അന്നും ഇന്നും എന്നും സ്ത്രീ: ലേഖനം, സപ്ന അനു ബി ജോർജ്

അന്നും ഇന്നും എന്നും  സ്ത്രീ: ലേഖനം,  സപ്ന അനു ബി ജോർജ്
ന്നും എവിടെയു ശക്തിയുടെയും ധൈര്യത്തിന്റെയും ദയയുടെയും പ്രതീകം.കഥകളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിറഞ്ഞു നില്ക്കുന്ന,അമ്മ,സഹോദരി,മകൾ എന്നിങ്ങനെ പലതരം വീവിധ ശക്തി സ്ത്രോതസ്സുകളായി നിറഞ്ഞ സത്രീത്വം. എങ്കിലും എന്നും എവിടെയും മുൻ നിരയിൽ സ്ഥാനം നിരസിക്കപ്പെടുന്ന സ്ത്രീത്വം. സ്ത്രീസംവരണം എന്ന നിയമത്തിനു സ്ത്രീ തന്നെ തടയിടുന്നു! നരനു തുണയായി നരനിൽ നിന്ന് എടുക്കപ്പെട്ടവളും ബലഹീനപാത്രവും ആണ് നാരീ എങ്കിൽ അവളെ സംരക്ഷിക്കാനുള്ള ചുമതലയും നരനുണ്ട് എന്ന് ബൈബിൾ പറയുന്നു. അതേ സമയം സ്ത്രീകൾ പൌരോഹിത്യം വഹിച്ച ഇടങ്ങളിലും സ്ത്രീക്ക് മാന്യത കല്പിക്കപ്പെട്ടിരുന്നു.പിതാവിനൊപ്പം മാതാവിനും അനുഗ്രഹം കൊടുക്കണമെന്ന്  വിശുദ്ധഗൃന്ധങ്ങളിൽ പറയുന്നുണ്ട്.എന്തുകൊണ്ട് സ്ത്രീ വേദനയോടെ പ്രസവിക്കണം എന്നുതുടങ്ങി പല ചോദ്യങ്ങൾക്കും ഇന്നും നാം മറുപടി തേടുന്നു .
അമ്മച്ചിയുടെ അന്നത്തെ മനസ്സുകൾ ........
ഞങ്ങളുടെ കാലത്ത് എന്തായിരുന്നു വീട്ടിലെ കഥകൾ.അപ്പച്ചനും മറ്റും വന്നാൽ പുറത്തു തിണ്ണയിലിരിക്കുന്ന മൊന്തയിലെ വെള്ളം കൊണ്ട് പടിയിൽ നിന്നു കാലുകഴുകുന്ന ശബ്ദം  കേൾക്കുമ്പോൾത്തന്നെ ഊണുമുറിയിൽ കഞ്ഞി വിളംബിയിരിക്കും.അപ്പച്ചന്റെ കഞ്ഞികുടി കഴിയുന്നിടം വരെ ഊണുമുറിയുടെ പടിയിൽ നില്ക്കുന്ന അമ്മച്ചി.നാളത്തെക്കുള്ള വിശേഷങ്ങളൊ മറ്റോ പറഞ്ഞാൽ കേൾക്കാം എന്നു മാത്രം.വീട്ടിലുള്ള പച്ചക്കറികളും മറ്റും കൊണ്ടുണ്ടാക്കുന്ന കറികളും,ചന്തയിൽ നിന്നു വാങ്ങിപ്പിക്കുന്ന മീൻ വാളമ്പുളിയിട്ട കറികളും,മറ്റും അമ്മച്ചിയുടെ തന്നെ തീരുമാനങ്ങൾ.പിന്നെ പറമ്പിലും പാടത്തും പണിയെടുക്കുന്ന നൂറോളം ജോലിക്കാർക്ക് കഞ്ഞിയും പുഴുക്കും കൊടുത്തു വിടാനുള്ള തത്രപ്പാടുകൾ.ഇതിനിടെ അപ്പച്ചനു വേണ്ടി നാളെ വക്കിലാപ്പീസിൽ ഇടാനുള്ള  വേഷങ്ങളെല്ലാം നനച്ചു കഞ്ഞിമുക്കി തേച്ച് അലമാരിയിൽ വെച്ചിരിക്കണം. പാടത്തുനിന്നും തിരിച്ചുവരുന്ന പാത്രങ്ങളും മറ്റും തന്നെ തിരികെവെച്ച് നാളത്തെക്കുള്ള കറികളും മറ്റും തീരുമാനിക്കണം,രാവിലത്തെ ആഹാരം മുതൽ  4 നേരം. മിക്സിയില്ലാത്ത, വാഷിമെഷിനില്ലാത്ത, വാഷിംസൊപ്പും,പ്രാസ്റ്റിക്ക്കവറുകളും ഒന്നും തന്നെയില്ലാത്ത കാലം.
