സ്നാപകന്റെ ശിരച്ഛേദം: സൂസൻ പാലാത്ര

സ്നാപകന്റെ ശിരച്ഛേദം: സൂസൻ പാലാത്ര
ഇന്ന് യോഹന്നാൻ മാംദാനയുടെ ജന്മദിനം 
 
 ക്രിസ്തുവിന്റെ മുന്നോടിയായിരുന്ന സ്നാപക യോഹന്നാനെക്കുറിച്ചുള്ള അത്ഭുതവാർത്തകൾ കേട്ടിട്ട് ഹെറോദോസിന്റെ ഉള്ളത്തിൽ ദീർഘദർശിയെ ഒരുമാത്ര കാണുവാൻ ദാഹമേറി.  സ്നാപകനെ നേരിൽക്കണ്ട്  ഇത്തരത്തിൽ പ്രസംഗിച്ച് ജനത്തെ മറിച്ചുകളയരുത് എന്നുപറയാനും രാജാവ് താല്പര്യപ്പെട്ടു. കാരണം, രാജകിങ്കരന്മാർക്ക് സ്നാപകനോട് വിരോധമായിരുന്നു. നീതിരഹിതമായ കരംപിരിവ് നടത്തി സാധുക്കളെ വലച്ചുകൊണ്ടിരുന്ന രാജകിങ്കരന്മാർക്കെതിരെ സ്നാപകന്റെ രോഷാഗ്നി ചൊരിഞ്ഞിട്ടുള്ളത് അവരറിഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് സ്നാപകന്റെ ശല്യം ഇല്ലാതാക്കണമെന്ന് ഭൃത്യന്മാർ രാജാവിനെഉണർത്തിച്ചു.
 
സ്നാപകൻ തെരുവീഥികളിലും ചന്തകളിലും കൊട്ടാരവാതിൽക്കലും വരുവാനുള്ള മിശിഹായെ പ്രസംഗിച്ചു.
പാപികൾ തങ്ങളുടെ  പാപങ്ങളെ ഏറ്റു പറഞ്ഞുപേക്ഷിച്ച്, പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് അനുതപിച്ച് ജ്ഞാനസ്നാനം പ്രാപിയ്ക്കാൻ അവൻ എല്ലാവരോടും ഉച്ചത്തിൽ അട്ടഹസിച്ചു പറഞ്ഞു. ഏറിയ  ജനവും അവന്റെ കയ്യാൽ സ്റ്റാനമേറ്റു, മേലിൽ പാപം ചെയ്യില്ലെന്ന് തീരുമാനമെടുത്തു. 
 രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥരും കാവൽപ്പടയാളികളും അവനോട് ഞങ്ങൾ എന്തു ചെയ്യണം എന്നുചോദിച്ചു. നിങ്ങളോട് കല്പിച്ചതിൽ അധികം ഒന്നും പിരിയ്ക്കരുത് എന്നും ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മാത്രം മതി എന്നു വയ്പ്പിൻ എന്ന് ഉപദേശിച്ചു. (ലൂക്കോസ് : 3: 12, 13, 14) 
 
രാജാവ് ദീർഘദർശിയെ ആളയച്ചു വരുത്തി. വരുവാനിരിയ്ക്കുന്ന മിശിഹായെക്കുറിച്ച് അവന് കൂടുതൽ കേൾക്കണം, 
"രാജത്വം അവന്റെമേൽ വരും, ആധിപത്യം അവന്റെ തോളിലിരിയ്ക്കും, ഭൂമിയുടെ ആരംഭം മുതൽ അറുതി വരെയും അവന്റെ രക്ഷയെ കാണും, അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തു കളയും" തുടങ്ങിയുള്ള പ്രവചന വചനങ്ങൾ യഹൂദിയാ രാജാക്കന്മാരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരിയ്ക്കുന്നതും, ആശങ്കയിലാക്കിയിരിക്കുന്നതും. 
രാജാവിന്റെ രാജപദവിയ്ക്ക് ഭീഷണിയായി വരുന്നവനാണ് മിശിഹാ എന്ന ക്രിസ്തു എന്ന് രാജാവ് തെറ്റിദ്ധരിച്ചുവശായി. 
ദീർഘദർശിയ്ക്കാണെങ്കിൽ ഭിക്ഷുവെന്നോ രാജാവെന്നോ ഒരു ഭേദവുമില്ല, അദ്ദേഹം  മുഖം നോക്കാതെ സത്യത്തെയും നീതിയെയും ന്യായവിധിയെയും പ്രസംഗിച്ചു.
യോഹന്നാനെക്കുറിച്ച് പ്രവാചകന്മാർ മുമ്പേ പറഞ്ഞിരുന്ന വിശുദ്ധവചനങ്ങൾ യേശു തന്റെ ശിക്ഷ്യന്മാരെ ഓർമ്മിപ്പിച്ചു : "ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും" എന്ന് എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നെ. 
യേശു യോഹന്നാനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം: "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല" "വരുവാൻ ഉള്ള ഏലിയാവ് അവൻ തന്നെ" 
(യേശുക്രിസ്തുവിനെ ജ്ഞാനസ്നാനം നടത്തിയതിനാലാണ് യോഹന്നാനെ സ്നാപകൻ എന്ന് യേശുക്രിസ്തുവും മറ്റുള്ളവരും വിശേഷിപ്പിയ്ക്കുന്നത്,  മത്തായി: 3: 13 - 17)
 യേശു സാക്ഷ്യപ്പെടുത്തിയ യോഹന്നാനെയാണ് ഹെറോദോസ് രാജാവ് കാണുവാനായി ആളയച്ചു വരുത്തിയത്. ഹെറോദോസ് നീചനാണ്. സ്വസഹോദരനായ ഫിലിപ്പോസിനെ വധിച്ച് അവന്റെ ഭാര്യയായ,ദുഷ്ടതയും കാപട്യവുമേറിയ ഹെരോദ്യയെ  ഭാര്യയായി സ്വീകരിച്ചവൻ. മത്തായി : 14:2-10
         
