അങ്ങനെ ആ ഓണവും കടന്നുപോയി

അച്ചായൻ
അങ്ങനെ ആ ഓണവും കടന്നുപോയി. അത്തം മുതൽ പത്തുദിവസമാണ് കേരളത്തിലെ ഓണമെങ്കിൽ ഓഗസ്റ്റ് മുതൽ 10 ആഴ്ചയോളമാണ് അമേരിക്കയിലെ ഓണം. തമാശിനായിട്ടാണെങ്കിലും പലരും പറയാറുണ്ട് അമേരിക്കയിൽ ഓണം ക്രിസ്‌മസിന്റെ തലേ ദിവസം വരെ ആണെന്ന്. കോവിഡ് കഴിഞ്ഞുള്ള ഓണമായതിനാൽ എല്ലാ ഓണത്തിനും താരതമ്യേന ആളുകളുടെ പാർട്ടിസിപ്പേഷൻ നന്നായുണ്ടായിരുന്നു. ചിലരൊക്കെ എൻട്രൻസ് ഫീ വാങ്ങി ഓണം നടത്തിയപ്പോൾ മറ്റുചിലർ ഫ്രീ ആയി ഓണം നടത്തി. വേറെ ചിലരാകട്ടെ ഗൃഹാതുരത്വം തോന്നിപ്പിക്കാൻ പൊട് ലക്ക് ആയി ഓണം നടത്തി. ഇനിയും ചിലർ ഫുഡ് ഉണ്ടാക്കിക്കൊണ്ടു വരുകയും എൻട്രൻസ് ഫീ കൊടുക്കുകയും ചെയ്യണം എന്ന കണ്ടിഷനിൽ ഓണം ആഘോഷിച്ചു. പതിവുപോലെ ചിലരെല്ലാം നായ നടുക്കടലിൽ പോയാലും നക്കിയേ കുടിക്കൂ എന്ന് പഴമക്കാർ പറഞ്ഞത്പോലെ എല്ലാത്തിനെയും വിമർശിച്ച് ഓണം ആഘോഷിച്ചു. മലയാളിയുടെ തനി കൊണം പുറത്തു കാണിക്കണമല്ലോ. സംഘാടകർ പലരും സ്‌പോൺസർഷിപ് വാങ്ങി മുക്കിയെന്നും പരാതിയില്ലാതില്ല. ഇനിയും ചിലരാണെങ്കിൽ ഇതെല്ലാം സൗജന്യമായി കൊടുത്തു സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണമെന്നുള്ള അഭിപ്രായക്കാരാണ്. പണ്ടേ ഓസിൽ അടിക്കാൻ ഒരു സുഖമുണ്ടല്ലോ.
ഇനി ഓണത്തിന്റെ വേഷ വിധനങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ ഇതൊരു ഫാഷൻ പരേഡ് തന്നെ. പണ്ടൊക്കെ ഒരു മുണ്ടും ഷർട്ടും ഉണ്ടെങ്കിൽ എല്ലാമായിരുന്നു. അത് കഴിഞ്ഞപ്പോൾ മുണ്ടും ജുബ്ബയും ആയി. സ്ത്രീ ജനങ്ങളാണെങ്കിൽ സാരിയായിരുന്നു, അത് മാറി പോച്ചയായി, ഹാഫ് സാരിയായി ഇപ്പോൾ എന്തോ ഒട്ടിക്കുന്ന സാരിയും കിട്ടാനുണ്ടത്രേ. അടിയിൽ പാന്റ്സും അതിനു മുകളിൽ സാരിയും. ഓണത്തിന് വേണ്ടി പ്രത്യേക ചുരിദാർ വരെ ഉണ്ടത്രേ. പുരുഷന്മാരുടെ മുണ്ടിനും കളർ മാറ്റം സംഭവിച്ചു, കറപ്പും പച്ചയും, കാവിയും ചുവപ്പും അങ്ങനെ അങ്ങനെ. അത് അധികം നാൾ ക്ലച്ചു പിടിച്ചില്ല. പ്രിന്റഡ് ഷർട്ടും മുണ്ടും പ്രചാരത്തിലായി. വിലയുടെ ആധിക്യം കൊണ്ടോ ലഭ്യത കുറവുകൊണ്ടോ അത് അധികം പ്രചാരം നേടിയില്ല. അപ്പോഴാണ് പ്രമുഖ നടൻ ഷിർട്ടിന് മാച്ച് ചെയ്യുന്ന കരയുള്ള മുണ്ടുമായി മാർക്കറ്റിൽ എത്തിയത്. അത് നല്ല പ്രചാരം നേടി. ഇനി അടുത്ത ഓണത്തിന് എന്താകുമോ പുതിയ ട്രെൻഡ് എന്ന് നോക്ക് അമേരിക്കൻ മലയാളി കാത്തിരിക്കുന്നു; അടുത്ത ഓണത്തിനായി.