ഞാനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്‌നം?; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിൽ അബിൻ വർക്കി

കോഴിക്കോട്: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്നെ പരിഗണിക്കാത്തത് ക്രിസ്ത്യാനി ആയതുകൊണ്ടാണോ എന്ന് അറിയില്ലെന്ന് അബിൻ വർക്കി. തന്നെ അങ്ങനെ കാണുന്നുണ്ടോ എന്നും അറിയില്ല. അക്കാര്യം പറയേണ്ടത് നേതൃത്വമാണെന്നും അബിൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു.
ഏത് പോസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും സമരമുഖത്ത് ഉണ്ടാകും. അമിതമായി ആഹ്ലാദിക്കുകയോ വിഷമിക്കുകയോ ചെയ്യില്ല. സംസ്ഥാന നേതൃത്വവുമായി സഹകരിച്ച് മുന്നോട്ട് പോകും. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. രാഹുൽ ഗാന്ധിയോട് കടപ്പാടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകൾ നേടാൻ ആയി.
പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്തു. ജയിലിൽ പോകാൻ പറഞ്ഞപ്പോൾ പോയി.
ഇതും വായിക്കുക: യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ ഐ ഗ്രൂപ്പിന് അതൃപ്തി
തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർത്ഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം. അബിൻ വർക്കി പറഞ്ഞു