അപ്രതീക്ഷിത സമ്മാനത്തിൻ്റെ ഹരം: ഡോ. ജേക്കബ് സാംസൺ

അപ്രതീക്ഷിത സമ്മാനത്തിൻ്റെ ഹരം:   ഡോ. ജേക്കബ് സാംസൺ
 
പ്രഖ്യാപിച്ചശേഷം കിട്ടുന്നതിനേക്കാൾ പതിന്മടങ്ങ് സന്തോഷം പകരുന്നതാണ്
അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനം. മുൻ മുഖ്യമന്ത്രി എ.കെ.ആൻ്റണിയിൽ നിന്ന് അത്തരത്തിൽ
ഒരപൂർവ ബഹുമതി ലഭിച്ച  സംഭവമാണ് ഇവിടെ എഴുതുന്നത്.
 
എൻ്റെ നേതൃത്വത്തിൽ കളിവീണ പബ്ലിക്കേഷൻസ് എന്ന ഒരു ചെറിയ
പ്രസിദ്ധീകരണസ്ഥാപനമുള്ളത്പലർക്കും അറിവുള്ളതാണല്ലോ?.തുടങ്ങിയിട്ട് ഇരുപത്തി മൂന്നു വർഷമായെങ്കിലും ഏറ്റവും ചെറിയ സ്ഥാപനമായിത്തന്നെ ഇപ്പോഴും ഞാനത് നിലനിർത്തുകയാണ് ചെയ്യുന്നത്.
 മറ്റു പ്രസാധകരും സുഹൃത്തുക്കളും നിങ്ങളിത് ഡവലപ്പ് ചെയ്യണം അല്പം പ്രസിദ്ധീകരണ സ്ഥാപനമാക്കാം."
എന്നൊക്കെ അഭിപ്രായം പറയും. അത് കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷമാകും;ഇത് നശിച്ചുകാണണമെന്ന് ആരും
ആഗ്രഹിക്കുന്നില്ലല്ലോ? അതാണ് ചെറുതായിരിക്കുന്നതിൻ്റെ ഗുണം.
 
എൻ്റെ ഈ ചെറിയ പ്രസിദ്ധീകരണസ്ഥാപനത്തിന് ഒരു വലിയ മനുഷ്യൻ്റെ
ജീവചരിത്രം പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിച്ചു.സ്വാതന്ത്ര്യസമര
സേനാനിയും മുൻ എം. എൽ എ. യും മുൻ ഡിസിസി പ്രസിഡൻ്റുമായ
എം. കുഞ്ഞുകൃഷ്ണപിള്ളയുടെ ജീവചരിത്രം മകൾ പ്രിയദർശിനിഎഴുതിയത്. അതാകട്ടെ അതിമനോ
ഹരമായ ഭാഷയിലെഴുതിയ ഉദാത്തമായ ഒരു കൃതി.
 
കഥകളിലെന്നപോലെ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന
റിയാനുള്ള ആകാംക്ഷ നിലനിർത്തുന്ന ഈ ജീവചരിത്രം പോലെ മറ്റൊന്ന് ഞാൻ വായിച്ചിട്ടില്ല. ചില സന്ദർഭത്തിൽ വായന നിർത്തി കുറച്ചുസമയം കരഞ്ഞുകൊണ്ട് ഇരിക്കുക പോലും ചെയ്തിട്ടുണ്ട്. എന്നാൽ അടുത്തരംഗം അപ്രതീക്ഷിത സന്തോഷത്തിൻ്റേതായിരിക്കും.എഴുത്തുകാരിക്കാണെങ്കിൽ പുസ്തകം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ട്. അതിൽ നിന്ന് കടുകിട മാറുകയുമില്ല.
കവർച്ചിത്രങ്ങൾ നാലു പ്രാവശ്യം ഫൈനൽ രൂപത്തിൽ എത്തിച്ചു. പ്രകാശനത്തിൻ്റെ തലേദിവസം ആ കവർചിത്രം മാറ്റിയില്ലെങ്കിൽ പ്രകാശനച്ചടങ്ങിൽ ഒരു സന്തോഷവും ഉണ്ടാവില്ലെന്ന് പറഞ്ഞു. രാത്രി ആർട്ടിസ്റ്റിനെ ഇരുത്തി അവർ ആഗ്രഹിച്ച എല്ലാമാറ്റങ്ങളും വരുത്തി. ആറുമണിക്കൂറാണ് അച്ചടിക്കാൻ കിട്ടിയത്. ഞാനും മുൾമുനയി
ൽ ആയി. നാലരമണിക്കുള്ള  പ്രകാശനത്തിന് മൂന്ന് മണിക്ക് പുസ്തകം അച്ചടിച്ചുകിട്ടി.ഗ്രന്ഥകാരിയുടെ മുഖം പ്രസന്നമായി. പ്രകാശനച്ചടങ്ങിൽപങ്കെടുക്കാൻ എന്നെ കാര്യമായി ക്ഷണിച്ചു. പോകാതിരിക്കാൻ കഴിയില്ലല്ലോ?
 