അന്നും ജീവിതം ഉണ്ടായിരുന്നു, ഭാര്യയും ഭർത്താവും കുട്ടികളും,ജോലിയും കാറും വണ്ടിയും,ഇന്നത്തെ എസ്സ് എം എസ്സ് കൾച്ചർ ഇല്ലാത്തെ,മറ്റെല്ലാവിധ വാര്ത്താവിനിമയം,ഗതാഗതം എല്ലാംതന്നെ ഉണ്ടായിരുന്നു. ഒന്നിനും ഇത്ര ധൃതഗതി ഉണ്ടായിരുന്നില്ല.ജീവിതത്തിൽ എല്ലാ നേടാൻ യുദ്ധം ചെയ്യാൻ ഇന്നത്തെ സ്ത്രീകൾ പഠിച്ചു.അന്നു നമ്മൾ സഹിച്ചും ക്ഷമിച്ചും ‘ഇതുമാത്രം’ ജീവിതം എന്നു കരുതി മിണ്ടാതെയിരുന്നു.ഇന്ന് മറിച്ച് ചിന്തിക്കുന്ന ഒരു കാലം വന്നു.അപകർഷാബോധം എന്നു പറഞ്ഞു കൂടാ,മറിച്ച് മനസ്സിന്റെ ധൈര്യം.സ്ത്രീ അബലയല്ല,ശാസ്ത്രീയപഠനങ്ങൾ ഏറെ തെളിയിച്ചു കഴിഞ്ഞു,രസ്തന്ത്രത്തിലും,ഹോർമോൺ ഘടനകളിലും മറ്റും പുരുഷനെക്കാൾ  രണ്ടുപടി മുന്നിലാണ് സ്ത്രീയുടെ രൂപകല്പ്പന.എന്നാൽ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ,എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം.സ്ത്രീകൾ പൊതുവേ അങ്ങനെയാണ്.മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല.എന്നാൽ ഈ തത്വങ്ങളെ ക്ഷമയെ മുതലെടുക്കുന്ന ഒരു കാലം ആണിന്ന്. 
ഇന്നത്തെ സ്ത്രീമനസ്സുകൾ .......
രാവിലെ പരാപരാ വെളുക്കുമ്പോൾ തുടങ്ങുന്ന ദിവസം,ഒരു കാപ്പിയുടെയോ ചായയുടെയോ ബലത്തിൽ തകൃതിയാ നടക്കുന്നു. കുട്ടികൾക്കുള്ള ഭക്ഷണം,രാവിലത്തെ  പ്രാതൽ/ ബ്രേക്ഫാസ്റ്റ് കൊടുത്തു എന്നു വരുത്തുന്ന ‘ഒരു കഷണം  റൊട്ടിയും പാലും‘.ഒരു സാൻഡ് വിച്ച് അല്ലെങ്കിൽ ഒരു ചപ്പാത്തിയിൽ  ജാം പുരട്ടി വച്ച് ഉച്ചഭക്ഷണം കുട്ടികൾക്ക്.ഉച്ചെക്ക് ആരും കഴിക്കാനില്ലാത്തതിനാൽ അങ്ങനെ ഒന്നിനുവേണ്ടിയുള്ള തത്രൊപ്പാടുകൾ വേണ്ട.കുട്ടികൾ രാവിലെ6.10ആകുമ്പോൾ സ്കൂൾ ബസ്സിൽ പോയിക്കഴിഞ്ഞാൽ വീടൊന്ന്  ഒതുക്കിപ്പെറുക്കി,ഭർത്താവിനും ഈ റൊട്ടിയും കൂടെ ഒരു മുട്ട ആംപ്ലേറ്റും,ബോണസായി കൊടുത്ത്,രണ്ടു പേരും7.30 നു തന്നെ വീട്ടിൽ നിന്ന്  ഇറങ്ങുന്നു.ഒരു ദിവസം മുഴുവൻ ഉള്ള ജോലിയും,ഫയലുകളും സത്ബുദ്ധിയെ തകർക്കുന്നവയാണ്.ഇതിനിടയിൽ ഓഫ്ഫീസ് പൊളിറ്റിക്സ് ,ബോസിനെയും,ഡിപ്പാർട്ട്ന്റ് തലവനെയും/തലവത്തിയുംടെയും കയ്യും കാലും പിടിച്ചാൽ മാത്രം കിട്ടുന്ന ആനുകൂല്യങ്ങളും,ശമ്പളവർദ്ധനകളും മറ്റും.ആരുടെയെങ്കിലും ദാക്ഷ്യണ്യത്തിൽ,ബർത്ത്ഡെ എന്നോ,പ്രസവം എന്നതിന്റെ പേരിൽ കിട്ടുന്ന എന്തെലിലും ഉച്ചഭക്ഷണം.ഇതിനിടെ ഉച്ചക്ക് 2 മണിയാകുമ്പോ വീട്ടൽ വിളിക്കും അനുവും,ജിനുവും വീട്ടിൽ എത്തിയോ എന്നറിയാൻ !!ഫ്ളാറ്റിലേക്ക് തനിയെ വന്നു കയറുന്ന കുട്ടികളെക്കുറിച്ചോർത്ത് ഒരു സമാധാനവും ഇല്ല,ഈയിടെയായി! ഫ്രിഡ്ജിൽ ഇന്നലെ വാങ്ങിവെച്ചിരിക്കുന്ന മട്ടൻ കറിയും പൊറോട്ടയും ചൂടാക്കി വെക്കാൻ അനുവിനോടു വിളിച്ചു പറഞ്ഞു,കൂടെ ഒരു താക്കീതും,“വഴക്കൊന്നും വേണ്ട,കഴിച്ചു കഴിഞ്ഞ്,ഹോംവർക്ക് ചെയ്തു തുടങ്ങുക,അപ്പോഴേക്കും അമ്മയെത്തും!കേട്ടോ“! ഉച്ചക്കു തീർക്കാനുള്ള ആഴ്ച്ചയിലെ റിപ്പോർട്ട് തയ്യാറാക്കിത്തുടങ്ങി,മൂന്നുംഈ ആഴ്ചയിൽ അവതരിപ്പിക്കേണ്ടതാണ്. മൂന്നു മണിക്ക് കാർഡ് പഞ്ച് ചെയ്ത് ഇറങ്ങി.വീട്ടിൽ ചെന്നിട്ടു വേണം രാത്രി  ഭക്ഷണം,കുട്ടികളുടെ ഹോംവർക്ക്, നാളത്തേക്കുള്ള കുട്ടികളുടെ യൂണിഫോം,റ്റിഫിൻ .ഇതിനിടയിൽ  വൈകിട്ട്  വീട്ടിലേക്കൊന്നു വിളിക്കണം, സുഖമില്ലാതെ ഇരിക്കുന്ന ഡാഡിയോടൊരു കുശലം.വേലക്കാരുടെ ദാക്ഷ്യണ്യത്തിൽ ജീവിക്കുന്ന അപ്പനു കൊടുക്കാനുള്ള എന്റെ വാചകക്കസർത്തു മാത്രമാണ് പരിരക്ഷ,സ്നേഹം,കടപ്പാട്.ബന്ധങ്ങളെല്ലാം ഇന്ന് ഇന്റെര്നെറ്റിന്റെ ദാക്ഷ്യണ്യത്തിൽ ജെന്നി.കോം,ഫയിസ് ബുക്ക്,ഓർക്കുട്ട് എന്നിവക്ക് അടിയറവെച്ചു. ആഹാരം കഴിക്കാനായി ഒരു മേശക്കു ചുറ്റും എത്തുന്ന ഞങ്ങൾ അന്നത്തെ ഒരു ദിവസം പങ്കുവെക്കുന്നു.വീണ്ടും  മറ്റൊരു യാന്ത്രികമായ ദിനം,അലാറത്തിൽ അലറിച്ചയോടു കൂടി തുടങ്ങാൻ !വർഷത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടുവർഷത്തിലൊരിക്കൽ എത്തുന്ന അവധിക്കാലം.ബന്ധങ്ങൾ വീണ്ടും സമയത്തിന്റെയും ഈ അവധിക്കാലത്തിന്റെ സമയപരിധിയിൽ നഷ്ടങ്ങളായി മുറിഞ്ഞു വീഴുന്നു.     
ഇന്നത്തെ അമ്മമാരുടെ മനസ്സുകൾ ............
ജീവിതത്തിന്റെ സകലശക്തിയും മനസ്സും,ഊർജ്ജവും നല്കി വളർത്തി വലുതാക്കുന്ന മക്കൾ!ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങൾ തേടി അവർ മറുനാടുകളിൽ ചേക്കേറുന്നു.വീണ്ടും ഉത്തരവാദിത്വങ്ങൾ തീരാത്ത അപ്പനും അമ്മയും കാത്തിരിപ്പിന്റെയും സംരക്ഷകരുടെയും മേലാടകൾ ഏടുത്തണിയുന്നു മക്കൾക്കായി.പുതിയ ജോലിയുടെയും,ഒറ്റക്ക് ജീവിക്കുന്നതിന്റെയും ‘അഡ്ജെസ്റ്റ്മെന്റു’ കളുടെ ഇടയിൽ എത്തുന്നു നീണ്ട നീണ്ട ഫോൺകോളുകൾ!അവക്കെല്ലാം ആശ്വാസവാക്കുകളും സമാധാനങ്ങളും,സ്വാന്തങ്ങളും,ധൈര്യവും ചേർന്നൊഴുകി.ആഴ്ചകൾ തോറും എത്തുന്ന ഇമെയിലുംകളും ഫോൺകോളുകളും മകന് ജീവിതം വളർച്ചകളുടെ പടവുകൾ കയറുന്നതു കണ്ടു സമാധാനിക്കാൻ തുടങ്ങി.വെസ്റ്റേൺ യൂണിയൻ കൌണ്ടറിലെ തോമസ്സ്, സ്ഥിരമായി ചിരിക്കാൻ  തുടങ്ങി,ആ സർ എത്തിയോ!ആന്റിയില്ലെ ഇന്ന്? ങ്ങാ......അവക്കിന്നു നല്ല് വാതത്തിന്റെ വേദന!മാസങ്ങൾ കടന്നു പോയി.ആദ്യത്തെ അവധിക്കു മകൻ വരുന്നു എന്നു വിവരം എത്തി. കൊച്ചിയിലേക്ക് റ്റാക്സിയിൽ  നേരെത്തെ തന്നെ പുറപ്പെട്ടു.രാവിലെ കോട്ടയത്തെ തിരക്കിൽ  താമസിച്ചു പോയെങ്കിലോ എന്നു കരുതി.ആകാംഷകൾ നിറഞ്ഞ എയർപ്പോര്ട്ടിന്റെ വരാന്തയിൽ നിന്നു ഞങ്ങൾ ! വേഷത്തിലും ഭാവത്തിലും നടത്തയിലും ആകപ്പാടെയുള്ള മകന്റെ  വ്യത്യാസത്തിൽ ഞങ്ങൾ സന്തോഷിച്ചു. പെട്ടിയും ബാഗും നിറയെ സമ്മാനങ്ങളും മറ്റുമായി എത്തിയപ്പോൾ വർഷങ്ങളുടെ കിതപ്പും വിയർപ്പും കഷ്ടപ്പാടുകളും എവിടെയോ മറഞ്ഞു.ദിവസങ്ങൾക്കുള്ളിൽ കല്യാണാലോചനകളുടെ വേലിയേറ്റത്തിൽ നല്ലൊരു കുട്ടിയെത്തെന്നെ തിരഞ്ഞെടുത്തു എന്നു ബോദ്ധ്യപ്പെട്ടപ്പോൾ എടുപിടി എന്നു കല്ല്യാണവും നടത്തി.പ്രതീക്ഷക്ക് വിപരീതമായ മരുമകളുടെ പെരുമാറ്റങ്ങളും അന്യരോടുപോലും ചെയ്യാത്ത സംസാരങ്ങളും നിത്യസംഭവം ആയി.ഒരു വിസിറ്റ് വിസയുടെ ധൈര്യത്തിൽ  മരുമകൾ കടൽ കടന്നു.മകന്റെ സ്നേഹങ്ങളും സ്നേഹ പ്രകടന ഫോൺകൊളുകളും ഏറെക്കുറെ ഇല്ലാതെയായി.തോമസിന്റെ  വെസ്റ്റേണ് യൂണിയന്റെ ഓഫ്ഫീസ്,ബസ്സ് യാത്രകൾക്കിടയിലെ വെറും ഒരു ബോർഡ് മാത്രം ആയി മാറി, തോമസിന്റെ ചിരിയും കുശലവും കുറഞ്ഞു.പോസ്റ്റാഫീസിലെ പെന്ഷൻ  കൌണ്ടറുകൾ വീണ്ടും പരിചിതമായി. പ്രതീക്ഷകളുടെ കണ്ണുനീരിൽ വാതത്തിന്റെ ശക്തിലും വേദനയും ഒലിച്ചിറങ്ങി.ഇതും സ്ത്രീ തന്നെ!!!!
ഇല്ലാതാവുന്ന പദം..,സ്ത്രീ
ഏതുകാലത്തും ഏതു കാലഘട്ടത്തിലും, സംയമനവും ക്ഷമയും മാത്രം കൈമുതലായ ജീവിതങ്ങൾ.കണ്ണുനീരിൽ ചാലിച്ച്, പ്രാർത്ഥനയാലും സ്നേഹത്തിലും മാത്രം നിറക്കുന്ന ബന്ധങ്ങളും എന്നും നിലനിർത്തിപ്പോന്നു. സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടിയുള്ള വേർപെടുത്തലുകളിൽപ്പോലും സ്നേഹം മാത്രമാണ്. സ്വാര്ത്ഥയിൽ ചാലിച്ച പെരുമാറ്റങ്ങളിൽപ്പോലും സ്വന്തം മനസ്സിന്റെ വിഭാന്തിയിൽ നിന്നുടലെടുത്ത നീക്കങ്ങൾ മാത്രം.എവിടെയും അബല എന്നു മുദ്രകുത്തപ്പെടുമ്പോഴും ക്ഷമയോടെ സഹിക്കണം എന്നു പണ്ട് പറഞ്ഞു പഠിപ്പിച്ച സ്വന്തം അച്ഛനമ്മമാർ. ജീവിതം മുഴുവൻ ക്ഷമിച്ചു സഹിച്ചും  ജീവിച്ചിട്ടും,മറ്റുള്ളവരുടെ ജീവിതത്തിനു ചവിട്ടുപടിയാവുമ്പോഴും നന്ദിയും കടപ്പാടും പ്രതീക്ഷിക്കാവാത്ത നിസ്സഹായത.ഇതാണ് സ്ത്രീ എന്ന പദത്തിനെന്തര്ത്ഥവും,ചോദ്യത്തിനുത്തരവും!