പാക്കിസ്ഥാനിൽ സ്ത്രീയ്ക്കും മൂന്ന് കുട്ടികൾക്കും നേരെ വളർത്തു സിംഹത്തിന്റെ ആക്രമണം; ഉടമകൾ അറസ്റ്റിൽ

Jul 7, 2025 - 14:25
 0  4
പാക്കിസ്ഥാനിൽ  സ്ത്രീയ്ക്കും  മൂന്ന് കുട്ടികൾക്കും  നേരെ വളർത്തു സിംഹത്തിന്റെ  ആക്രമണം; ഉടമകൾ അറസ്റ്റിൽ

ലാഹോർ: പാകിസ്ഥാനിൽ വളർത്തു സിംഹം സ്ത്രീയെയും മൂന്ന് കുഞ്ഞുങ്ങളെയും ആക്രമിച്ച സംഭവത്തിൽ സിംഹത്തിന്റെ ഉടമകളെ അറസ്റ്റ് ചെയ്തു പോലീസ്.

 കിഴക്കൻ നഗരമായ ലാഹോറിൽ നിന്നുള്ള ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഈ സംഭവത്തിന്റെ ഭീകരത വെളിവാക്കുന്നു. കോൺക്രീറ്റ് മതിൽ ചാടിക്കടന്നെത്തിയ സിംഹം സ്ത്രീയെ പിന്തുടർന്ന് വീഴ്ത്തുന്നതും, പരിഭ്രാന്തരായ ആളുകൾ ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സിംഹത്തിന്റെ ആക്രമണത്തിൽ അഞ്ചും ഏഴും വയസ്സുള്ള കുട്ടികൾക്കും ഒപ്പം  സ്ത്രീക്കും കൈകളിലും മുഖത്തും പരിക്കേറ്റു. എന്നാൽ, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ വന്യമൃഗത്തെ വളർത്തുകയും, സിംഹം രക്ഷപ്പെടാൻ കാരണമായ അശ്രദ്ധ കാണിക്കുകയും ചെയ്തുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഉടമകളെ അറസ്റ്റ് ചെയ്തത്. പിന്നീട് സിംഹത്തെ പിടികൂടി വന്യജീവി പാർക്കിലേക്ക് മാറ്റി.

പാകിസ്ഥാനിൽ ഇത്തരത്തിൽ കടുവകളെയും സിംഹങ്ങളെയും വളർത്തുമൃഗങ്ങളാക്കുന്നത്  സാമൂഹിക നിലയുടെ അടയാളമായാണ് പലരും കാണുന്നത്. കൂടാതെ രാജ്യത്ത് സിംഹങ്ങൾ, ചീറ്റകൾ, കടുവകൾ, പൂമകൾ, ജാഗ്വറുകൾ എന്നിവയെ രജിസ്റ്റർ ചെയ്ത് ഒരു മൃഗത്തിന് 50,000 രൂപ (ഏകദേശം $176) ഒറ്റത്തവണ ഫീസ് നൽകിയാൽ നിയമപരമായി സൂക്ഷിക്കാൻ അനുവാദമുണ്ട്.

എങ്കിലും, ഇത്തരം മൃഗങ്ങളെ നഗരപരിധിക്ക് പുറത്താണ് പാർപ്പിക്കേണ്ടത് എന്ന നിയമമുണ്ട്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോർ സ്ഥിതി ചെയ്യുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്. ഇവിടെ നിയമം ലംഘിച്ചാണ് സിംഹത്തെ വളർത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണത്തിനിരയായ കുട്ടികളുടെ പിതാവ് സിംഹത്തിന്റെ ഉടമകൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ബുധനാഴ്ച നടന്ന ആക്രമണത്തിനിടെ, തന്റെ കുടുംബത്തെ സിംഹം ആക്രമിക്കുന്നത് ഉടമകൾ നോക്കി നിന്നുവെന്നും, അതിനെ തടയാൻ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വീഡിയോയിൽ, സ്ത്രീ എഴുന്നേറ്റ് കാഴ്ചക്കാരിൽ നിന്ന് സഹായം തേടി പിന്നോട്ട് ഓടുന്നതും, അവരിൽ ചിലർ പരിഭ്രാന്തരായി ഓടുന്നതും കാണാം.