ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; വോട്ടെണ്ണല്‍ നവംബർ 14ന്

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടക്കും. നവംബര്‍ ആറിനാണ് ആദ്യഘട്ട പോളീങ്. രണ്ടാംഘട്ടം 11നും നടക്കും. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാര്‍ 3.92 കോടിയും സ്ത്രീകള്‍ 3.50 കോടിയുമാണ്. കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കുമെന്ന് തരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
90712 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പിന് ഒരുക്കുക. ഒരു ബൂത്തില്‍ 1200 വോട്ടര്‍മാര്‍ എന്ന നിലയിലാകും സജ്ജീകരിക്കുക. പോളിങ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. സ്റ്റേഷന് പുറത്ത് ഫോണ്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കും. സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഉണ്ടാകും. എല്ലാവര്‍ക്കും അനായാസം എത്താനായി പോളിങ് സ്റ്റേഷനുകള്‍ താഴത്തെ നിലയിലാകും സജ്ജീകരിക്കുക.
വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ജൂണ്‍ 24 മുതല്‍ വോട്ടര്‍പട്ടിക ശുദ്ധീകരണം ആരംഭിച്ചു. ഓഗസ്റ്റ് 1ന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 30ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
243 സീറ്റുകളുള്ള നിയസഭയിലേക്ക് എന്‍ഡിഎയും ഇന്ത്യാ സഖ്യവും നേരിട്ട് ഏര്‌റുമുട്ടുകയാണ്. ബിജെപി, ജനതാദള്‍ യുനൈറ്റഡ്, ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവര്‍ അടങ്ങുന്നതാണ് എന്‍ഡിഎ. ആര്‍ജെഡി, കോണ്‍ഗ്രസ് വിവിധ ഇടതുപാര്‍ട്ടികളുമാണ് ഇന്ത്യാ സഖ്യത്തിലുള്ളത്.