മുൻവിധി; അനുഭവ കഥ , ആനി കോരുത്

എയർ പോർട്ടിലെ ശീതീകരിച്ച ഹാളിൽ ഇരിക്കുകയാണ് ഹസ്ബന്റും ഞാനും. ഇടയ്ക്കിടെ ഓരോ ഫ്ലയിറ്റിന്റെ അറിയിപ്പുകൾ കേൾക്കാം.. ഞാൻ വാച്ചിൽ നോക്കി. ഞങ്ങളുടെ ഫ്ലയിറ്റിന് ഇനിയും ഏതാണ്ട് രണ്ടു മണിക്കൂർ സമയം കൂടി ഉണ്ട്. ഒന്നു മയങ്ങിയാലോ. ഞാൻ മെല്ലെ കണ്ണടച്ചു.
ആരോ വിളിക്കുന്നതുപോലെ..
"മാം , ഓർമ്മയുണ്ടോ...ഈ മുഖം?"
ഞാൻ വേഗം കണ്ണു തുറന്നു.
എന്റെ മുന്നിൽ താടിയൊക്കെ നല്ലതുപോലെ ട്രീം ചെയ്തൊതുക്കി ഏതാണ്ട് പത്തിരുപത്തിയേഴു വയസ്സു തോന്നിക്കുന്ന സുന്ദരനായ ഒരു യുവാവ് ചിരിച്ചു കൊണ്ടു നില്ക്കുന്നു. പെട്ടെന്നെനിക്ക് ആളെ പിടികിട്ടിയില്ല.
ഒരു നിമിഷം ഒന്നു കുഴങ്ങിപ്പോയി, എന്തു പറയണമെന്നറിയാതെ...എന്റെ ഭാവപ്പകർച്ച കണ്ടാവാം അവൻ വേഗം സ്വയം പരിചയപ്പെടുത്തി.
"മാം ഓർക്കുന്നില്ലേ ? മരിയൻ സ്കൂളിൽ നിന്നു വിട്ട ശ്യാമിനെ..?
"ഓ! ശ്യാം മോനിപ്പം എവിടെയാണ്?"
"മാം, ഞാൻ അവിടെ നിന്നു പോയിട്ട് നാട്ടിലുള്ള സ്കൂളിലാണ് ചേർന്നത്. അവിടുത്തെ കണക്കു സാറും ഫിസിക്സ് സാറും എന്റെ ജീവിതം ആകെ മാറ്റിയെടുത്തു. എന്താണ് കണക്ക്, ഫിസിക്സ് എന്നൊക്കെ അവർ മനസ്സിലാക്കി തന്നു. ഞാനിപ്പോൾ
ആസ്ട്രോ
ഫിസിക്സിൽ 'യംഗ് സൈന്റിസ്റ്റ് അവാർഡ്'
വാങ്ങാൻ ടോക്കിയോയ്ക്ക് പോകുകയാണ്. വന്നിട്ട് മാമിനെ കോൺടാക്റ്റ് ചെയ്യാം. " അവൻ ധൃതിയിൽ കൈവീശി കാണിച്ചിട്ട് മുമ്പിലുള്ള ക്യൂവിൽ അലിഞ്ഞുചേർന്നു.
ഒരു നിമിഷം എന്റെ മനസ്സിലൂടെ ഒത്തിരി കാര്യങ്ങൾ കടന്നുപോയി. ഞാൻ മരിയൻ സ്കൂളിൽ എട്ടാം ക്ലാസ് റ്റീച്ചറാണ്. മലയാളമാണ് പഠിപ്പിക്കുന്നത്. കഥകളും ഉപകഥകളും മറ്റും പറഞ്ഞ് ക്ലാസ് ലൈവിലി ആക്കാൻ ശ്രമിക്കാറുണ്ട്. സ്ക്കൂൾ ക്യാംപസിൽ കയറിയാൽ ഇംഗ്ലീഷു മാത്രമേ സംസാരിക്കാവൂ എന്ന നിയമത്തിൽ നിന്നു ഒരു മോചനമാണ് കുട്ടികൾക്ക് മലയാളം ക്ലാസ് എന്ന് എനിക്കു തോന്നാറുണ്ട്. എന്റെ ക്ലാസ്സിലെ വികൃതികളിൽ ഒരാളായിരുന്നു ശ്യാം.
മലയാളമൊഴികെ മറ്റു വിഷയങ്ങൾക്കെല്ലാം അറ്റപ്പറ്റം മാർക്കേ അവനു ജയിക്കാൻ കിട്ടൂ.. അതിൽത്തന്നെ കണക്കിന് പ്രോഗ്രസ് കാർഡിൽ എന്നും ചുമന്ന വരയാണ്.