സത്യം സംസാരിയ്ക്കാൻ  ആരെയും ഭയമില്ലാത്ത, മുഖസ്തുതി പറയാൻ തെല്ലും ഇഷ്ടമില്ലാതിരുന്ന യോഹന്നാൻ
രാജാവ് ചെയ്ത നീചകാര്യത്തെ രോഷത്തോടെ എതിർത്തു. കോപിഷ്ഠനായ രാജാവ് ഹെരോദ്യയുടെ വാക്കിൻ പ്രകാരം സ്നാപകനെ കിടങ്ങറയിലുള്ള ഭീകരമായ കൽത്തുറുങ്കിൽ  ബന്ധനസ്ഥനായി ഏകാന്തതയിൽ അടച്ചു. സ്നാപകനെ വധിക്കുവാൻ മനസ്സു വരാതിരുന്നതിനാലാണ് ഹെരോദ്യയെ പ്രസാദിപ്പിയ്ക്കുവാൻ രാജാവ് സ്നാപകനെ ഏകാന്തത്തടവറയിൽ അടച്ചത്. 
എന്നാൽ ഏതുമാർഗ്ഗം സ്വീകരിച്ചെങ്കിലും സ്നാപകനെ കൊല്ലാൻ തക്കംപാർത്തിരുന്ന ഹെരോദ്യയ്ക്ക് കിട്ടിയ സുവർണ്ണാവസരമാണ് രാജാവിന്റെ ജനനത്തിരുന്നാൾ.
അന്ന് ഹെരോദ്യപുത്രി സലോമി രാജസദസ്സിൽ നൃത്തം ചെയ്ത് രാജാവിനെ സന്തോഷിപ്പിച്ചു. ആനന്ദാതിരേകത്താൽ രാജാവ് തിരുവായ്മൊഴിഞ്ഞ് വാഗ്ദത്തം നല്കി "നീ എന്തു ചോദിച്ചാലും തരും, രാജ്യത്തിന്റെ പകുതിയായാലും ഞാൻ നിനക്ക് നല്കാം "
അതിനീചയായ ഹെരോദ്യ നിർദ്ദേശിച്ചതനുസരിച്ച് സലോമി രാജാവിനോട് ഒരു വെള്ളിത്താലത്തിൽ സ്നാപകന്റെ തലവേണം എന്ന് ആവശ്യപ്പെട്ടു. രാജാവ്  രാജസദസ്സിൽചെയ്ത വാഗ്ദത്തത്തിന് രാജസദസ്സ് സാക്ഷിയായതിനാൽ, രാജാവ് ലോകം കണ്ടിട്ടുള്ള അതിക്രൂരകൃത്യത്തിന് കല്പനകൊടുത്തു. സ്നാപകന്റെ, ചോരയിറ്റിറ്റു വീഴുന്ന ശിരസ്സ്  ഒരു വെള്ളിത്താലത്തിൽ സലോമിയെ രാജകിങ്കരന്മാർ ഏല്പിച്ചു. ആ തീഷ്ണങ്ങളായ കണ്ണുകൾ സലോമിയെ ഉറ്റുനോക്കി. 

സൂസൻ പാലാത്ര