നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികൾക്കും 20 വർഷം തടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളെന്ന് കോടതി കണ്ടെത്തിയ എല്ലാവർക്കും 20 വർഷം കഠിന തടവ്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് 20 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചത്.
ബലാൽത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. നേരത്തെ കേസിലെ ആറ് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, പ്രതികളുടെ പ്രായം കണക്കാക്കിയാണ് 20 വർഷത്തെ കഠിന തടവ് കോടതി വിധിച്ചത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി ഏഴ് വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്.
ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആയിരുന്നു ആറു പ്രതികൾക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്.