മുൻമുഖ്യമന്ത്രി എ.കെ.ആൻ്റണിയാണ്പ്രകാശനകർമ്മം നിർവഹിക്കുന്നത്.
ഇന്ദിരാഭവനിലാണ് ചടങ്ങ്. കോൺഗ്രസിലെ പ്രമുഖരായ എല്ലാമുൻനിര നേതാക്കളും വേദിയിലുണ്ട്. സദസ്സിൽ രണ്ടാം നിരനേതാക്കളും.അവർക്ക് പിന്നിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ ബന്ധുക്കളും സുഹൃത്തുക്കളും. ഏറ്റവും പിന്നിൽ ഗ്രന്ഥകാരി. അതിനുംപിന്നിൽ പ്രസാധകനായ ഞാനും. ചടങ്ങ് തുടങ്ങിയപ്പോൾ ഗ്രന്ഥകാരി
വേദിയിലേക്ക് ആനയിക്കപ്പെട്ടു.
 
റിപ്പോർട്ടറുടെ കൗതുകത്തോടെ ഞാൻ ചടങ്ങുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പുസ്തകം പീതാംബരകുറു
പ്പിന് നല്കിക്കൊണ്ട് എ.കെ.ആൻ്റണി പ്രകാശനംചെയ്തു.പുസ്തകം വളരെ താല്പര്യത്തോടെ നോക്കിയിട്ട് കവറും അച്ചടിയും  നന്നായിരിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. എനിക്കു വളരെ സന്തോഷം തോന്നി.ഗ്രന്ഥകാരി
യുടെ മുഖവും പ്രസന്നമാകുന്നത് ഞാൻ ശ്രദ്ധിച്ചു. പ്രസംഗത്തിൻ്റെ അവസാനം എ.കെ. ആൻ്റണി ചോദിച്ചു.
"ആരാണ് പ്രസേധകൻ"
വേദിയിൽ ഇരുന്ന് ആരോ ഒരാൾ പുസ്തകം നോക്കി മറുപടി പറഞ്ഞു
"കളിവീണ"
"ആളെവിടെ? " എ.കെ.ആൻ്റണി ചോദിച്ചൂ.
ഞാൻ എണീറ്റു. അതുവരെയും എന്നെ തിരിഞ്ഞു നോക്കാതിരുന്ന എല്ലാവരും തിരിഞ്ഞു നോക്കി.
"ഇവിടെ വരൂ."
ഞാൻ മുന്നോട്ട് നടന്നു. ഫോട്ടോയിൽ കൂടെ നിർത്താനായിരിക്കും എന്നോർ
ത്ത് വേദിയിൽ ഒരറ്റത്ത് ഒതുങ്ങിനിന്നു. 
"ഇങ്ങോട്ടുവരൂ"എ.കെ. ആൻ്റണി അരികിലേക്ക് ക്ഷണിച്ചു. 1001 രൂപ  കടലാസിൽ പൊതിഞ്ഞത്
സമ്മാനമായി എനിക്ക് തന്നു. "പുസ്തകം നന്നായിട്ടുണ്ട്. " ഒന്ന് നിർത്തിയിട്ട് പറഞ്ഞു " ഒരു പുസ്തകം
പോലും ആർക്കും ഫ്രീ കൊടുക്കരുത്"
പെട്ടെന്ന് ഒരു മറുപടിയും പറയാൻ എനിക്ക് കഴിയാത്തതിനാലാണെന്ന് തോന്നുന്നു, അദ്ദേഹം  അത് ഒന്നുകുടി
ആവർത്തിച്ചു."പുസ്തകം ഫ്രീ കൊടുക്കരുത്."
പുസ്തകത്തിന് കിട്ടിയ ആദ്യ പാരിതോഷികം  ഗ്രന്ഥകാരിക്ക് കൈമാറി വേദിയിൽ നിന്നിറങ്ങവേ സദസ് കരഘോഷം മുഴക്കി. അത് ഒരു ചെറിയ പ്രസാധകന് കിട്ടിയ വലിയ അംഗീകാരമായിരുന്നു .

 ഡോ. ജേക്കബ് സാംസൺ