ഗുഡ് ഡേ ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി; ബ്രിട്ടാനിയയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ

ഗുഡ് ഡേയുടെ ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ കേസിൽ ബ്രിട്ടാനിയയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ. മുംബൈയിലെ ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. മുംബൈ മീര റോഡ് നിവാസിയായ സ്ത്രീ ചർച്ച്ഗേറ്റ് സ്റ്റേഷനിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് ബ്രിട്ടാനിയയുടെ ഗുഡ് ഡേ ബിസ്ക്കറ്റിന്റെ ഒരു പായ്ക്കറ്റ് വാങ്ങി കഴിച്ചു. കുറച്ച് ബിസ്‌ക്കറ്റുകൾ കഴിച്ച ശേഷം അവർ ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴുവിനെ കാണുകയായിരുന്നു. തുടർന്ന് ശർദ്ദിച്ച് അവശയായ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന്, മുംബൈ മുനിസിപ്പൽ ഫുഡ് ലബോറട്ടറിയെ സമീപിച്ച് ബിസ്ക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കി. 2019 ഓഗസ്റ്റിൽ അവര്‍ക്ക് ലഭിച്ച റിപ്പോർട്ടിൽ ബിസ്ക്കറ്റിൽ ബാഹ്യവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അവർ ബ്രിട്ടാനിയ കമ്പനിക്ക് നിയമപരമായ നോട്ടീസ് നൽകി. എന്നാൽ നഷ്ടപരിഹാരം ലഭിച്ചില്ല. തുടർന്ന് അവർ കമ്മീഷനെ സമീപിച്ചു.
മലിനമായ ബിസ്‌ക്കറ്റിന്റെ വിൽപ്പന ഉപഭോക്തൃ വിശ്വാസത്തിന്റെയും ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കി
അതേസമയം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഈ പരാതി നിഷേധിച്ചിരുന്നു. ബിസ്ക്കറ്റ് വിറ്റ കെമിസ്റ്റ് ഷോപ്പ് ഉടമയായ അശോക് എം ഷായും പരാതി നിഷേധിച്ചു. തുടർന്ന് ബിഎംസിയിൽ നിന്നുള്ള ഭക്ഷ്യ വിശകലന വിദഗ്ദ്ധ റിപ്പോർട്ട് പ്രകാരം പരാതിയിൽ പറഞ്ഞ കാര്യങ്ങൾ കമ്മീഷൻ സ്ഥിരീകരിച്ചു. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
ബിസ്‌ക്കറ്റ് പാക്കറ്റ് വിറ്റ മുംബൈ ചർച്ച്‌ഗേറ്റിലെ കെമിസ്റ്റ് ഷോപ്പും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ചേർന്ന് ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ട്, ശാരീരിക അസ്വസ്ഥത എന്നിവയ്ക്ക് നഷ്ടപരിഹാരവും ഒപ്പം 25,000 രൂപ കോടതി ചെലവും സംയുക്തമായി നൽകാനാണ് സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.