അങ്ങനെയിരിക്കവെയാണ് കണക്കിന് നോർത്ത് ഇന്ത്യയിൽ നിന്ന് ഒരു റ്റീച്ചർ വന്നത്. അവരുടെ ഭർത്താവിന് ഇവിടേയ്ക്ക് സ്ഥലമാറ്റം കിട്ടിയതാണത്രേ... എന്തോ അവരുടെ ഇംഗ്ലീഷ്
പ്രൊനൗൺസേഷനൊന്നും നമ്മുടെ ശ്യാമിന് മനസ്സിലായിരുന്നില്ല. കണക്കു ക്ലാസ് വിരസമായിത്തീർന്ന ശ്യാം ആ പീരീഡിൽ മാക്സിമം കുരുത്തക്കേടുകൾ കാണിച്ചു. റ്റീച്ചർക്ക് അത് ക്ഷമിക്കാനേ കഴിഞ്ഞില്ല. എന്നും ശ്യാമിനെക്കുറിച്ച് പരാതി പ്രിൻസിപ്പാളിന്റെ മുന്നിലെത്തി. കണക്കു റ്റീച്ചറിന്റെ സുഹൃത്തായ ഫിസിക്സ് റ്റീച്ചറും ശ്യാമിനെപ്പറ്റി പരാതി എഴുന്നെള്ളിക്കുന്നതിൽ ഒട്ടും മോശമായിരുന്നില്ല. ഒറ്റയ്ക്ക് ശ്യാമിനെ കാണുമ്പോൾ താൻ പലപ്പോഴും ഉപദേശിച്ചു. കണക്കും ഫിസിക്സുമൊക്കെ കൂടുതൽ സമയമെടുത്തു പഠിക്കാൻ. എന്നാൽ അവന്റെ മട്ടൊന്നു വേറെയായിരുന്നു.
"മാം ആ കുട്ടിപ്പിശാചുകൾക്ക് എന്നെ തീരെ കണ്ടു കൂടാ. ഞാൻ എന്തു പറഞ്ഞാലും ചോദിച്ചാലും അവർക്ക് ദേഷ്യം വരും. പിന്നെ എന്തു ചെയ്യാനാ " ശരിയാണ് അവന്റെ ചോദ്യങ്ങൾ വെറും മണ്ടൻ ചോദ്യമാണെന്നു പറഞ്ഞു കൂടാ. പക്ഷേ ആ റ്റീച്ചേഴ്സ് അത് അവരെ പരിഹസിക്കാനുള്ള ചോദ്യമായിട്ടാണ് കണക്കാക്കുന്നത്. അവരെ തിരുത്താനൊന്നും സാധിക്കുകയില്ല.
. ക്ലാസ്സിലെ പ്രശ്നക്കാരനായ ശ്യാമിനെ സ്ക്കൂളിൽ നിന്നു പറ്റഞ്ഞുവിടാൻ പ്രിൻസിപ്പാളിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതിൽ അവർ വിജയിച്ചു. തന്റെ വിഷമം കണ്ടിട്ടാവാം പ്രിൻസിപ്പാൾ പറഞ്ഞു, " ഈ സിലബസ്സ് അവനു പാടാണ്. കുറച്ചു കൂടി ലയിറ്റർ സിലബസ്സിലേക്ക് മാറുന്നതായിരിക്കും അവന് നല്ലത് " പിന്നെ താൻ ഒന്നും പറഞ്ഞില്ല. പ്രശ്നക്കാരൻ എന്നു മുദ്രകുത്തിയാൽ എന്നും അവൻ എല്ലാവരുടെയും കണ്ണിൽ പ്രശ്നക്കാരൻ തന്നെ. പാവം സ്നേഹമുള്ള കുട്ടി. വീട്ടുകാരെ വരുത്തി റ്റി.സി. കൊടുത്തപ്പോൾ കരയാതിരിക്കുവാൻ അവൻ പാടുപെട്ടു. ഇടക്കൊക്കെ അവന്റെ ഫോൺ കോൾ വരുമായിരുന്നു പിന്നീട് ക്രമേണ അതും നിന്നു.. തനിക്കും തിരക്കായിരുന്നു. റിട്ടയർമെന്റ് കഴിഞ്ഞപ്പോൾ കൊച്ചുമക്കളെ വളർത്തലായി ഇപ്പോഴും അത്തരമൊരു യാത്രയിലാണു ശ്യാമിനെ കണ്ടത്.
ഇപ്പോഴാണ് തനിക്കു ഒരു കാര്യം ബോദ്ധ്യമാകുന്നത്. തന്റെ മുമ്പിൽ ഇരിക്കുന്ന ഓരോ കുട്ടിയേയും അദ്ധ്യാപകൻ മനസ്സിലാക്കണം. മുൻവിധിയോടു കൂടി ഒരിക്കലും അവരെ സമീപിക്കരുതെന്ന്..