എന്റെ മതം: കവിത , ജോൺ വറുഗീസ്

എന്റെ മതം:  കവിത , ജോൺ വറുഗീസ്

സത്യമായും ഞാൻ നിങ്ങളോട് പറയുന്നു
മതം എനിക്ക്
മാമ്മോദീസ മുക്കിയ
കളിത്തൊട്ടിലിലെ
പ്രളയജലം
കുന്തിരിക്കം പുകച്ചു
പുറത്തിരുത്തിയ
പ്രണയത്തലേന്ന്
പുളിച്ചുപോയ വീഞ്ഞ്
കല്യാണരാവിൽ
തീർന്നുപോയ കൽഭരണി
അച്ഛനുമമ്മയും
അന്തിയുറങ്ങുന്ന മാർബിൾ കുടീരത്തിൽ
പച്ചകുത്തിയ പേര്
വിളിക്കാതെ പോയ
മരണവിരുന്നിൽ വിളമ്പിയ
പായസത്തിലെ വിഷപ്പാമ്പ്
ഏതായാലും നന്നാവി-
ല്ലെന്നുറച്ച മനുഷ്യന്റെ
ഭ്രാന്തു പേറുന്ന ചങ്ങല
വെന്ത കർപ്പൂരത്തിന്റ
കാവിമണം
എന്റേതല്ലെന്ന് മൂന്നുവട്ടം
കോഴി കൂവും മുൻപ്
തള്ളിപറഞ്ഞ കൊള്ളിവാക്ക്.

പെയിന്റിംഗ്.. സുനിൽ ലിനസ്ഡീ.