ യോഗത്തിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ, രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണമായാണ് ചെങ്കോട്ടയ്ക്കു സമീപം നടന്ന ഈ സ്‌ഫോടനത്തെ വിശേഷിപ്പിച്ചത്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിലും അനേകർക്ക് പരിക്കേറ്റതിലും മന്ത്രിസഭ ദു:ഖം പ്രകടിപ്പിച്ചു. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഹൃദയപൂർവ്വമായ അനുശോചനം രേഖപ്പെടുത്തി.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്നാശംസിച്ച മന്ത്രിസഭ, ദുരന്തനിവാരണത്തിനായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന മെഡിക്കൽ സംഘങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും സമയബന്ധിതമായ ഇടപെടലുകൾ പ്രശംസിച്ചു.