കല്ലായിയിൽ വിനുവിന് പകരം ബൈജു കാളക്കണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് വി എം വിനുവിന് സ്ഥാനാർത്ഥിത്വം നഷ്ടമായ കല്ലായി ഡിവിഷനിൽ വിനുവിന് പകരക്കാരനായി കാളക്കണ്ടി ബൈജുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡൻ്റാണ് ബൈജു.
കല്ലായ് വാർഡ് കൺവീനർ കെ വി സുരേഷ് ബാബുവിൻ്റെ പേരും പട്ടികയിൽ ഉണ്ടായിരുന്നു. എന്നാല്‍ സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതോടെയാണ് ബൈജുവിന് നറുക്ക് വീണത്. വി എം വിനു വിഷയം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് നേതാക്കളുടെ അഭിപ്രായം. കല്ലായിയിൽ പ്രവർത്തകർക്കിടയിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്തിയതോടെ പാർട്ടിക്ക് ഉള്ളിൽ ഉടലെടുത്ത ഭിന്നത കുറയ്ക്കാൻ കഴിഞ്ഞെന്നും നേതൃത്വം കണക്കൂട്ടുന്നുണ്ട്.
പ്രമുഖ സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ച വി എം വിനു പുറത്തായതോടെ യുഡിഎഫിൻ്റെ മേയർ സ്ഥാനാർഥി ആരാണെന്ന ചോദ്യം വീണ്ടും സജീവമായി. പാറോപ്പടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന പി എം നിയാസിനാണ് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
"സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പിന്‍മാറേണ്ടി വന്നതിൽ തനിക്ക് ആരോടും പരിഭവമില്ലെന്ന് വിവാദങ്ങളെക്കുറിച്ച് വി എം വിനു പ്രതികരിച്ചു. ഇതൊരു അടഞ്ഞ അധ്യായമാണ്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും സിനിമക്കാരനാണെന്നും വ്യക്തമാക്കിയ വിനു, നിലവിൽ അടുത്ത സിനിമയുമായി ബന്ധപ്പെട്ട ജോലികളിലാണെന്നും അറിയിച്ചു.