സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശം; അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി

സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി നൽകിയത്. വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സംവിധായകര്‍ക്കുമെതിരെയായിരുന്നു അടൂര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്. ഇത് The SC/ST (Prevention of Atrocities)Atcന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ദിനു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമാ കോണ്‍ക്ലേവിന്റെ സമാപനവേദിയിലാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് വേദിയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും വൈകാതെ അടൂര്‍ പ്രസംഗം തുടരുകയായിരുന്നു. കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അടൂര്‍ ആരോപിച്ചത്.