ബില്‍കീസ് ബാനു കേസ്: പതിനൊന്ന് പ്രതികളും പൊലീസിന് മുന്നില്‍ കീഴടങ്ങി

ബില്‍കീസ് ബാനു കേസ്: പതിനൊന്ന് പ്രതികളും പൊലീസിന് മുന്നില്‍ കീഴടങ്ങി
ബില്‍കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പതിനൊന്ന് പ്രതികളും പൊലീസിനു മുന്നില്‍ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്.
ജനുവരി 21 ന് അർദ്ധരാത്രിക്ക് മുമ്ബ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജനുവരി എട്ടിന് സുപ്രീംകോടതി പ്രതികളെ വിട്ടയച്ച തീരുമാനം റദ്ദാക്കി ഉത്തരവിട്ടത്.

കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികള്‍ നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചരണ നടന്ന സ്ഥലം മഹാരാഷ്ട്ര ആയതിനാല്‍ ഇളവ് നല്‍കാൻ അധികാരം മഹാരാഷ്ട്ര സർക്കാരിനെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു വിധി.

ഉത്തരവ് അനുസരിച്ച്‌ പതിനൊന്ന് പ്രതികളും ജനുവരി 21 അർധരാത്രിക്കു മുമ്ബ് ജയിലില്‍ എത്തി കീഴടങ്ങിയതായി ലോക്കല്‍ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ എൻഎല്‍ ദേശായി അറിയിച്ചു. ബോംബെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികളെ 2022 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികം പ്രമാണിച്ചാണ് വിട്ടയച്ചത്. ഇതിനെതിരെ ബില്‍കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ഗുജറാത്ത് കലാപകാലത്ത് 21ാം വയസ്സിലാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബില്‍കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരുടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു.