കേരളത്തിന് ലഭിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം ; സുരേഷ് ഗോപിക്ക് പിന്തുണയുമായി കെസി വേണുഗോപാല്‍ എംപി

Sep 26, 2025 - 13:28
 0  104
കേരളത്തിന് ലഭിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം ; സുരേഷ് ഗോപിക്ക് പിന്തുണയുമായി  കെസി വേണുഗോപാല്‍ എംപി

കണ്ണൂര്‍: കേരളത്തിന് ലഭിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. സുരേഷ് ഗോപിയുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നാണ് ആലപ്പുഴ എംപി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാട്. കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം എന്ന കേന്ദ്ര മന്ത്രിയുടെ നിലപാടിന് ബിജെപിയില്‍ നിന്നുള്‍പ്പെടെ മതിയായ പിന്തുണ ലഭിക്കാതിരിക്കെയാണ് കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കുന്നത്.

എയിംസ് ആലപ്പുഴയില്‍ എന്നത് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനമായി കാണുന്നു. ഏറെക്കാലമായി എയിംസിന് വേണ്ടി കരഞ്ഞു കാത്തിരിക്കുകയാണ് സംസ്ഥാനം. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇതുപോലൊരു വിവേചനം നേരിട്ടിട്ടില്ല. ആലപ്പുഴയില്‍ സ്വകാര്യമേഖലയില്‍ പോലും പ്രധാന ആശുപത്രികളില്ലാത്ത ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയില്‍ എയിംസ് എന്ന ആവശ്യവുമായി സുരേഷ് ഗോപി മുന്നോട്ട് വന്നാല്‍ എല്ലാ പിന്തുണയും നല്‍കും. സര്‍ക്കാര്‍ വിചാരിച്ചാല്‍ സ്ഥലം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പ്രതികരിച്ചു.